ന്യൂഡൽഹി: ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ നിർമാണവും വിതരണവും വിപണനവും കേന്ദ്രസർക്കാർ നിരോധിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് രൂപീകരിച്ച വിദഗ്ധസമിതി നടത്തിയ പരിശോധനയിൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കണ്ടെത്തിയതോടെയാണു നടപടി.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷൻ 26എ പ്രകാരം പുറപ്പെടുവിച്ച ഈ നിരോധനപ്പട്ടികയിൽ വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പേശിവലിവ് തടയുന്ന മരുന്നുകൾ, ചർമസംരക്ഷണത്തിനുള്ള ചില പ്രത്യേക ക്രീമുകൾ എന്നിവയുൾപ്പെടുന്നു.
അസിറ്റൈൽ സാലിസിലിക് ആസിഡും എത്തോഹെപ്റ്റാസിനും ചേർന്ന കോമ്പിനേഷൻ, പാരസെറ്റാമോളും ഡിസൈക്ലോമിനും ചേർന്ന ചില മരുന്നുകൾ, അമോക്സിസിൻ, സെഫാഡ്രോക്സിൽ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ ഉൾപ്പെടെ അലോവേരയും വൈറ്റമിൻ ഇയും ചേർന്ന ചില ചർമസംരക്ഷണ ഉത്പന്നങ്ങളും നിരോധിച്ചവയിൽ പ്രധാനപ്പെട്ടവയാണ്.
രണ്ടോ അതിലധികമോ സജീവ ഔഷധഘടകങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ ചേർത്ത് ഒരൊറ്റ മരുന്നായി (ഗുളികയോ സിറപ്പോ) നിർമിക്കുന്നതിനെയാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ അഥവാ കൂട്ടുമരുന്നുകൾ എന്നു വിളിക്കുന്നത്. ഒരേസമയം ഒന്നിലധികം ഗുളികകൾ കഴിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത്തരം കൂട്ടുമരുന്നുകൾ ഉപയോഗിക്കുന്നത്.
Tags : 16 fixed-dose combination drugs Ban Central Government