പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് തയാറാക്കി.
കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലകളിൽനിന്നു പ്രതിമാസ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ സംയോജിപ്പിച്ചാണു ഡാഷ്ബോർഡ് തയാറാക്കുന്നത്.
സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണം, ബാലനീതി നിയമം, പോക്സോ കേസുകൾ, കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, കേസുകളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലൂടെ ഏകോപിപ്പിച്ചു വിശകലനം ചെയ്യാനാകും.
ഇതുവരെ വിവിധ ജില്ലകളിൽനിന്നുള്ള വിവരങ്ങൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമല്ലാത്തതിനാൽ സംസ്ഥാനതല അവലോകനത്തിനും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു.
പുതിയ ഡാഷ്ബോർഡ് ഈ പരിമിതി പരിഹരിച്ച് ബാലസംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം തത്സമയം വിലയിരുത്തുന്നതിനും ജില്ലകളിൽനിന്നുള്ള വിവരങ്ങൾ ഏകീകൃത രൂപത്തിൽ ലഭ്യമാക്കുന്നതിനും സഹായകമാകും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും റിപ്പോർട്ടുകളും വിശകലനങ്ങളും എളുപ്പത്തിൽ തയാറാക്കുന്നതിനും ഇത് ഉപകരിക്കും.
ഡാഷ്ബോർഡ് വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 2025-26 വാർഷിക റിപ്പോർട്ട് കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ മന്ത്രി ബിന്ദു കൃഷ്ണയ്ക്കു കൈമാറി.
‘ബാലാവകാശ കോൺക്ലേവ് റിപ്പോർട്ടും ശിപാർശകളും’, ‘ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, സംരക്ഷണം-ശിപാർശകൾ’ എന്നീ പ്രസിദ്ധീകരണങ്ങളും മന്ത്രി പ്രകാശനം ചെയ്തു.
കമ്മീഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, ഡോ. എഫ്. വിൽസൺ, ടി. സി. ജലജമോൾ, കെ.കെ. ഷാജു, രജിസ്ട്രാർ ടി. പി. കോമളവല്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Dashboard ChildProtectionSystems Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash