പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്മൃതി വന്ദനം 2026’ നാളെ നടക്കും.
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിക്കും.
2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം ചെയ്ത 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ഈ കാലയളവിൽ അവയവം സ്വീകരിച്ച് പുതുജീവിതത്തിലേക്ക് കടന്നവരും പരിപാടിയുടെ ഭാഗമാകും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിവിധ പുരസ്കാര വിതരണവും ഈ മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കലും ചടങ്ങിൽ നടക്കും.
മസ്തിഷ്കമരണ നിർണയം മുതൽ അവയവമാറ്റ ശസ്ത്രക്രിയ വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചവരെയും വേദിയിൽ ആദരിക്കും. കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനവും പുതിയ ടോൾഫ്രീ നമ്പറിന്റെ ലോഞ്ചിംഗും ഇതോടൊപ്പം നിർവഹിക്കും.
അവയവദാതാക്കളുടെ കുടുംബാംഗങ്ങളും അവയവ സ്വീകർത്താക്കളും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവയ്ക്കും. മരണാനന്തര അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർക്കായി പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കും.
Tags : Government Respect Families OrganDonors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash