പ്രതീകാത്മക ചിത്രം
കൊച്ചി: കാപ്ച പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ്.
വിവിധ വെബ്സൈറ്റുകളില്‍ ക്ലിക്ക് ഫിക്സ് എന്നപേരില്‍ വ്യാജ കാപ്ച സൃഷ്ടിച്ചാണു തട്ടിപ്പ്. വ്യാജ കാപ്ചകളിലൂടെ ആളുകളെ ആകര്‍ഷിച്ച ശേഷം അവരുടെ സിസ്റ്റം ഹാക്ക് ചെയ്താണു തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍, അവയില്‍ ജെനുവിന് കാപ്ച വെരിഫിക്കേഷന് ഉണ്ടായിരിക്കും. എന്നാല്‍ സൈബര്‍ കുറ്റവാളികള്‍ കാപ്ച പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം, ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കാനായി മറ്റൊരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കും.
വ്യാജ കാപ്ച കെണിയില്‍ കുടുങ്ങുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് പാസ്വേഡ്, ഇ മെയില്‍ അക്കൗണ്ടുകള്‍, ബ്രൗസറില്‍ സേവ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡ് എന്നിവ കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് സൈബര്‍ കുറ്റവാളികള്‍ ഈ അക്കൗണ്ടുകള്‍ ലോക്ക് ചെയ്യുകയും അവ അണ്‍ലോക്ക് ചെയ്യുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യും.
കരുതിയിരിക്കണം
അംഗീകൃതമായ ഒരു വെബ്സൈറ്റും കാപ്ച പരിശോധനയുടെ ഭാഗമായി ഉപയോക്താവിനോട് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനോ സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ആവശ്യപ്പെടില്ല. തട്ടിപ്പിനിരയായാല്‍ വൈ ഫൈ അല്ലെങ്കില്‍ ലാന് കണക്ഷന് വിച്ഛേദിച്ച് ഉപകരണം ഇന്റര്‍നെറ്റില്‍നിന്ന് വേര്‍പ്പെടുത്തുക.
സംശയാസ്പദമായ ഫയലുകള്‍ പരിശോധിക്കുന്നതിനായി അവ മറ്റ് കംപ്യൂട്ടറുകളിലേക്കോ മൊബൈല്‍ ഫോണുകളിലേക്കോ കൈമാറരുത്. ഇത്തരത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍തന്നെ ബാധിക്കപ്പെട്ട ഉപകരണം സുരക്ഷിതമാക്കുന്നതിന് അടുത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുക.
ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടണം.
Tags : CyberFraud FakeCAPTCHA Police Alert Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash