Editorial Audio
ഗവർണർക്കു മുൻകൈയുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച പൂർണ വന്ദേമാതരത്തെ ആദരിച്ചും സർക്കാരിനു മുൻകൈയുള്ള നയപ്രഖ്യാപന സമ്മേളനത്തിൽ പരന്പരാഗത ശൈലി നടപ്പാക്കിയും പുതിയ സർക്കാരിന്റെ ഭരണതന്ത്രം. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം കേന്ദ്രത്തെ ഒപ്പം നിർത്തി കേരളത്തിന്റെ വികസനവും പുരോഗതിയും കൈവരിക്കാനുള്ള നയവിരുതായി.
ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രസംഗത്തിൽ സംസ്ഥാനത്തിന്റെ തത്സ്ഥിതിയും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് പുതുയുഗ കേരളത്തെ ലക്ഷ്യമിടുന്നെന്നു പ്രഖ്യാപിച്ചിരിക്കുന്നു. പറഞ്ഞതൊക്കെയും യാഥാർഥ്യമാകട്ടെ. വികസനത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ പകൽക്കിനാവാകാതിരിക്കണമെങ്കിൽ പണം വേണം.
സർക്കാർ അതു തിരിച്ചറിയുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം കണ്ടെത്താനും നടപ്പിലാക്കാനും രൂപീകരിച്ച സർക്കാരിന്റെ സ്വതന്ത്ര ധനകാര്യ സ്ഥാപനമായ കിഫ്ബിയുടെ കാര്യത്തില് വിശദമായ പഠനം നടത്തി തീരുമാനമെടുക്കുമെന്നും സാമ്പത്തികസ്ഥിതി വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നുമുള്ള യുഡിഎഫ് തീരുമാനം ഇന്നലെയും ആവർത്തിച്ചത് സാന്പത്തികസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയുടെ സൂചനയാണ്.
തങ്ങൾ ഭരണത്തിൽനിന്നിറങ്ങിയപ്പോൾ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും നിലവിലുണ്ട്. പക്ഷേ, ഖജനാവിലെ ബാക്കി മാത്രമല്ല, കടത്തിന്റെ ബാക്കിയും കണക്കിലെടുത്താലേ ഖജനാവ് ഒരു കടങ്കഥയാണോയെന്ന് തിരിച്ചറിയാനാകൂ. അതറിയാൻ ജനങ്ങൾക്കും ആഗ്രഹമുണ്ട്.
അതേസമയം, ധവളപത്രം വികസനതടസങ്ങൾക്കുള്ള ന്യായവാദമാകരുത്. പരിഹാരമാർഗങ്ങളും പുതിയ വരുമാന നിർദേശങ്ങളും ധവളപത്രത്തിന്റെ ഭാഗമാകട്ടെ. പഴയ സർക്കാരിന്റേതല്ല, പുതിയ നയമാണ് തങ്ങൾ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിൽ ആർക്കുമില്ല ദുഃശാഠ്യങ്ങൾ. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി.
ഭരണസംവിധാനത്തിനു സുതാര്യതയും വേഗവും ഉറപ്പാക്കൽ, അഴിമതിരാഹിത്യം, ഉദ്യോഗതലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും, മതനിരപേക്ഷതയ്ക്കു പ്രാധാന്യം, ചെലവു കുറഞ്ഞ ചികിത്സ, എക്സൈസ് നയത്തിൽ മാറ്റം, ലഹരിമരുന്ന് ശൃംഖല തകർക്കൽ, വന്യജീവി ആക്രമണ പരിഹാരം, നെല്ല്-റബ്ബർ-നാളികേര കർഷകർക്ക് പരിഗണന, ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മീഷൻ, വഖഫ് ബോർഡ് നവീകരിക്കൽ തുടങ്ങിയ അടിസ്ഥാന മാറ്റങ്ങൾ ശ്രദ്ധേയമായി.
ഇവയുടെ നടത്തിപ്പ്, പ്രഖ്യാപനംപോലെ അത്ര അനായാസമാകില്ല. പക്ഷേ, വ്യത്യസ്ത നയങ്ങളിലൂടെയും കർമപരിപാടികളിലൂടെയും അതു സാധ്യമാക്കുന്നിടത്താണ് വിജയം. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്നതും സ്കൂൾ വിദ്യാർഥിനികൾക്കു മൂന്നുദിവസം വരെ ആർത്തവ അവധി നൽകുന്നതും സർക്കാർ-സ്വകാര്യ മേഖലകളിൽ ആറു മാസം പ്രസവ അവധി നിർബന്ധമാക്കുന്നതും സ്ത്രീകൾക്കും കുട്ടികൾക്കും ആഹ്ലാദകരമായി.
സൗജന്യ ബസ് യാത്രയ്ക്കു പുറമേ നടത്തിയ ഈ പ്രഖ്യാപനങ്ങളൊക്കെ പുരോഗമനപരമാണ്. ഇത്തരം തീരുമാനങ്ങൾ ക്രമേണ പാർട്ടിയിലെയും സർക്കാരിലെയും സ്ഥാനമാനങ്ങളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള മാനസികാവസ്ഥയ്ക്കും രാഷ്ട്രീയ ഇച്ഛാശക്തിക്കും പ്രേരണയാകട്ടെ.
ബിജെപിയെയും കേന്ദ്രസര്ക്കാരിനെയും വാക്കുകൊണ്ടുപോലും വിമര്ശിക്കാത്ത നയമാണു സംസ്ഥാന സര്ക്കാരിനെന്നു നയപ്രഖ്യാപനം വ്യക്തമാക്കുന്നെന്നു സിപിഎം പ്രസ്താവിച്ചു. കേന്ദ്രവുമായുള്ള ബന്ധം ഊഷ്മളമാക്കി സംസ്ഥാനത്തിന്റെ കാര്യം കാണാനുള്ള ശ്രമത്തിനു പകരം, ഇത്തരം പരന്പരാഗത രാഷ്ട്രീയ പോർവിളികൊണ്ട് എൽഡിഎഫ് സർക്കാരിന് എന്തെങ്കിലും ഗുണമുണ്ടായതായി അവർക്കുപോലുമറിയില്ല.
കേന്ദ്ര അവഗണനയുണ്ടായാൽ വസ്തുനിഷ്ഠമായും സന്ദർഭത്തിനനുസരിച്ചും പ്രതികരിക്കുന്നതും നയപ്രഖ്യാപനത്തിൽ വെല്ലുവിളി നടത്തുന്നതും രണ്ടാണ്. അതുപോലെ, ബിജെപി നയപ്രഖ്യാപനത്തേക്കാൾ പ്രാധാന്യം വന്ദേമാതരത്തിനു കൊടുത്തെന്നു തോന്നുന്നു. ദേശീയഗീതം പൂർണമായി ആലപിക്കാത്തതിനെ മതതാത്പര്യങ്ങളുടെയും സമ്മർദത്തിന്റെയും അക്കൗണ്ടിൽ എഴുതിച്ചേർക്കാൻ നടത്തിയ ശ്രമവും കല്ലുകടിയായി.
നയപ്രഖ്യാപനം കൈയും കാലുമുള്ള ജീവിയോ സൂപ്പർ കംപ്യൂട്ടറോ അല്ല. സർക്കാരിന്റെ ഇച്ഛാശക്തിയും കഠിനാധ്വാനവും ഒപ്പം, പ്രതിപക്ഷത്തിന്റെ സഹകരണവും അതിന്റെ വിജയത്തിനാവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വികസനത്തിന്റെ വഴി മുടക്കുന്നിടത്തുനിന്നു രാഷ്ട്രീയത്തെ എടുത്തുമാറ്റണം.
പരിഹാസ്യമായ വിക്രിയകളിലൂടെയും മതവേഷംകെട്ടലുകളിലൂടെയുമല്ല, ക്രിയാത്മക പ്രതികരണങ്ങളിലൂടെയും വികസന സഹകരണത്തിലൂടെയുമാണ് ഇനിയുള്ള കാലത്ത് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ രാഷ്ട്രീയനേട്ടമുണ്ടാക്കേണ്ടതെന്നു നമ്മുടെ മിക്ക നേതാക്കൾക്കും ഇനിയും മനസിലായിട്ടില്ല. രാഷ്ട്രീയ പാർട്ടികളും പുതിയ നയപ്രഖ്യാപനങ്ങളിലൂടെ സ്വയം പുതുക്കേണ്ടതാണ്.
Tags : EDITORIAL