മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മരുന്നുവാങ്ങൽ നടപടികളുടെ ഭാഗമായുള്ള ടെൻഡറിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇനിമുതൽ ടെൻഡറിൽ മരുന്ന് കന്പനികൾ നേരിട്ടു പങ്കെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെൻഡറിൽ പങ്കെടുക്കാം. അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ അടുത്തമാസം ആരംഭിക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ മരുന്നുസംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനുമാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
കുറഞ്ഞതു രണ്ടു സംസ്ഥാനങ്ങളിലെങ്കിലും സർക്കാർ മേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാവൂ. ഈ വർഷം ഫെബ്രുവരിയിൽ പർച്ചേസ് ഓർഡർ നൽകിയ കന്പനികൾ പലതും കെഎംഎസ്സിഎല്ലിനു മാത്രമായി പ്രത്യേകം മരുന്ന് നിർമിച്ചുനൽകുന്നവയാണെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെഎംഎസ്സിഎൽ മരുന്ന് സംഭരിക്കേണ്ടത്.
ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇടനിലക്കാരെ കെഎംഎസ്സിഎല്ലിൽ പ്രവേശിപ്പിക്കുകയോ ഇവരിൽനിന്നു പാരിതോഷികം വാങ്ങുകയോ ചെയ്യരുത്.
കെഎംഎസ്സിഎല്ലിനു വിതരണം ചെയ്യുന്ന മരുന്നിന്റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്നു കണ്ടെത്തിയാൽ ആ കന്പനിയെ സ്ഥിരമായി കരിന്പട്ടികയിൽ ഉൾപ്പെടുത്തും. വളരെ ഉയർന്നനിരക്കിലാണ് കെഎംഎസ്സിഎൽ നിലവിൽ മരുന്ന് സംഭരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags : Middlemen KMuraleedharan Procurement Tenders Medicine Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash