ബന്ധൻ എക്സ്പ്രസ് ട്രെയിൻ.
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇന്റർ-ഗവൺമെന്റൽ റെയിൽവേ മീറ്റിംഗിന്റെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാർഷികയോഗത്തിൽ അന്തിമ ചർച്ചകൾ നടത്താനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ.
ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായാൽ വൈകാതെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും.
ബംഗ്ലാദേശ് ധാക്കയിലെ ഉഭയകക്ഷി യോഗത്തിൽ ഇരുരാജ്യങ്ങളുടെയും റെയിൽവേ അധികൃതരും മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും. അതിർത്തി കടന്നുള്ള ട്രെയിൻ സർവീസുകൾ, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ചരക്കു ഗതാഗതം എന്നിവയാണു പ്രധാന ചർച്ചാവിഷയങ്ങൾ. 2024-ൽ സർവീസുകൾ നിർത്തിവച്ചതിനുശേഷം ഇതാദ്യമായാണ് ഈ വിഷയം ഔദ്യോഗികമായി വാർഷിക യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നത്.
കൊൽക്കത്തയിൽനിന്നു ധാക്കയിലേക്കു സർവീസ് നടത്തുന്ന മൈത്രി എക്സ്പ്രസ്, കൊൽക്കത്തയെയും ഖുൽനയെയും ബന്ധിപ്പിക്കുന്ന ബന്ധൻ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽനിന്നു ധാക്ക കന്റോൺമെന്റിലേക്കു സർവീസ് നടത്തുന്ന മിതാലി എക്സ്പ്രസ് എന്നീ പ്രധാന സർവീസുകളാണു നിലവിൽ പുനരാരംഭിക്കാൻ പദ്ധതിയിടുന്നത്. 2024-ൽ ബംഗ്ലാദേശിൽ ഉണ്ടായ രാഷ്ട്രീയ അസ്വസ്ഥതകളെ തുടർന്നാണു സർവീസുകൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായത്.
നിലവിലെ സർവീസുകൾ പുനരാരംഭിക്കുന്നതിനു പുറമെ ബംഗ്ലാദേശ് നഗരമായ രാജ്ഷാഹിയിൽനിന്ന് കൊൽക്കത്തയിലേക്കു പുതിയൊരു പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനും ബംഗ്ലാദേശ് യോഗത്തിൽ നിർദേശം വയ്ക്കും. കൂടാതെ മൈത്രി എക്സ്പ്രസിന്റെ നിലവിലെ റൂട്ട് മാറ്റി പദ്മ പാലം വഴി തിരിച്ചുവിടാനും അവർ നിർദേശിച്ചേക്കും.
ചരക്കു ഗതാഗതത്തോടൊപ്പം ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന റെയിൽവികസന പദ്ധതികളും ചർച്ചയാകുന്നുണ്ട്. ബംഗ്ലാദേശ് റെയിൽവേയുടെ നവീകരണത്തിനായി ഇന്ത്യ നിർമിക്കുന്ന 200 ബ്രോഡ്ഗേജ് കോച്ചുകളിൽ ആദ്യത്തെ 19 എൽഎച്ച്ബി കോച്ചുകൾ പഞ്ചാബിലെ കപുർത്തല ഫാക്ടറിയിൽനിന്നു പുറത്തിറക്കിയിട്ടുണ്ട്. 915 കോടി രൂപയുടെ ഈ പദ്ധതി അടുത്തവർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Tags : NationalNews India Bangladesh RailwayServices IGRM