കലാനിലയം കുഴൂർ സുധാകരമാരാർ
മാള: വാദ്യകലാരംഗത്ത് ആറു പതിറ്റാണ്ടിലേറെ സജീവസാന്നിധ്യമായിരുന്ന കലാനിലയം കുഴൂർ സുധാകര മാരാർ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്നുരാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.
1956 മേയിൽ വിയ്യൂർ കല്ലാറ്റ് ശങ്കരക്കുറുപ്പിന്റേയും കുഴൂർ നെടുംപറമ്പത്ത് മാരാത്ത് സൗദാമിനി അമ്മയുടെയും മകനായി ജനിച്ച സുധാകരമാരാർ അഞ്ചാംവയസിൽ കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പാണികൊട്ടിയാണ് വാദ്യരംഗത്തേക്ക് ചുവടുവെച്ചത്. 17-ാം വയസ്സിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ ചേർന്ന് കഥകളിചെണ്ട അഭ്യസിച്ചു. തുടർന്ന് ക്ഷേത്രാചാര കലകളിലും അവഗാഹം നേടി.
കുഴൂർ ത്രയങ്ങളോടൊപ്പം പഞ്ചവാദ്യത്തിൽ തിമില വിദ്വാനായി ശ്രദ്ധേയനായി. തിമിലയ്ക്കു പുറമെ വിവിധ ക്ഷേത്രാനുഷ്ഠാന കലാരൂപങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാരായ്മ പാരമ്പര്യ അവകാശിയായിരുന്നു. കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യപ്രതിഭ പുരസ്കാരം, പരമേശ്വരസ്മൃതി പരമേശ്വരീയം പുരസ്കാരം, അഖില കേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ പുരസ്കാരം, തങ്കുളം ശ്രീ മഹാദേവക്ഷേത്രത്തിന്റെ വാദ്യകലാനിധി പുരസ്കാരവും സ്വർണപ്പതക്കവും, പാമ്പുമേക്കാട്ട് മനയുടെ സുവർണഹാരം, തത്വസോപാനം വാദ്യകലാകേന്ദ്രം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭാര്യ: പ്രസന്ന (പാലക്കാട് കോട്ടായി ചേന്നത്ത് മാരാത്ത്). മക്കൾ: ശിവപ്രഭ, ശിവപ്രസാദ്. മരുമകൻ: രഘുലാൽ.
Tags : Kalanilayam KuzhurSudhakaraMarar PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash