Editorial Audio
ഡൽഹിയിൽ തകർന്ന ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ ഇനിയും വിദ്യാർഥികളുണ്ടാകാം, മൃതദേഹങ്ങളുണ്ടാകാം. എത്രയോ കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് എന്നെന്നേക്കുമായി ഇല്ലാതായത്. ചട്ടങ്ങൾ പാലിക്കാതെ നിർമിച്ചതുകൊണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും തുറന്നത്.
ഉദ്യോഗസ്ഥരറിയാതെ ഒന്നും നടക്കില്ല. വിദ്യാർഥികളെ കൊന്നത് ആ കെട്ടിടമല്ല, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളാണ്. ദുരന്തങ്ങൾക്കു ക്ഷണക്കത്തയച്ചു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കെട്ടിടങ്ങൾ ഇനിയുമുണ്ട് കേരളത്തിലുൾപ്പെടെ. ലോക്സഭ-നിയമസഭ-പഞ്ചായത്ത് മന്ദിരങ്ങളും മന്ത്രിമന്ദിരങ്ങളുമാണെങ്കിൽ അടിക്കടി അറ്റകുറ്റപ്പണിയും മോടികൂട്ടലും നടക്കും.
പുറത്ത് മനുഷ്യർ തീപ്പെട്ടിക്കൂടുകൾ പോലുള്ള അനധികൃത നിർമിതികളിൽ അട്ടിയിടപ്പെട്ടിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾ വിചാരിച്ചാൽ 24 മണിക്കൂറിനകം കണ്ടെത്തി നടപടിയെടുക്കാവുന്നതേയുള്ളൂ. സർക്കാരിന്റെ ഒരു ഉത്തരവ് മതി. പക്ഷേ, ജനങ്ങളോടു പ്രതിബദ്ധതയും ഇച്ഛാശക്തിയും വേണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് ആര്‍കെ പുരത്ത് ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസ് പരിസരത്ത് ആൺകുട്ടികൾക്കായുള്ള സ്വകാര്യ ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചത്. ഏഴു മൃതദേഹങ്ങൾ പുറത്തെടുത്തു. 11 പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് കെട്ടിടത്തിൽ 40 പേർ ഉണ്ടായിരുന്നെന്നാണ് നിഗമനം. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഒരു നില പണിയാൻ മാത്രം അനുമതിയുള്ളിടത്തായിരുന്നു അഞ്ചുനിലക്കെട്ടിടം പണിതുയർത്തിയത്; സർക്കാരിന്റെ കൺമുന്നിൽ. അനധികൃതമായി നിർമാണം നടത്തിയതും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതും ചൂണ്ടിക്കാട്ടി ഉടമയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതിനൊക്കെ കണ്ണടച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരേ കേസില്ല. ഇനിയും കെട്ടിടങ്ങൾ വീഴും. ഇടുങ്ങിയ വഴികളിലേക്ക് അഗ്നിരക്ഷാസേന വാഹനങ്ങൾക്കോ മണ്ണുമാന്തി യന്ത്രങ്ങൾക്കോ പോലും എത്താൻ ഏറെ പണിപ്പെടണം.
ബേസ്മെന്റിൽ വെള്ളം കെട്ടിനിന്ന് അടിത്തറയ്ക്കു ബലക്ഷയം സംഭവിച്ചതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് അപകടകാരണം. കെട്ടിടത്തിൽ മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഉണ്ടായിരുന്നില്ലെന്നും ചുമരുകളിൽ വിള്ളലുകൾ ഉണ്ടായിരുന്നുവെന്നും മുമ്പ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥികൾ ആരോപിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പൂട്ടിച്ച കെട്ടിടമാണ് അനുമതിയില്ലാതെ കഴിഞ്ഞവർഷം വീണ്ടും തുറന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നാം പ്രതി കെട്ടിടം ഉടമയാണോ അതോ കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് ശാസ്ത്രീയമായി അറിവുണ്ടായിട്ടും അതനുസരിച്ചു പ്രവർത്തിക്കാത്ത അഴിമതിക്കാരും അലസരുമായ ഉദ്യോഗസ്ഥരാണോ?
മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു നേരിട്ടെത്തി. നല്ലത്; പക്ഷേ ഈ ദുരന്തത്തിന് ഉത്തരവാദികളായ മുനിസിപ്പൽ അധികൃതർക്കെതിരേ സസ്പെൻഷനപ്പുറം നടപടിയെടുക്കുമോ എന്നതാണ് ചോദ്യം. കൈക്കൂലിക്കാരെ അഴിയെണ്ണിക്കുമോ? മരണക്കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പക്ഷേ, കെട്ടിടങ്ങൾ വീണും പുത്തൻ നിർമിതികൾ നിലംപൊത്തിയും ദേശീയപാതകൾ പിളർന്നും ആളുകൾ കൊല്ലപ്പെടുന്നത് ഈ രാജ്യത്ത് വാർത്തയല്ലാതായെന്ന് അദ്ദേഹം തിരിച്ചറിയണം. സർവകലാശാലകളിൽ കൃത്യമായ ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കു താമസിക്കേണ്ടിവന്നതെന്നും, ഓരോ വിദ്യാര്‍ഥിയുടെയും ജീവന് വിലപ്പെട്ടതാണെന്നും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
എത്രയോ വർഷം ഡൽഹി വാണ കോൺഗ്രസ് ഇപ്പോഴാണോ ഇതൊക്കെ തിരിച്ചറിഞ്ഞത്? മുനിസിപ്പൽ കോർപറേഷന്റെ അഴിമതിയും അനധികൃത നിർമാണങ്ങളുമാണ് ഇടയ്ക്കിടെയുള്ള കെട്ടിട തകർച്ചകൾക്കു കാരണമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇന്നലെവരെ ഡൽഹി ഭരിച്ചുകൊണ്ടിരുന്നവരാണ് പൊള്ളത്തരങ്ങൾ പറയുന്നത്!
ചേരി തിരിഞ്ഞുള്ള രാഷ്ട്രീയ തർക്കങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. ഭരിക്കുന്പോൾ ന്യായം, പ്രതിപക്ഷത്താകുന്പോൾ വിചാരണ. ഈ നാടകം അറിയാവുന്ന ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുന്നു. ഒരു സംസ്ഥാനത്തും മാറ്റമില്ല. കാലഹരണപ്പെട്ട കെട്ടിടങ്ങൾ തകർന്നുവീണും, അപകടസാധ്യതയുണ്ടെന്ന് ഉറപ്പായിട്ടും നന്നാക്കാത്ത നിർമിതികളിൽ തട്ടിയും, വഴിയിലെ മരണക്കുഴികളിൽ വീണും കേരളത്തിലും എത്രയോ മനുഷ്യർ മരിച്ചു. ആരുമില്ല ഉത്തരവാദി.
ഒരു പഞ്ചായത്തംഗം വിചാരിച്ചാൽപോലും ഒഴിവാക്കാവുന്ന മരണക്കെണികൾ ഇനിയുമുണ്ട്. അതിലെ താമസക്കാരുടെ വിധി സർക്കാരിന്റെ കൈയിലാണ്. പക്ഷേ, അനുശോചനത്തിൽ ഒതുങ്ങിപ്പോയ രാഷ്ട്രീയം രാജ്യത്തെ പരാജയപ്പെടുത്തുന്നു.