Editorial Audio
അങ്ങേയറ്റത്തെ ലാഭക്കൊതി മാത്രമുള്ള മരുന്നുകമ്പനികളുടെ ക്രൂരതയ്ക്കു കടിഞ്ഞാണിടാൻ കോടതികൾതന്നെ വേണ്ടിവരുന്നു എന്നത് ജനാധിപത്യത്തിന്റെ ദയനീയമുഖമാണു വെളിപ്പെടുത്തുന്നത്. സാധാരണക്കാരന് താങ്ങാനാകാത്തവിധം രാജ്യത്ത് അവശ്യമരുന്നുകളുടെ വില വർധിക്കുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇന്നലെ കേരള ഹൈക്കോടതിയും നടത്തിയ ഇടപെടലുകൾ ആശ്വാസമായി. എങ്കിലും, രാജ്യത്തെ ആരോഗ്യമേഖലയുടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
ലാഭം മാത്രം ലക്ഷ്യമിട്ടു മരുന്നുകമ്പനികൾ വരുത്തുന്ന നിരക്കുവർധന സാർവത്രിക ആരോഗ്യപരിരക്ഷ എന്ന സങ്കൽപത്തെത്തന്നെ തകിടംമറിക്കുന്നുവെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. വിപണിയിലുള്ള ഏകദേശം 82 ശതമാനം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ലെന്നു ചൂണ്ടിക്കാട്ടിയതും സുപ്രീംകോടതി തന്നെ. ഇതിനു പിന്നാലെ, വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ അനിയന്ത്രിതമായ വിലവർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ജുഡീഷ്യറിക്ക് ശക്തമായി നിരന്തരം ഇടപെടേണ്ടിവരുന്നു എന്നത് ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വത്തെയാണു കാണിക്കുന്നത്. ഒപ്പം, വൻകിട മരുന്നുകമ്പനികളുടെയും സർക്കാരിന്റെയും അവിശുദ്ധ കൂട്ടുകെട്ടും മറനീക്കുന്നു. പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കമ്പനികൾ അമിതവില ഈടാക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന് അതിൽ ഇടപെടാമെന്നും, പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിച്ച് ഈ മരുന്നുകൾ ഉത്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കാമെന്നുമാണ് കേരള ഹൈക്കോടതിയുടെ ചരിത്രവിധി. ജസ്റ്റീസ് ഹരിശങ്കർ വി. മേനോനാണ് വിധി പ്രസ്താവിച്ചത്.
അമിതവിലയുള്ള പേറ്റന്റ് മരുന്നുകൾ വാണിജ്യപരമായല്ലാതെ കേന്ദ്രസർക്കാരിന് നേരിട്ടു നിർമിച്ച് പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യാം. നിലവിൽ വിപണിയിലുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ എന്നു പരിശോധിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി രോഗബാധിതരുടെ എണ്ണം, മരുന്ന് ഉപയോഗിക്കുന്നവർ, വിലക്കൂടുതൽ മൂലം മരുന്നു വാങ്ങാൻ കഴിയാത്തവർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വേണം തീരുമാനമെടുക്കാൻ.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യസംരക്ഷണമെന്നും, ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും കോടതി ഓർമിപ്പിച്ചു.സ്തനാർബുദത്തിനുള്ള ‘റിബോസിക്ലിബ്’’(Ribociclib) എന്ന മരുന്നിന് പ്രതിമാസം 75,000 രൂപയോളം ചെലവു വരുന്നതു ചൂണ്ടിക്കാട്ടി ഒരു അർബുദരോഗി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരി പിന്നീട് മരിച്ചെങ്കിലും, പൊതുതാത്പര്യം മുൻനിർത്തി അമിക്കസ്ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഈ കേസ് സ്വമേധയാ തുടർന്നുകൊണ്ടു പോകുകയായിരുന്നു.
കേരള ഹൈക്കോടതിയിൽ ഈ ഹർജി 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും അന്തിമതീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനെ സുപ്രീംകോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഈ ഹർജിയിൽ എത്രയും വേഗം വാദം പൂർത്തിയാക്കി അന്തിമവിധി പ്രസ്താവിക്കാൻ കേരള ഹൈക്കോടതിക്ക് കർശന നിർദേശവും നൽകി. ഇതിന്റെ തുടർച്ചയായിട്ടാണ് കേരള ഹൈക്കോടതി വിശദമായ വാദം കേട്ട് ഇന്നലെ വിധിപറഞ്ഞത്.
മറ്റൊരു കേസ് പരിഗണിക്കവെ, 2700 രൂപ വിലയുള്ള കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നതു കണ്ട് കോടതി അമ്പരന്നു. ഇതെന്തൊരു പകൽക്കൊള്ളയെന്ന് കോടതിക്കു ചോദിക്കേണ്ടി വന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് സർക്കാരുകളുടെ മാപ്പില്ലാത്ത അലംഭാവമാണ്. ജീവൻരക്ഷാ മരുന്നുകളുടെ ഉത്പാദനച്ചെലവും വിപണിവിലയും തമ്മിലുള്ള ഭീമമായ അന്തരം, അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലെ വർധന, പാരന്റ് കമ്പനികളുടെ പേറ്റന്റ് കുത്തക, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയുടെ (എൻപിപിഎ) അനാസ്ഥ എന്നിവയാണ് മരുന്നുകളുടെ വിലക്കയറ്റത്തിന് പ്രധാന കാരണം.
കൃത്യമായ വിലനിയന്ത്രണ പരിധിയിൽ വരാത്ത അനുബന്ധ മരുന്നുകൾക്ക് കമ്പനികൾ തോന്നുംപടി വില ഈടാക്കുകയാണ്. മരുന്നുനിർമാണത്തിന് ആവശ്യമായ പ്ലാറ്റിനം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലും ആഗോളവിപണിയിലെ ഉത്പാദനച്ചെലവിലും വൻ വർധനയുണ്ടായെന്ന കാരണം പറഞ്ഞാണ് അത്യാവശ്യ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ 50 ശതമാനംവരെ വർധന വരുത്താൻ കേന്ദ്രസർക്കാർ ജൂണിൽ അനുമതി നൽകിയത്.
മരുന്നുകമ്പനികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന ശുഷ്കാന്തി സാധാരണ ജനങ്ങളുടെ കാര്യത്തിൽ കാണാനില്ല. മരുന്നുകൾ വിലക്കുറവിൽ ലഭിക്കാൻ കാരുണ്യ, ജൻ ഔഷധി കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങൾ. ഇവിടെ ഗുണമേന്മയുള്ള, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട സർക്കാർ ഉറങ്ങുകയാണ്.
കൂടുതൽ മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും, ന്യായവില ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി നിയമനിർമാണം നടത്തുകയും വേണം. മരുന്നുകമ്പനികളുടെ അമിതലാഭത്തേക്കാൾ പ്രധാനം ജനങ്ങളുടെ ജീവനാണെന്നു തിരിച്ചറിഞ്ഞ് ഭരണകൂടങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Tags : EDITORIAL DEEPIKA DEEPIKA EDITORIAL MEDICINE