പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കാൻ വീണ്ടും തപാൽ ഓഫിസുകളുടെ സേവനം തേടി ധന വകുപ്പ്. കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, ബാങ്കുകളിൽ എത്താൻ കഴിയാത്ത മറ്റു ഗുരുതരരോഗം ബാധിച്ചവർ തുടങ്ങിയവരുടെ വീടുകളിൽ ക്ഷേമപെൻഷൻ നേരിട്ട് എത്തിക്കാനായാണ് തപാൽ വകുപ്പുമായി ചർച്ചകൾ തുടങ്ങിയത്.
മണിയോർഡറായി പെൻഷൻ തുക വീടുകളിൽ എത്തിക്കുന്നതും ചർച്ചയിലുണ്ട്. നേരത്തേ തപാൽ വകുപ്പായിരുന്നു ക്ഷേമപെൻഷൻ വീടുകളിൽ എത്തിച്ചിരുന്നത്. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് പെൻഷൻ വിതരണം താറുമാറായതോടെയാണ് പുതിയ സംവിധാനത്തിലേക്കു മാറിയത്.
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നു സഹകരണ ബാങ്കുകളെ പൂർണമായി ഒഴിവാക്കിയ ശേഷമാണ് അവശ ജനവിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കാൻ സർക്കാർ ബദൽ മാർഗം തേടുന്നത്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ടു സഹകരണ ബാങ്കുകളിൽ നടന്ന ക്രമക്കേടിനെ തുടർന്ന് ഇവയെ ഒഴിവാക്കാൻ സർക്കാർ തീരുമാനിക്കുകയും ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഓണക്കാലമായതിനാൽ ഈ മാസം സഹകരണ ബാങ്ക് വഴിയുള്ള പെൻഷൻ വിതരണം തുടരാനും ധാരണയായിരുന്നു.
കിടപ്പു രോഗികൾക്ക് ക്ഷേമപെൻഷൻ വീടുകളിൽ എത്തിക്കുന്നതു തുടരും. ഇത് 10,000 പേരിൽ താഴെയെന്നാണ് കണക്ക്. എന്നാൽ, ബാങ്കുകളിൽ എത്താൻ കഴിയാത്ത ഭിന്നശേഷിക്കാൻ, കാഴ്ച പരിമിതർ തുടങ്ങിയവർക്കും പെൻഷൻ തുക വീടുകളിൽ എത്തിക്കേണ്ടി വരും. കേന്ദ്ര സർക്കാർ എട്ടു ലക്ഷത്തോളം പേർക്കു നൽകുന്ന ക്ഷേമപെൻഷനിൽ ഇത്തരം വിഭാഗത്തിലെ 19,825 പേരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്താകെ 51.11 ലക്ഷം പേരാണ് സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളായുള്ളത്. ഇതിൽ 23.14 ലക്ഷം പേർക്കാണ് സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്തിരുന്നത്.
സഹകരണ ബാങ്ക് വഴി നേരിട്ടു വിതരണം ചെയ്യുന്പോൾ ഒരാളുടെ പെൻഷൻ തുക വീട്ടിലെത്തിക്കാൻ 30 രൂപ വീതം സഹകരണ ബാങ്കുകൾക്ക് സർക്കാർ നൽകേണ്ടതുണ്ട്. ഇതിൽ 20 രൂപ പെൻഷൻ വീട്ടിൽ എത്തിക്കുന്ന കളക്ഷൻ ഏജന്റിനും 10 രൂപ സഹകരണ ബാങ്കിനുമാണ് ലഭിച്ചിരുന്നത്. ഇതു വലിയ സാന്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. പെൻഷൻ വിതരണം പൂർണമായി ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ (ഡിബിടി) വഴിയാക്കണമെന്നു കേന്ദ്രവും നിഷ്കർഷിക്കുന്നുണ്ട്. കേന്ദ്ര പെൻഷൻ വിഹിതം ബാങ്ക് വഴിയാക്കിയിട്ടുണ്ട്. ആധാർ ലിങ്കിംഗും നടപ്പാക്കും.
എന്നാൽ, ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ നൽകുന്പോൾ, ജൻധൻ അക്കൗണ്ട് അല്ലാത്തവർക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതായി പറയുന്നു. ക്ഷേമനിധി ബോർഡ് പെൻഷൻകാരിൽ ഒരു വിഭാഗം നേരത്തേയുള്ള ബാങ്ക് അക്കൗണ്ട് തന്നെയാണ് പെൻഷനായും നൽകിയത്.
എന്നാൽ, മിനിമം ബാലൻസ് സൂക്ഷിച്ചില്ലെന്നു പറഞ്ഞു ചില ബാങ്കുകൾ പെൻഷൻ തുകയിൽ ഒരുഭാഗം വെട്ടിക്കുറച്ചതായി പരാതി ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങൾക്കിടെയാണ് മുഴുവൻ പെൻഷൻ തുകവിതരണവും ബാങ്ക് വഴിയാക്കുന്നത്.
സഹകരണ സംഘങ്ങൾക്ക് ഇൻസന്റീവ് കുടിശിക
സാമൂഹിക ക്ഷേമപെൻഷൻ വീടുകളിൽ എത്തിച്ച സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് എട്ടു മാസത്തെ ഇൻസന്റീവ് കുടിശിക. പ്രതിമാസം ഏഴു കോടി രൂപ വീതം 56 കോടി രൂപയാണ് പെൻഷൻ വീടുകളിൽ എത്തിച്ചതിനായി ഇൻസന്റീവ് ഇനത്തിൽ കുടിശികയുള്ളത്. 2025 ഡിസംബർ മുതലുള്ള ഇൻസെന്റീവാണ് കുടിശികയായത്.
Tags : WelfarePensions Delivered Homes MoneyOrders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash