കൊച്ചി: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ഈ മണ്ഡലകാലം മുതല്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍, പമ്പ, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളെ പ്രത്യേക കേന്ദ്രങ്ങളായി തിരിച്ചു നിശ്ചിതയെണ്ണം ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടുന്നതാണ് പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി ഇന്നലെ കൊച്ചിയില്‍ പോലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്നുള്ള പരിശീലനപരിപാടി നടന്നു. മുന്‍കൂട്ടി തിരക്കു പ്രവചിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്ന അത്യാധുനിക സംവിധാനമാണു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുക.
മൂന്നു കമ്പനികളാണ് എഐ അധിഷ്ഠിത സംവിധാനത്തിന്റെ പ്രൊപ്പോസല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അവതരിപ്പിച്ചത്. കുംഭമേളയ്ക്ക് സുരക്ഷ- തിരക്ക് സംവിധാനം നിയന്ത്രിച്ച കമ്പനിയടക്കമുണ്ടായിരുന്നു. പ്രൊപ്പോസല്‍ അംഗീകരിച്ചശേഷമാകും ടെന്‍ഡര്‍ നടപടി. ഓഗസ്റ്റ് പത്തോടെ ടെന്‍ഡര്‍നടപടികള്‍ പൂര്‍ത്തിയാക്കും.
ഹൈ റസല്യൂഷന്‍ കാമറകള്‍, ഐആര്‍ സെന്‍സറുകള്‍, ഡ്രോണുകള്‍ എന്നിവ സംയോജിപ്പിച്ച് ശബരിമലയുടെ സമ്പൂര്‍ണ ജിപിഎസ് മാപ്പിംഗ് തയാറാക്കും. ഇതിലൂടെ രൂപപ്പെടുന്ന ഹീറ്റ് മാപ്പുകള്‍ വിശകലനം ചെയ്തു തിരക്ക് അനുഭവപ്പെടുന്നത് എവിടെയൊക്കെയെന്ന് എഐ മുന്‍കൂട്ടി കണ്ടെത്തും.
പ്രധാന സവിശേഷതകള്‍
തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിന് എത്ര സമയം കാത്തുനില്‍ക്കേണ്ടി വരുമെന്ന കൃത്യമായ വിവരം ഡിജിറ്റല്‍ സ്ക്രീനുകള്‍ വഴിയും മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും തത്സമയം ലഭ്യമാക്കും.
തിരക്ക് വര്‍ധിക്കുന്നതിനുമുമ്പ് അതു നിയന്ത്രിക്കാന്‍ പോലീസുകാരുടെ വാട്സാപ്പിലേക്കും എസ്എംഎസ് വഴിയും എഐ സിസ്റ്റം നേരിട്ടു നിര്‍ദേശം നല്‍കും.
Tags : AI system Sabarimala control violence