ആമസോൺ വെയർഹൗസുകളിൽ പരിശോധന നടത്തുന്ന അധികൃതർ
ബംഗളൂരു: കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ആമസോൺ വെയർഹൗസുകളിൽ നിന്നും അനുബന്ധ വിതരണ കേന്ദ്രങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. രണ്ട് പ്രധാന ഗോഡൗണുകളിൽ നിന്നായി ആറ് കോടി രൂപയുടെ ഉത്പന്നങ്ങളാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
ദേവനഹള്ളിയിലെ ആമസോൺ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ മാത്രം രണ്ട് കോടിയിലധികം രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് കണ്ടെത്തിയത്. കൃത്യമായ ലേബലിംഗ് ഇല്ലാത്തതും എക്സ്പയറി കഴിഞ്ഞതുമായ ഉത്പന്നങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതിനുപുറമേ, ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുടെ മരുന്നുകളും തീയതി രേഖപ്പെടുത്താത്ത 14 ലക്ഷം രൂപയുടെ മറ്റ് ഉത്പന്നങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.
മഡിവാളയിലെ ഗോഡൗണിൽ നടന്ന പരിശോധനയിൽ നാല് കോടിയുടെ നിയമവിരുദ്ധ ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകളും ഉൾപെടുന്നു.
ആമസോണിന്റെ അനുബന്ധ സ്ഥാപനങ്ങളായ ലിയോ 7, സപ്ത ബാസാർ ഇൻസ്മാർട്ട് എന്നിവടങ്ങളിലും വ്യാപക പരിശോധന നടന്നു. ഇതിൽ ലിയോ 7ൽ നിന്ന് മാത്രം ഒന്നര കോടി രൂപയുടെ പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ മുട്ട, പനീർ, കശുവണ്ടി, ബിസ്കറ്റ് തുടങ്ങിയവയും ഇതിൽ ഉൾപെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഗുരുതര വീഴ്ചകളിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
Tags : Deepika BreakingNews Amazon Warehouse Raid