പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിന് എൻഡിപിഎസ് നിയമപ്രകാരമുള്ള 449 പ്രത്യേക കോടതികൾ അടിയന്തരമായി സ്ഥാപിക്കാൻ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം.
നിലവിൽ 176 എൻഡിപിഎസ് കോടതികൾ മാത്രമാണു പ്രവർത്തിക്കുന്നതെന്ന കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിർദേശം.
രാജ്യത്ത് ലഹരിക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആറ് ആഴ്ചയ്ക്കു ള്ളിൽ ആവശ്യമായ കോടതി സമുച്ചയങ്ങളും ജീവനക്കാരെയും സജ്ജമാക്കി 449 പ്രത്യേക കോടതികളും പ്രവർത്തനക്ഷമമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എൻഡിപിഎസ്, യുഎപിഎ, എൻഐഎ തുടങ്ങിയ പ്രത്യേക നിയമങ്ങൾക്കു കീഴിലുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായാണു നടപടി.
രാജ്യത്തു നിലവിൽ 22 എൻഐഎ കോടതികൾ നിലവിലുണ്ടെന്ന് കേസ് പരിഗണിക്കവേ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയെ അറിയിച്ചു. കർണാടക, കേരളം, തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവ വേണ്ടത്ര പ്രവർത്തനക്ഷമമല്ലെന്നു കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
കേരളത്തിൽ 22 കേസുകൾക്കായി രണ്ട് എൻഐഎ കോടതികൾ അനുവദിച്ചിട്ടുണ്ടെന്നും അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കാൻ സമയം വേണമെന്ന് സംസ്ഥാനം അഭ്യർഥിച്ചെങ്കിലും യാതൊരു താമസവും കൂടാതെ അടിയന്തരമായി നടപടികൾ പൂർത്തിയാക്കാൻ ചീഫ് ജസ്റ്റീസ് നിർദേശിച്ചു.
Tags : DrugCases SupremeCourt Urgent Directive SpecialCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash