NRI
വിന്നിപെഗ്: കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ ചില വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമായി പുതിയ തൊഴിൽ അനുമതി പദ്ധതി പ്രഖ്യാപിച്ചു.
അർഹരായ തൊഴിലാളികൾക്ക് രണ്ടുവർഷത്തേക്ക് മാനിറ്റോബ - നിർദ്ദിഷ്ട വർക്ക് പെർമിറ്റ് നീട്ടാൻ അവസരം ലഭിക്കും. ഇതിലൂടെ സ്ഥിരതാമസ (PR) നടപടികൾ പൂർത്തിയാകുന്നതുവരെ അവർക്ക് ജോലി തുടരാനാകും.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി സ്ഥിരതാമസത്തിനായി ശ്രമിക്കുന്നവരാണ് ഈ ഇളവിന്റെ പ്രധാന ഗുണഭോക്താക്കൾ.
തൊഴിൽ ക്ഷാമം നേരിടുന്ന മേഖലകളിലെ പരിചയസമ്പന്നരായ തൊഴിലാളികളെ പ്രവിശ്യയിൽ നിലനിർത്തുകയും തൊഴിലുടമകൾക്ക് ആവശ്യമായ തൊഴിൽശക്തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അർഹതയുള്ളവർക്ക് മാനിറ്റോബ സർക്കാരിൽ നിന്ന് Support Letter ലഭിച്ച ശേഷം പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. എന്നാൽ ഈ ഇളവ് എല്ലാവർക്കും ബാധകമല്ല. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതും MPNP നടപടികളിലുള്ളതുമായ തൊഴിലാളികൾക്കാണ് ഈ അവസരം ലഭിക്കുക.
കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ കാരണം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് താത്കാലിക വിദേശ തൊഴിലാളികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം, സ്ഥിരതാമസത്തിനായുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കാനുള്ള നടപടികളും മാനിറ്റോബ സർക്കാർ തുടരുകയാണ്.
Business
തൃശൂർ: മെഡിസിൻ മുതൽ മാനേജ്മെന്റ് വരെ ലോകോത്തര വിദേശ സർവകലാശാലകളിൽ പഠനാവസരമൊരുക്കി ബ്രൈറ്റ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്കായി വിദേശ സർവകലാശാലകളിൽ അഡ്മിഷൻ സേവനങ്ങളുമായി ശ്രദ്ധേയമാകുകയാണ് ബ്രൈറ്റ്.
വിദ്യാർഥികളുടെ അക്കാദമിക് യോഗ്യത, താത്പര്യം, കരിയർലക്ഷ്യം, സാന്പത്തികസാഹചര്യം എന്നിവ വിലയിരുത്തി ഏറ്റവും അനുയോജ്യമായ രാജ്യം, സർവകലാശാല, സൗജന്യവിദ്യാഭ്യാസം, സ്കോളർഷിപ്, കോഴ്സ് എന്നിവ തെരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിഗത കൗണ്‍സലിംഗ് മുതൽ അഡ്മിഷൻ, വീസ, ഡോക്യുമെന്റേഷൻ, സ്കോളർഷിപ് മാർഗനിർദേശം, വിദ്യാഭ്യാസവായ്പാസഹായം, യാത്രാ-താമസസഹായം തുടങ്ങി എല്ലാ സേവനങ്ങളും ലഭിക്കും.
10-ാം ക്ലാസ് മുതൽ പിജി കഴിഞ്ഞവർക്കു വരെയുള്ള വിവിധ കോഴ്സുകളിലേക്കു യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ അംഗീകൃത സർവകലാശാലകളിൽ പഠനാവസരങ്ങൾ ലഭ്യമാണ്.
എംബിബിഎസ് (വാർഷിക ഫീസ് 1.5 ലക്ഷം രൂപ മുതൽ), വെറ്ററിനറി സയൻസ് (വാർഷിക ഫീസ് 1.40 ലക്ഷം മുതൽ), നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ്, മാനേജ്മെന്റ് കോഴ്സുകൾ, എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, ഐടി-ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ലോ, ബിസിനസ് & കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ വിവിധ കോഴ്സുകളിൽ അവസരം.
ബ്രൈറ്റിന് തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും സൗജന്യ കൗണ്‍സലിംഗിനുമായി ബ്രൈറ്റ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി വെബ്സൈറ്റ് സന്ദർശിക്കാം. ഫോണ്‍: 9995909999, 9961814999.
Kerala
കൊച്ചി: ആറു മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവയ്പിനു പിന്നാലെ പാരസെറ്റമോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തെങ്കിലും മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.
ഒരാഴ്ച മുമ്പാണ് കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. ഡോക്ടര്‍ നല്കിയ മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കുത്തിവയ്പിന് ശേഷം ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിന്റെ അളവ് കൂടിയതാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ കാരണമായത്.
Kerala
ആലുവ: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റാമോൾ മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരേ ആലുവ ടൗൺ പോലീസ് കേസെടുത്തു.
മരുന്ന് കഴിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി രക്ഷപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒരാഴ്ച മുന്‍പാണ് മാതാപിതാക്കൾ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം ഡോക്ടർ നിർദേശിച്ച പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിനു പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണെന്നാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: പെട്ടെന്ന് മരുന്നടിച്ചു മയങ്ങാമെന്നു കരുതി ഇനി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് പായേണ്ട. ഉയര്‍ന്ന അളവില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വായുകോപത്തിനുമുള്ള കഫ് സിറപ്പുകള്‍ ലഭിക്കണമെങ്കില്‍ അംഗീകൃത ഡോക്ടറുടെ കുറിപ്പടി വേണം. വില്പന രേഖകള്‍ ഫാര്‍മസികള്‍ സൂക്ഷിക്കുകയും വേണം.
ലഹരി അടങ്ങിയ മരുന്നുകളുടെ ദുരുപയോഗം വര്‍ധിച്ചുവരുന്നുവെന്ന സംസ്ഥാനങ്ങളുടെ മുന്നിയിപ്പിനെ തുടര്‍ന്നാണ് മരുന്നു നിര്‍മാണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കടുപ്പിച്ചത്. ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഔഷധങ്ങളുടെ ലൈസന്‍സിംഗ് നിബന്ധനകളില്‍ നല്‍കിയിരുന്ന ഇളവ് പൂര്‍ണമായും എടുത്തുമാറ്റുകയും ചെയ്തു.
ഏലയ്ക്ക, ഇഞ്ചി എന്നിവയുടെ സത്തുകള്‍ ഉള്‍പ്പെടുന്ന ചില ഔഷധങ്ങള്‍ക്കും മറ്റു സുഗന്ധദ്രവ്യ കൂട്ടുകള്‍ക്കും 1945ലെ ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂള്‍ കെ പ്രകാരം നേരത്തെ ലൈസന്‍സ് നേടുന്നതില്‍ ഇളവ് അനുവദിച്ചിരുന്നു.
ഇത് മുതലെടുത്ത് ചില ഔഷധക്കൂട്ടുകളില്‍ 80 മുതല്‍ 90 ശതമാനം വരെ ഈഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സിറപ്പുകളും മറ്റു മരുന്നുകളും നിര്മിക്കുന്നതേറെയും ഇഞ്ചി, ഏലയ്ക്കാ സത്തുകള്‍ ഉപയോഗിച്ചാണ്.
12 ശതമാനത്തില്‍ കൂടുതല്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയതും 30 മില്ലി ലിറ്ററില്‍ കൂടുതല്‍ അളവിലുള്ളതുമായ എല്ലാ ഔഷധക്കൂട്ടുകള്‍ക്കും ഇനി മുതല്‍ ഇളവുകള്‍ ലഭിക്കില്ല. ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനും 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സുകള്‍ നിര്‍ബന്ധമായും നേടിയിരിക്കണം.
ഈ ഭേദഗതിയോടെ ഇത്തരം ഉത്പന്നങ്ങളെ 1945ലെ ഡ്രഗ്സ് ചട്ടങ്ങളുടെ ഷെഡ്യൂള്‍ എച്ച് വണ്ണിലേക്ക് മാറ്റി. സസ്യങ്ങളില്‍ നിന്നുള്ള സത്തുക്കള്‍ കേടുകൂടാതെ വേര്‍തിരിച്ചെടുക്കാനും അവ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാനുമാണ് ഔഷധ നിര്‍മാണത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നത്.
District News
വായാട്ടുപറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്ത് ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്റർ, തടിക്കടവ് കർഷക സ്നേഹ ജനശ്രീ യൂണിറ്റ് ബാലപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി.
പഞ്ചായത്തംഗം ജോസ് വെട്ടുകല്ലാംകുഴിയിൽ ഉദ്ഘാടനം ചെയ്തു. ജോഷി പൂങ്കുടിയിൽ അധ്യക്ഷത വഹിച്ചു. തങ്കമ്മ സണ്ണി, ഷെർലി ചാക്കോ, സജി നിരപ്പേൽ, കുര്യൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ. സി.കെ. മേഘ, ഡോ. ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
National
ന്യൂഡൽഹി: അർബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് മന്ത്രവിദ്യയിലൂടെയും മാന്ത്രിക വസ്തുക്കളിലൂടെയും പ്രതിവിധി നൽകാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്ക് അധികാരം നൽകി കേന്ദ്രം.
ഇത്തരം തെറ്റായ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതു രേഖ പിടിച്ചെടുക്കാനും ഏതു സ്ഥലവും പരിശോധിക്കാനും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാർക്കും ലഫ്. ഗവർണർമാർക്കുമാണ് കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.
മാന്ത്രികമായ പ്രതിവിധികൾ ഉറപ്പുനൽകുന്ന, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചിട്ടുള്ള 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ടിനു കീഴിലാണ് കേന്ദ്രം ലഫ്. ഗവർണർമാർക്ക് അധികാരം നൽകുന്നത്.
ലക്ഷദ്വീപ്, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, പുതുച്ചേരി, ജമ്മു കാഷ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് നിയമം നടപ്പിലാക്കാനുള്ള അധികാരം അതത് ലഫ്. ഗവർണർമാർക്കു നൽകിയത്. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേരത്തേ നിയമത്തിനു കീഴിൽ എവിടെ പരിശോധിക്കാനും രേഖകൾ പിടികൂടാനും കുറ്റങ്ങൾക്കെതിരേ നടപടിയെടുക്കാനും ഓഫീസർമാരെ നിയമിക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തിയ ഓഫീസർമാർക്കായിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിലൂടെ ഓഫീസർമാരെ ചുമതലപ്പെടുത്തുന്ന അധികാരം ഇപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവർണർമാർക്കോ അഡ്മിനിസ്ട്രേറ്റർമാർക്കോ കൈമാറിയിരിക്കുകയാണ്.
International
ലണ്ടൻ: ഗർഭകാലത്ത് പാരസെറ്റമോൾ മരുന്നു കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധ സമിതി. കുഞ്ഞിന് ഓട്ടിസം, എഡിഎച്ച്ഡി, വളർച്ചാ തടസങ്ങൾ എന്നിവ ഉണ്ടാകില്ല.
പാരസെറ്റമോൾ ഗർഭിണികൾക്കു സുരക്ഷിതമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് സമിതി വിശദമായ വിലയിരുത്തലിന് മുതിർന്നത്.
ഗർഭിണികൾ പാരസെറ്റമോളിനെതിരേ പോരാടണമെന്നും ട്രംപ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ട്രംപിന്റെ വാക്കുകൾ ഗർഭിണികളെ ആശയക്കുഴപ്പത്തിലാക്കുക മാത്രമല്ല, വൈദ്യവൃത്തങ്ങളെ അന്പരിപ്പിക്കുകയുമുണ്ടായി.
ഗർഭകാലത്തെ പരാസെറ്റമോൾ ഉപയോഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ 43 പഠനങ്ങൾ വിലയിരുത്തിയാണ് വിദഗ്ധ സമിതി തീർച്ചയിലെത്തിയത്. സമിതിയുടെ കണ്ടെത്തലുകൾ ലാൻസെറ്റ് ജേർണലിൽ ‘ഒബ്സ്റ്റെറിക്സ്, ഗൈനക്കോളജി ആൻഡ് വുമൺസ് ഹെൽത്ത്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Business
മുംബൈ: ഇന്ത്യയിൽ വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ എലി ലില്ലിയുടെ അമിത വണ്ണത്തിനുള്ള മരുന്നായ മൗൻജാരോ ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മരുന്നായി. കഴിഞ്ഞ മാസം 100 കോടി രൂപയുടെ വില്പനയാണ് മൗൻജാരോ നേടിയതെന്ന് ഫാർമറാക്ക് എന്ന റിസർച്ച് സ്ഥാപനം റിപ്പോർട്ട് ചെയ്തു.
മൗൻജാരോ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ (ജിഎസ്കെ)ന്റെ ആന്റിബയോട്ടിക് മരുന്നായ ഓഗ്മെന്റിന്റെ വിറ്റുവരവിനെ മറികടന്നു. 80 കോടി രൂപയുടെ വിറ്റുവരവാണ് ഓഗ്മെന്റിൻ നേടിയത്. ഒക്ടോബറിൽ എണ്ണത്തിൽ ഓഗ്മെന്റിന്റെ വിൽപ്പന മൗൻജാരോയെക്കാൾ മുകളിലാണ്. എന്നാൽ, മരുന്നിന്റെ വിലയാണ് മൗൻജാരോയെ വിൽപ്പന മൂല്യത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
ഈ വർഷം മാർച്ചിലാണ് മൗൻജാരോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മന്ദഗതിയിലാക്കാനും സഹായിക്കുന്ന മൗൻജാരോയ്ക്ക് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിൽപ്പന ഇരട്ടിയായി വർധിച്ചു.
എലി ലില്ലിയുടെ എതിരാളികളായ നോവോ നോർഡിസ്ക് അമിത വണ്ണത്തിനുള്ള മരുന്നായ വെഗോവി ജൂണിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ, മൗൻജാരോയുടെ വില്പന മൂല്യത്തെ മറികടക്കാൻ വെഗോവിക്കായില്ല. ഒക്ടോബർ വരെ മൗൻജാരോ 333 കോടി രൂപയുടെ വരുമാനം നേടി.
ഒക്ടോബറിൽ വെഗോവിയേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു മൗൻജാരോയുടെ ഇന്ത്യൻ ഉപഭോഗം.ലില്ലി കഴിഞ്ഞ മാസം 2,62,000 മൗൻജാരോ യൂണിറ്റുകൾ വിറ്റപ്പോൾ വെഗോവി 26,000 യൂണിറ്റുകളും വിറ്റു.
ഈ രണ്ടു മരുന്നുകളും ജിഎൽപി-1 റിസപ്റ്റർ അഗോണിസ്റ്റ് എന്ന വിഭാഗത്തിൽപ്പെടുന്നു. വിശപ്പ് നിയന്ത്രിക്കുന്ന ഇവ തലച്ചോറിലെ വിശപ്പിനെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിൽ പ്രവർത്തിച്ച്, ആളുകൾക്ക് വയർ നിറഞ്ഞതായി തോന്നിക്കും. ദഹനം മന്ദഗതിയിലാക്കുന്നു. പ്രമേഹ ചികിത്സയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്പോൾ മാത്രം ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ ഈ മരുന്നുകൾ പാൻക്രിയാസിനെ സഹായിക്കുന്നു.
ജീവിതശൈലീ രോഗങ്ങൾ ഉയർന്നുവരുന്ന ഇന്ത്യയിൽ അമിത ഭാരം കുറയ്ക്കാനുള്ള ചികിത്സകൾക്ക് ഏറിവരുന്ന ആവശ്യകതയുടെ പ്രതിഫലനമാണ്് ഈ മരുന്നുകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത.
മൗൻജാരോയെ മറ്റൊരു ബ്രാൻഡ് നാമത്തിൽ വിൽക്കുന്നതിനായി കഴിഞ്ഞ മാസം ഇന്ത്യൻ മരുന്ന് നിർമാതാക്കളായ സിപ്ലയുമായി ലില്ലി ഒരു കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
Kerala
പാലക്കാട്: ആലത്തൂരില്‍ ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച്ച് വൈകുന്നേരം നാലോയായിരുന്ന സംഭവം. കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്.
രുചിവ്യത്യാസം തോന്നിയപ്പോള്‍ മരുന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ളത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വായിക്കും തൊണ്ടയ്ക്കും പൊള്ളലേറ്റു.
കുട്ടികള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയുടെ 35-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ച് നിർധനരായ 10 രോഗികൾക്ക് സൗജന്യമായും 50 രോഗികൾക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന "പുനർജനി’ പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിനോടകം കിംസ് അൽശിഫ റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദേശികളടക്കം നിരവധി പേർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം 31ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ, ചാരിറ്റി സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
കിംസ് അൽശിഫയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി. ഉണ്ണീൻ, സിഇഒ കെ.സി. പ്രിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ, ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻമാരായ ഡോ. പി.എം. ഗണേഷൻ, ഡോ. നയന എം. ബാബു, ഡോ. എൻ. നിഷാദ്, ട്രാൻസ്പ്ലാന്റ് സർജൻമാരായ ഡോ.പി.എം. മുരളി, ഡോ. രാഹുൽനാരായണൻ, ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ വിവരങ്ങൾക്ക് ഫോണ്‍: 9447342202, 9446371500.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പട്ടാമ്പി റോഡ് ജൂബിലി ജംഗ്ഷനിലെ മെഡിക്കൽ ഉപകരണങ്ങളുടെ ഹോൾസെയിൽ ഡീലറായ മെഡി ടെക് എന്റർപ്രൈസസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഗോഡൗണിനാണ് തീപിടിച്ചത്.
ഇന്നലെ പുലർച്ചെ ആറര മണിയോടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നതായി നാട്ടുകാർ കണ്ടത്. പാക്കത്ത് മുസ്തഫയുടേതാണ് കെട്ടിടം. മൂന്നു കോടിയുടെ നാശനഷ്ടം ഉണ്ടായതായിമെഡി ടെക് എന്റർപ്രൈസസ് ഉടമ കെ പി ഷാഫി അവകാശപ്പെടുന്നു.
പെരിന്തൽമണ്ണയിൽ നിന്നെത്തിയ രണ്ട് ഫയർ യൂണിറ്റും മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഉള്ള ട്രോമാകെയർ പ്രവർത്തകരും ചേർന്ന് തീ പരിപൂർണ്ണമായും അണച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ സി ബാബുരാജ് നേതൃത്വത്തിൽ ഫയർഫോഴ്സ് അംഗങ്ങളായ സുർജിത്, പ്രശാന്ത് ,നസീർ ,രാമദാസ്, സഫീർ, സുജിത്ത് ,വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ എന്നിവരും , ട്രോമാ കെയർ അംഗങ്ങളായഷഫീദ് പാതായ്ക്കര,സുബീഷ് പരിയാപുരം,സനൂബ് തട്ടാരക്കാട്,ഫാറൂഖ് പൂപ്പലം, അമ്പിളി ജിജൻ, വാഹിദ അബു, ജിൻഷാദ്,സിന്ധു മാനത്ത് മങ്കലം,വിനോദ് മുട്ടുങ്ങൽ, എന്നിവരും ഈ ഉദ്യമത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകി. തലച്ചോറിലെ കാൻസറിന്, ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന വിവരമാണ് പുറത്ത് വരുന്നത്.
മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവാണെന്നും ഗ്ലോബെല ഫാർമ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.
അതേസമയം രണ്ടായിരത്തിലധികം കുപ്പി മരുന്ന് രോഗികൾക്ക് നൽകിയതായും ഈ രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. മരുന്ന് പാക്കിംഗിൽ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് സൂചന.