Editorial Audio
ഗാന്ധിജയന്തി ദിനത്തിലും നാം ആ വെടിയുണ്ടയുടെ ആഘാതം മറക്കരുത്. മഹാത്മജിയുടെ ഓരോ ജന്മദിനത്തിലും ഇന്ത്യൻ ജനത എടുക്കുന്ന പ്രതിജ്ഞകൾക്കു പിന്നിലെ ആശയദൃഢതയ്ക്ക് അമരത്വം നൽകിയ ആ വെടിയുണ്ട. സത്യത്തിലും അഹിംസയിലും അടിയുറച്ചുനിന്ന അചഞ്ചലമായ ആ നിശ്ചയദാർഢ്യത്തെ തരിമ്പും പോറലേൽപിക്കാൻ കഴിയാതിരുന്ന ആ വെടിയുണ്ട. ഹിന്ദുത്വ അസഹിഷ്ണുതയുടെ ആ വെടിയുണ്ടകൾക്കു മുന്നിലേക്കെത്തുംമുമ്പ് ഗാന്ധിജി ജീവിച്ച സമരജീവിതത്തിനും താണ്ടിയ കനൽവഴികൾക്കും തുടക്കമിട്ട നിമിഷമായിവേണം ഗാന്ധിജയന്തിയെ ഓരോ ഇന്ത്യക്കാരനും തിരിച്ചറിയാൻ. അത് വെറുമൊരു ജന്മദിനാഘോഷമല്ല.
തിരിച്ചറിവുകളുടെ നിമിത്തമാണ്. ഓർമകൾ ഉണ്ടായിരിക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ. മാനവികതയ്ക്കുനേരേ പുതിയ ബരേറ്റ തോക്കുകൾ ചൂണ്ടി വേതാളനൃത്തം ചവിട്ടുന്ന ഹിന്ദുത്വയെ ചെറുക്കണമെന്ന ബോധ്യത്തിന്റെ പുനരർപ്പണദിനം. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മൂല്യങ്ങളാൽ ജ്വലിച്ചുനിൽക്കുന്ന ഇന്ത്യയെയും ഘാതകർക്ക് വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയുടെ മുഴക്കമാകണം ഗാന്ധിജയന്തിദിനത്തിൽ ഉയരേണ്ടത്. പുതിയ പൂമ്പാറ്റകൾ പൊടിച്ചുയരേണ്ട സുദിനമാണിത്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന, മഹാത്മാവിന്റെ ആത്മഗാഥ വരുംതലമുറകളിലേക്ക് കൈമാറുകയാണ് ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വം. വാക്കുകളും പ്രവൃത്തിയും തമ്മിൽ വൈരുധ്യങ്ങളില്ലാത്ത ഒരു പൂർണജീവിതത്തെ ഈ ധന്യനിമിഷത്തിൽ നാം ദർശിക്കുന്നു. ചുരുക്കത്തിൽ, ഗാന്ധിജയന്തി ഗാന്ധിയൻ ജ്വാലയുടെ തുടിപ്പാണെങ്കിൽ, രക്തസാക്ഷിത്വദിനം ആ ജ്വാല അണയാതെ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനെയും ഓർമിപ്പിക്കുന്ന ദിനമാണ്. ഈ രണ്ടു ബിന്ദുക്കളെയും സംയോജിപ്പിക്കുന്ന സത്തയാണ് ഗാന്ധിജിയുടെ മഹത്വം.
ഹിംസയുടെയും അസത്യത്തിന്റെയും വിത്തുകൾമാത്രം മുളപൊട്ടുന്ന സമകാല ഇന്ത്യ ഗാന്ധിജിയെ ഓരോ ശ്വാസത്തിലും തേടുന്നുണ്ട്. നിഷ്കളങ്കമായ ദൃഢതയുടെയും ധീരമായ ബോധ്യങ്ങളുടെയും പുതിയ ദണ്ഡിയാത്രകൾക്കായി രാജ്യം കാത്തിരിക്കുന്നുണ്ട്. ലക്ഷ്യവും മാർഗവും ശുദ്ധമായ പുതിയ ദണ്ഡിയാത്ര. ആഗോള ചട്ടമ്പിമാരുടെ ഭീഷണി തീരുവകളായും മിസൈലുകളായും ഭൂഗോളത്തെ ഭയാശങ്കയിലാഴ്ത്തുമ്പോൾ ഗ്രാമസ്വരാജെന്ന കാലാതിശായിയായ മഹദ്ദർശനത്തിന്റെ ആഴം വർധിച്ചുവരികയാണ്.
രക്തവും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരുംതലമുറകൾ വിശ്വസിക്കാൻപോലും മടിച്ചേക്കാം എന്ന് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് വെറുതെയല്ല. അതിന്റെ കാരണം കവിഗുരു രബീന്ദ്രനാഥ ടാഗോറിന്റെ ഈ വാക്കുകളിലുണ്ട്. “ഏറ്റവും ദരിദ്രരും എളിയവരുമായ ഡൽഹിയിലെയും ഗ്രാമങ്ങളിലെയും സാധാരണക്കാരുടെ വീട്ടുപടിക്കൽ ഗാന്ധിജി എത്തിച്ചേർന്നത് അവരുടെ സ്വന്തം വസ്ത്രങ്ങളണിഞ്ഞാണ്.
അദ്ദേഹം സംസാരിച്ചത് അവരുടെ ഭാഷയിലായിരുന്നു, അല്ലാതെ വൻ തത്ത്വചിന്തകളായിരുന്നില്ല.’’ ഇന്ത്യ ഞങ്ങൾക്ക് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ തന്നു; ഞങ്ങൾ മഹാത്മാവിനെ ഇന്ത്യക്ക് തിരിച്ചുനൽകിയെന്ന് നിറഞ്ഞ കൃതാർഥതയോടെ ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേല പറയുമ്പോൾ ഗാന്ധിജി ലോകത്തിന്റെതന്നെ സ്വത്തും സ്വത്വവുമാണെന്ന് നാം അഭിമാനത്തോടെ തിരിച്ചറിയുന്നു. അമേരിക്കൻ പൗരാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, യേശുക്രിസ്തു തനിക്കു നൽകിയ സന്ദേശത്തിനനുസരിച്ച് ജീവിക്കാനുള്ള വഴികാണിച്ചുകൊടുത്ത വെളിച്ചമായാണ് ഗാന്ധിജിയെ കാണുന്നത്.
അതേസമയം, അക്രമത്തിന്റെ ആക്രോശങ്ങളും വടിവാൾ തലപ്പുകളിൽനിന്നിറ്റുന്ന ചോരത്തുള്ളികളും ജനങ്ങളെ ബന്ദികളാക്കുന്ന സമരാഭാസങ്ങളും ഗാന്ധിജിയുടെ ലളിതസുന്ദരവും അതേസമയം കാരിരുമ്പ് പിളർക്കാൻ കരുത്തുള്ളതുമായ സമരരീതികളിലേക്കുള്ള തിരിച്ചുപോക്ക് ആവശ്യപ്പെടുന്നുണ്ട്. ലക്ഷ്യം മാത്രമല്ല, മാർഗവും വിശുദ്ധമാകണമെന്ന വാക്കുകൾ വീണ്ടുംവീണ്ടും സമരമുഖങ്ങളിൽ ഉയർന്നേതീരൂ.
ആശയപരമായ ഭിന്നതകൾക്ക് അക്രമം കൊണ്ടാകരുത് മറുപടി. പൊതുമുതലുകൾ ഭരണകക്ഷിയുടേതല്ല, പൊതുജനങ്ങളുടേതാണ് എന്ന തിരിച്ചറിവു വേണം. അക്രമം ആത്യന്തികമായി നാശവും ഭിന്നതയുമേ വളർത്തൂ എന്ന ഗാന്ധിയൻ പാഠം ഇവിടെ നാം മറന്നുപോകരുത്. ഗാന്ധിജിക്ക് സത്യഗ്രഹം എന്നത് ആത്മവീര്യവും സഹനവുമായിരുന്നു. പൊലിസിനുനേരേയോ പൊതുജനങ്ങൾക്കുനേരേയോ നടത്തുന്ന അക്രമം ജനാധിപത്യപരമായ സംവാദത്തിനുള്ള സാധ്യത അടയ്ക്കലാണ്. സത്യഗ്രഹത്തിലൂടെ ധാർമികശക്തിയുടെ വിജയമാണ് ഗാന്ധിജി ആഗ്രഹിച്ചത്.
ഗാന്ധിജിയുടെ സ്വപ്നങ്ങളിലെ ഇന്ത്യയുടെ അടിത്തറ ഗ്രാമസ്വരാജ് ആയിരുന്നു. സ്വയംപര്യാപ്തവും ശക്തീകരിക്കപ്പെട്ടതുമായ ഗ്രാമങ്ങളാണ് രാജ്യത്തിന്റെ യഥാർഥ നട്ടെല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്നത്തെ നഗരകേന്ദ്രീകൃത വളർച്ചയും പ്രാദേശിക സമ്പദ്വ്യവസ്ഥകളുടെ തകർച്ചയും ഗ്രാമീണമേഖലകളിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ നാം കാണുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരമായ വികസനത്തിനും പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഗ്രാമസ്വരാജ് എന്ന ആശയം പുനരുജ്ജീവിപ്പിക്കേണ്ടതിനെക്കുറിച്ച് ഓർക്കാൻ ഇതിലും നല്ലൊരു ദിവസമുണ്ടോ.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾക്ക് മുൻഗണന നൽകുന്ന ഗാന്ധിയൻ മോഡലിന് അസത്യങ്ങളും അർധസത്യങ്ങളും നിർമിതസത്യങ്ങളും വാർത്തകളുടെ പേരിൽ അതിവേഗം ഉലകംചുറ്റുന്ന സോഷ്യൽ മീഡിയയുടെ കാലത്ത് ഏറെ പ്രസക്തിയുണ്ട്. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളെ മറയില്ലാതെ അഭിമുഖീകരിക്കുന്ന ദീപികയുടെ മാധ്യമശൈലിയിൽ ഗാന്ധിയൻ ദർശനവും ഉൾച്ചേർന്നിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാനാകും.
പുനരർപ്പണത്തിന്റെ ഈ ഗാന്ധിജയന്തിയും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ തുടർച്ചയായി കൊണ്ടാടാനിടയാക്കട്ടെ.
Tags : Deepika Editorial MahatmaGandhi GandhiJaya