ടി.എ. അഫ്സൽ എസ്ഐ, അനൂപ് എസ്ഐ, കെ.എ. ഷമീർ എസ്സിപിഒ
കൊച്ചി: വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷകരായി എളമക്കര പൊലിസ്. മലപ്പുറം മണ്ണഞ്ചേരി സ്വദേശിയായ 28 കാരന്റെ ജീവനാണ് തിരിച്ചു പിടിച്ചത്.
തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് എളമക്കര പൊലിസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തുള്ള ബ്രോ കഫേ എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ മുറിയിൽ താമസിക്കുന്ന 28 കാരൻ ആത്മഹത്യ ചെയ്യകയാണെന്ന് യുവാവിന്റെ സഹോദരൻ മലപ്പുറത്തുനിന്ന് വിളിച്ചു അറിയിക്കുകയായിരുന്നു.
ഈ സമയം സ്റ്റേഷൻ ജീപ്പിൽ പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐമാരായ അനൂപ് ,അഫ്സൽ , സീനിയർ സിപിഒ ഷമീർ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്നു.ഈ സമയം യുവാവ് അവിടെ വിഷം കഴിച്ച് ബോധമില്ലാതെ അപകടനിലയിൽ കിടക്കുകയായിരുന്നു. പൊലീസ് സംഘം വേഗത്തിൽ മുകൾ നിലയിൽ നിന്നും യുവാവിനെ താഴെ എത്തിച്ച് വാഹനത്തിൽ കയറ്റി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് യുവാവിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും വൈകിട്ടോടുകൂടി അപകടനില തരണം ചെയ്തതിനാൽ യുവാവിന്റെ വീട്ടുകാർ ആശുപത്രിയിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു
യുവാവ് സ്വിഗ്ഗി ഡെലിവറി ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു . സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് നിഗമനം. യുവാവിന്റെ ഫാമിലി ഗ്രൂപ്പിൽ ഇട്ട വാട്സ് ആപ്പ് മെസേജ് കണ്ട സഹോദരനാണ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത് . കൃത്യസമയത്തെ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് എളമക്കര പൊലിസ്,