Editorial Audio
വെനസ്വേലയിൽ തകരാൻ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ, അതൊരു ഭൂകന്പത്തിലൂടെ പൂർത്തിയായിരിക്കുന്നു. നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. അറുനൂറോളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂവായിരത്തോളം പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അരലക്ഷത്തോളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, മരണസംഖ്യ 10,000 മുതൽ 1,00,000 വരെയാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരണസംഖ്യ 1,00,000 വരെയാകാൻ 30 ശതമാനം സാധ്യതയുണ്ടെന്ന ആശങ്കയാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രകടിപ്പിച്ചിരിക്കുന്നത്.
ബഹുനിലക്കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം വൈകുന്ന ഓരോ നിമിഷവും മരണസംഖ്യ വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മറഞ്ഞിരിക്കുന്ന മരണങ്ങളെ ഓർമിപ്പിക്കുന്നു. കെട്ടിടങ്ങൾക്കടിയിൽ ജീവനുവേണ്ടി പിടയുന്നവർ നിരവധിയുണ്ടാകാം. പരിക്കേറ്റവരുടെ വേദനയും ചികിത്സാ പരിമിതകളും മറ്റൊരു വെല്ലുവിളിയാണ്. അമേരിക്കയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇന്ത്യയുമൊക്കെ ഐക്യദാർഢ്യവും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം വെനസ്വേലയിൽ കേന്ദ്രീകരിക്കട്ടെ. തങ്ങൾ തനിച്ചല്ലെന്നു ദുരന്തമുഖത്തെ മനുഷ്യർ അറിയട്ടെ.
ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണ് തലസ്ഥാനമായ കാരക്കസില്‍നിന്ന് ഏകദേശം 290 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ആദ്യം 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പിന്നീട് 38 സെക്കന്‍ഡിനുശേഷം 7.5 തീവ്രത രേഖപ്പെടുത്തിയ ചലനവുമുണ്ടായി. അതിതീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും ഇരുപതോളം തുടർചലനങ്ങളും ഉണ്ടായതോടെ തലസ്ഥാനനഗരമായ കാരക്കസിൽ ഉൾപ്പെടെ കൂറ്റൻ കെട്ടിടങ്ങളും വീടുകളും നിലംപൊത്തി. ഇനിയൊരിക്കലും ഉപയോഗിക്കാനാവാത്തവിധം ചിലതു വീഴാറായി നിൽക്കുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ അവിടത്തെ മനുഷ്യരുടെ നിസഹായാവസ്ഥയും അനാഥത്വവും വെളിപ്പെടുത്തുന്നതാണ്. ആളുകൾ ശൂന്യമായ കൈകളോടെ പരക്കം പായുകയായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നിരന്തര സന്പർക്കത്തിലാണ്. ശാന്തത പാലിക്കാനും രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന ദുരിതാശ്വാസ-രക്ഷാ ഏജന്‍സികളെ പ്രതിസന്ധികൾ അറിയിക്കാനും ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ ജനങ്ങളോടു നിര്‍ദേശിച്ചു. എല്ലാം കേവലം നടപടിക്രമങ്ങളാണ്. ഭക്ഷണവും വെള്ളവും പാർപ്പിടവുമില്ലാതെ തെരുവുകളിലൂടെ അലയുന്ന മനുഷ്യരെ സംബന്ധിച്ച് സംയമനത്തിനും ജീവിതക്രമങ്ങൾക്കുമൊക്കെ എന്തർഥമാണുള്ളത്? സഹജീവികളുടെ സഹായഹസ്തങ്ങൾക്കു മാത്രമേ അവരുടെ ജീവിതത്തിന് എന്തെങ്കിലുമൊരു അർഥം സമ്മാനിക്കാനാകൂ.
പ്രസിഡന്റ് ഹൂഗോ ഷാവേസിനുശേഷം 2013ൽ അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോയുടെ കാലത്ത് വെനസ്വേല സാന്പത്തികമായി തകർന്നു. പക്ഷേ, തെരഞ്ഞെടുപ്പ് ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും അദ്ദേഹം അധികാരം നിലനിർത്തി. യുഎസിന്റെ കടുത്ത സാന്പത്തിക ഉപരോധങ്ങൾ സ്ഥിതി വഷളാക്കി. ലോകത്ത് എറ്റവും എണ്ണനിക്ഷേപമുള്ള രാജ്യം വയറുനിറച്ച് ഭക്ഷണം കഴിക്കാൻപോലുമാകാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ജനുവരി മൂന്നിന് അമേരിക്ക സൈനികനീക്കത്തിലൂടെ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി. അവർ അമേരിക്കയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാന്പത്തികമായി മുച്ചൂടും തകർന്ന രാജ്യത്തിന്റെ ബാക്കിയുള്ളതും തകർന്നതിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസിന് എന്തു ചെയ്യാനാകുമെന്നത് കാത്തിരുന്നു കാണണം.
വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ഇന്ത്യ ഇന്നലെ 35 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തവാർത്ത വന്നയുടെനെ ഉറപ്പുനൽകിയിരുന്നു. തങ്ങളുടെ ആറ് എയര്‍ബസ് ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടാന്‍ സജ്ജമാണെന്ന് ജര്‍മനിയും അറിയിച്ചിരുന്നു. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സഹായങ്ങളും അമേരിക്ക എത്തിച്ചുതുടങ്ങി. എൽസാൽവഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ രക്ഷാസേനകൾക്കൊപ്പം ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചുതുടങ്ങി. വെനസ്വേലയിലെ കാഴ്ചകൾ അത്യന്തം ഹൃദയഭേദകമാണെങ്കിലും ലോകമെങ്ങുംനിന്ന് അവിടേക്ക് ഒഴുകുന്ന സഹായങ്ങൾ ഹൃദയാവർജകമാണ്.
എല്ലാറ്റിലുമുപരി, വെനസ്വേല മനുഷ്യന്റെ നൈമിഷികമായ ജീവിതത്തെയും, യുദ്ധങ്ങളിലൂടെ അതിനെ ദുരന്തമാക്കുന്നതിന്റെ നിരർഥകതയെയും ഓർമിപ്പിക്കുന്നു. വീണുടഞ്ഞ ഒരു കെട്ടിടവും മതമോ രാഷ്ട്രീയമോ ചോദിക്കുന്നില്ല. അവശിഷ്ടങ്ങൾക്കടിയിൽ ഒരേ മാംസം, ഒരേ രക്തം...!
Tags : DEEPIKA EDITORIAL VENEZUELA EARTHQUAKE