ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ ഘാസേഡ ഗ്രാമത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുകളിൽ കയറി റീൽസ് ചിത്രീകരിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.
ഗാന്ധി പാർക്കിലെ ഗാന്ധിപ്രതിമയുടെ തോളിൽ കയറിയിരുന്ന് യുവാക്കൾ ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
രാഷ്ട്രപിതാവിനോട് കാണിച്ച ഈ അനാദരവിനെതിരെ വ്യാപകമായ ജനരോഷമാണ് ഉയർന്നത്. തുടർന്ന് പ്രതികളെ കണ്ടെത്താൻ നൂഹ് പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്ത്യൻ വിഭജന കാലത്ത് ഗാന്ധിജി നേരിട്ടെത്തി ജനങ്ങളോട് ഐക്യത്തോടെ കഴിയാൻ അഭ്യർഥിച്ച, വർഗീയ സൗഹാർദ്ദത്തിന്റെ പ്രതീകമായ മണ്ണിലാണ് ഈ അതിക്രമം നടന്നത്.
വെറും സോഷ്യൽ മീഡിയ പ്രശസ്തിക്കായി ദേശീയ പ്രതീകങ്ങളെയും ചരിത്രസ്മാരകങ്ങളെയും അപമാനിക്കുന്ന പുതിയ തലമുറയുടെ പ്രവണതയ്ക്കെതിരെ പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.