Editorial Audio
കർഷകർക്കെതിരേ എന്തുമാകാം. ആരും ചോദിക്കില്ലല്ലോ. അവർ നാടിന്റെ അന്നദാതാക്കളാണെന്നും നട്ടെല്ലാണെന്നുമൊക്കെയുള്ളത് പ്രസംഗവിഷയം മാത്രമാണെന്ന് ഏറ്റവുംനന്നായി തിരിച്ചറിയുന്നതും കർഷകരാണ്. അവർ കടക്കെണിയിലായാലും കിടപ്പാടംപോലും നഷ്ടപ്പെട്ടാലും സഹായത്തിനെത്താൻ സർക്കാർ സംവിധാനങ്ങളൊന്നും ഉണ്ടാവുകയുമില്ല. എന്നാലും അവർ കൃഷിചെയ്തുകൊണ്ടേയിരിക്കുമെന്നും നാടിനെ തീറ്റിപ്പോറ്റുമെന്നും സർക്കാരിന് ഉറപ്പാണ്. യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന രാസവളം, കുമിൾനാശിനി വിലവർധനയാണ് ഇതെഴുതാൻ കാരണം. ഉത്പാദനച്ചെലവുപോലും കിട്ടാതെ ഉത്പന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്നവരാണല്ലോ കർഷകർ.
മാസങ്ങളുടെ വ്യത്യാസത്തിൽ വളങ്ങൾക്കുണ്ടായ വിലക്കയറ്റം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ചാക്കിന് 1425 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന്റെ വില 2350 രൂപയായി കുതിച്ചുയർന്നു. 1500 രൂപയുടെ പൊട്ടാഷിന് 2300 രൂപ നൽകണം. കുമിൾനാശിനിയായ തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽനിന്ന് 540 രൂപയിലെത്തിനിൽക്കുന്നു. നിലവിൽ സബ്സിഡിയുള്ളതിനാൽ യൂറിയയ്ക്കു മാത്രമാണ് വിലവർധനവ് ബാധിക്കാത്തത്. എന്നാൽ, കേരളത്തിന് അനുവദിക്കേണ്ട രാസവളത്തിന്റെ അളവ് കേന്ദ്രസർക്കാർ നേർപകുതിയായി വെട്ടിക്കുറച്ചതോടെ വിലക്കയറ്റത്തിനൊപ്പം രൂക്ഷമായ വളം ക്ഷാമവും കർഷകരെ വലയ്ക്കുകയാണ്.
വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉത്പാദനത്തെ ബാധിക്കുമെന്നിരിക്കേ, നിലവിലെ സാഹചര്യം സംസ്ഥാനത്തെ കാർഷികമേഖലയിൽ വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. കാലവർഷക്കെടുതികളും വന്യജീവിശല്യവും കാരണം പ്രതിസന്ധിയുടെ നടുക്കടലിൽ നിൽക്കുന്ന കേരളത്തിലെ കർഷകർക്ക് ഈ വിലവർധനവ് താങ്ങാനാകുന്നതിലും അപ്പുറമാണ്. കൃഷിഭൂമിയുടെ വ്യാപ്തി കണക്കാക്കി സബ്സിഡി നിയന്ത്രിക്കുമെന്ന കേന്ദ്രനിലപാട് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.
സ്വന്തമായി യൂറിയ പ്ലാന്റ് എന്ന കേരളത്തിന്റെ ദീർഘകാല സ്വപ്നത്തിനു കേന്ദ്രാനുമതി വൈകുന്നതും സ്ഥിതിഗതികൾ വഷളാക്കുന്നു. പൊതുമേഖലയിൽ രാജ്യത്തെ വൻ രാസവളം നിർമാണശാലയായ ‘ഫാക്ടി’ന്റെ യൂറിയ പ്ലാന്റ് നിർമാണപദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഈ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാൽപോലും പ്ലാന്റ് പ്രവർത്തനസജ്ജമാകാൻ ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും വേണ്ടിവരും. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ സജീവമായി ഇടപെടേണ്ടതുണ്ട്. നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് പശ്ചിമേഷ്യൻ സംഘർഷവും കപ്പൽപാതകളിലെ ഗതാഗതതടസുമാണ്.
ലോകത്ത് കടൽമാർഗമുള്ള രാസവളം വ്യാപാരത്തിന്റെ മൂന്നിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ രാസവളം നിർമാണശാലകളുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. സ്വന്തം രാജ്യത്തെ കാർഷിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനായി ചൈന ഉൾപ്പടെയുള്ള പ്രധാന രാജ്യങ്ങൾ രാസവളം കയറ്റുമതി നിയന്ത്രിച്ചതും അന്താരാഷ്ട്രതലത്തിൽ വളത്തിന്റെ ലഭ്യത വീണ്ടും കുറച്ചു. പശ്ചിമേഷ്യൻ സംഘർഷം മൂലം മേഖലയിൽനിന്നുള്ള പ്രകൃതിവാതക ലഭ്യത കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദകരായ ഖത്തർ എനർജി ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. സൾഫർ ഉത്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ കപ്പൽപാതകളിലെ ഗതാഗതതടസവും ഇന്ധന-രാസവള ക്ഷാമവും കാലാവസ്ഥാ വ്യതിയാനവും ഒന്നുചേരുന്നതോടെ ലോകം വൻ ഭക്ഷ്യപ്രതിസന്ധിയിലേക്കു നീങ്ങുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ സംഘർഷവും ഇനിയും നീണ്ടുപോയാൽ അതു ലോകക്രമത്തെയും മനുഷ്യജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നതിൽ സംശയമില്ല. സ്വാർഥതാത്പര്യങ്ങളും ഏകാധിപത്യ മനഃസ്ഥിതിയും വെടിഞ്ഞു സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഇനിയെങ്കിലും ലോകനേതാക്കൾ ശ്രമിച്ചില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടിവരും.
എന്നാൽ അന്താരാഷ്ട്ര പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കപ്പൽക്കൂലി വർധനവും യാഥാർഥ്യമാണെങ്കിലും അതിന്റെ പ്രഹരം മുഴുവൻ കർഷകന്റെ തലയിലേക്കു തള്ളിയിടുന്നത് ഭരണകൂടത്തിന്റെ നയവൈകല്യമാണ്. യൂറിയ ഒഴികെയുള്ള രാസവളങ്ങളുടെ വിലനിർണയാവകാശം കമ്പനികൾക്ക് വിട്ടുനൽകിയതും ബജറ്റുകളിൽ രാസവളം സബ്സിഡി തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നതുമാണ് ഈ അനിയന്ത്രിതമായ വിപണി കൊള്ളയ്ക്കു പ്രധാന കാരണം. 2017 മുതൽ വളം സബ്സിഡി കർഷകർക്ക് നേരിട്ടുനൽകാതെ രാസവളം കമ്പനികൾക്കാണ് നൽകിവരുന്നത്.
പ്രസംഗങ്ങളിലും പരസ്യങ്ങളിലും മാത്രം കർഷകസ്നേഹം പ്രകടിപ്പിച്ചാൽ പോരാ. രാസവളങ്ങളുടെയും കീടനാശിനികളുടെയും വെട്ടിക്കുറച്ച സബ്സിഡികൾ അടിയന്തരമായി പുനഃസ്ഥാപിക്കാനും വിപണിയിൽ ഇടപെട്ടു കർശനമായ വിലനിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി തയാറാകണം. പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങാതെ, ആശ്വാസനടപടികൾ കർഷകന്റെ കൈകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.
Tags : DEEPIKA EDITORIAL CHEMICAL FERTILIZER