റീൽ ചിത്രീകരിക്കാനായി ഡാമിലേക്ക് ചാടുന്ന പുഷ്പേന്ദ്ര
ലക്നോ: റീൽ ചിത്രീകരിക്കാനായി ഡാമിലേക്ക് ചാടിയ യുവാവിന് പരിക്ക്. ഉത്തർപ്രദേശിലെ ജാൻസിയിലുള്ള പഹൂജ് ഡാമിൽ 30 അടിയോളം ഉയരത്തിൽ നിന്ന് പാറക്കെട്ടിലേക്ക് ചാടിയ പുഷ്പേന്ദ്രയ്ക്ക് (38) ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ യുവാവിന്റെ രണ്ട് കാലുകൾക്കും ഒടിവുണ്ടായി.
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി അപകടകരമായ റീൽ ചിത്രീകരിക്കാനാണ് പുഷ്പേന്ദ്ര സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ എത്തിയത്. വ്യൂവിഗ് പോയിന്റിന്റെ കൈവരികൾ കടന്ന് ഡാമിലേക്ക് ചാടുകയായിരുന്നു. എന്നാൽ ജലനിരപ്പ് കുറവായതിനാൽ ആഴമുള്ള വെള്ളത്തിന് പകരം പാറക്കെട്ടുകളിലേക്കാണ് ഇയാൾ വീണത്.
കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറാൻ കഴിഞ്ഞില്ല. മുങ്ങി മരിക്കുമെന്നായപ്പോൾ കൈകൾ മാത്രം ഉപയോഗിച്ച് പൊങ്ങിക്കിടക്കാൻ ശ്രമിച്ച ഇയാളെ കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പൊലിസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Man Jump Dam Reel