ഫിഫ 2026 ലോകകപ്പില്‍ ആതിഥേയരായ അമേരിക്ക നോക്കൗട്ടില്‍. ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയാണ് അമേരിക്കന്‍ സംഘം റൗണ്ട് ഓഫ് 32 ഉറപ്പാക്കിയത്. കഴിഞ്ഞദിവസം ഗ്രൂപ്പ് എയില്‍ രണ്ട് ജയത്തോടെ മറ്റൊരു ആതിഥേയരായ മെക്സിക്കോയും റൗണ്ട് ഓഫ് 32ല്‍ ഇടം നേടിയിരുന്നു. നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ രണ്ടു ടീമുകള്‍ എന്ന നേട്ടം രണ്ട് ആതിഥേയരും സ്വന്തമാക്കി. മൂന്നാമത്തെ ആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കാനഡയും നോക്കൗട്ട് ഉറപ്പിക്കാനാണ് സാധ്യത.
ഈ കളി പോരാ
ലോകകപ്പ് ലെവലില്‍ ഉള്ള കാല്‍പ്പന്ത് കളിയല്ലായിരുന്നു അമേരിക്കയുടേത്. എങ്കിലും ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ 2-0ന് ഓസ്ട്രേലിയയെ കീഴടക്കാന്‍ യുഎസ്എയ്ക്കു സാധിച്ചു. 11-ാം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ഗസിന്റെ സെല്‍ഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി. 21കാരനായ റൈറ്റ് ബാക്ക് അലക്സ് ഫ്രീമാന്‍ 43-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ യുഎസ് ജയമുറപ്പിച്ചു. റിഫ്ളക്റ്റ് ചെയ്ത് എത്തിയ പന്തില്‍ ഹെഡറിലൂടെയായിരുന്നു ഫ്രീമാന്റെ ഗോള്‍ നേട്ടം. ലോകകപ്പില്‍ അമേരിക്കയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന നേട്ടവും ഫ്രീമാനു സ്വന്തം. 2014ല്‍ 19കാരനായ ജൂലിയന്‍ ഗ്രീന്‍ ഗോള്‍ നേടിയതാണ് ഇക്കാര്യത്തിലെ റിക്കാര്‍ഡ്.
രണ്ടാം പകുതി
ആദ്യപകുതിയില്‍ പിറന്ന രണ്ടു ഗോളിനപ്പുറം വല കുലുങ്ങിയില്ല. മാത്രമല്ല, രണ്ടാം പകുതിയില്‍ ഇരുടീമും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ മത്സരം അരോചകമായി. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയ രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഫൗളിന്റെ കുത്തൊഴുക്കാണ് നടത്തിയത്.
യുഎസിന്റെ ഡിഫെന്‍സും അത്ര മികച്ചതായിരുന്നില്ല. റൗണ്ട് ഓഫ് 32ല്‍ എത്തിയെങ്കിലും മൗറീഷ്യോ പോച്ചെറ്റീനോ പരിശീലിപ്പിക്കുന്ന അമേരിക്ക കുറെയേറെ മുന്നോട്ടു പോകാനുണ്ട്. ഗ്യാപ്പുകളില്‍ മാറി പന്ത് റിസീവ് ചെയ്യുന്നതില്‍ യുഎസ് ടീം പരാജയപ്പെട്ടു. ആതിഥേയര്‍ ഒരു ഗുഡ് ഫുട്ബോളാണ് കളിച്ചതെന്നു പറയാന്‍ സാധിക്കില്ല. ടീം ഇനിയും മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് മാറേണ്ടിയിരിക്കുന്നു.
ഗ്രൂപ്പ് ജേതാവ്
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ അമേരിക്ക ഇതിനു മുമ്പ് ഗ്രൂപ്പ് ചാമ്പ്യന്മാരായത് 1930, 2010 എഡിഷനുകളില്‍. ഇത്തവണയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സാധ്യത സജീവമാക്കിയിരിക്കുകയാണ് അമേരിക്ക. ആറ് പോയിന്റുള്ള അമേരിക്കയ്ക്ക്, അടുത്ത മത്സരത്തില്‍ തുര്‍ക്കിയുമായി സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. മൂന്നു പോയിന്റ് വീതമുള്ള പരാഗ്വെയും ഓസ്ട്രേലിയയും തമ്മിലാണ് നേരിട്ട് റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാനുള്ള പോരാട്ടം. ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32ൽ ഇടംപിടിക്കുക. മികച്ച എട്ട് മൂന്നു സ്ഥാനക്കാർക്കും 32ലേക്കു ടിക്കറ്റു ലഭിക്കും.
Tags : FIFA World Cup Football USA knockout stages