അറസ്റ്റിലായ നേഹാ ഝാ
പാറ്റ്ന: ബിഹാറിൽ ഫസ്റ്റ് എസി കോച്ചിൽ ടിക്കറ്റില്ലാതെ വിദേശമദ്യം കടത്തിയ യുവതിയും ബന്ധുവും സമസ്തിപൂരിൽ അറസ്റ്റിൽ. ദില്ലിയിൽ നിന്ന് ബിഹാറിലേക്ക് വരികയായിരുന്ന നേഹാ ഝാ (25), ബന്ധു ഈശാൻ കുമാർ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് സമസ്തിപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പൊലിസ് ഫസ്റ്റ് എസി കൂപ്പെയുടെ വാതിൽ തട്ടുകയായിരുന്നു. യാതൊരു പരിഭ്രമവുമില്ലാതെ ഇംഗ്ലീഷിലാണ് നേഹ സംസാരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1.5 ലക്ഷത്തോളം രൂപ വിലവരുന്ന 75 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. ഡിസംബറിൽ വീട്ടിൽ നടക്കാനിക്കുന്ന വിവാഹാവശ്യത്തിന് ഹരിയാനയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് ഇവർ നൽകിയ മൊഴി.
ബിഹാറിലെ മദ്യനിരോധനം നിലനിൽക്കെയാണ് ടിക്കറ്റില്ലാതെ ഇവർ ആഡംബര കോച്ചിൽ മദ്യം കടത്തിയത്. പ്രതികളുടെ കുടുംബത്തിന് മുൻപും മദ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. നേഹയുടെ പിതാവ് സഞ്ജയ് ജായും സഹോദരി നിഷു ജായും സമാന കേസുകളിൽ അറസ്റ്റിലായിട്ടുള്ളവരാണ്.
ദർഭംഗയിലെ പ്രമുഖ ഡോക്ടർമാർക്കും വ്യവസായികൾക്കും ഉയർന്ന വിലയുള്ള വിദേശമദ്യം എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണിയാണ് യുവതിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികളുടെ മൊബൈൽ ഫോൺ രേഖകളും കോൾ ഡാറ്റയും കേന്ദ്രീകരിച്ച് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Woman Travel Ticket