തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.
കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു പി. നാരായണക്കുറുപ്പ്. 1980 കളിൽ മലയാള കവിതയിൽ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തനം നടത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം.
അമൃതകീർത്തി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് (കവിതയ്ക്കും നിരൂപണത്തിനും) സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, ജന്മാഷ്ടമി പുരസ്കാരം, ഉള്ളൂർ അവാർഡ്, എം.കെ.കെ.നായർ അവാർഡ്, വള്ളത്തോൾ സാഹിത്യസമിതി പുരസ്കാരം, സഞ്ജയൻ പുരസ്കാരം, ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള പുരസ്കാരം, ഷാർജ മലയാളി പുരസ്കാരം, എസ്. ഗുപ്തൻനായർ സ്മാരക അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി.
കേന്ദ്ര സാംസ്കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിനും അർഹനായിട്ടുണ്ട്. അസ്ത്രമാല്യം, കുറുംകവിതയും നെടുംകവിതയും, അപൂർണതയുടെ സൗന്ദര്യം, നാറാണത്തുകവിത, ഭൂപാളം, നിശാഗന്ധി, ഹംസധ്വനി, കിംപ്യൂട്ടർ, അമ്മത്തോറ്റം, സാമം സംഘർഷം, ശ്യാമസുന്ദരം (ഖണ്ഡകാവ്യം), വാക്കിലെ ശകുന്തള, കപോതപുഷ്പം, ഞാൻ എന്ന രണ്ട്, കേൾക്കാത്ത ഗാനം, ദശപുഷ്പം (തിരഞ്ഞെടുത്ത കവിതകൾ), ചൂതയ്യന്റെ ദുരന്തപുരാണം തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.