ഡോ. അനില്‍ മേനോന്
വാഷിംഗ്ടന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി യാത്രികന് ഡോ. അനില്‍ മേനോന് ആദ്യ സ്പേസ്വാക്ക് (ബഹിരാകാശനടത്തം) വിജയകരമായി പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം 6.03ന് ആരംഭിച്ച ദൗത്യം ഇന്നലെ പുലര്‍ച്ചെ 12.30ഓടെ അവസാനിച്ചു. ആറു മണിക്കൂറും 27 മിനിറ്റും നീണ്ടതായിരുന്നു അനില്‍ മേനോന്റെ സ്പേസ്വാക്ക്.
സഹയാത്രിക ജെസീക്ക മെയറും അനിലിനൊപ്പമുണ്ടായിരുന്നു. ജെസീക്കയുടെ ആറാമത്തെ നടത്തമായിരുന്നു ഇന്നലത്തേത്. ദൗത്യത്തിനിടെ ജെസീക്ക ചന്ദ്രനെ കാണിച്ചുകൊടുത്തപ്പോൾ, അവിടെ ഭാവിയിലെ ഒരു ചന്ദ്രതാവളം കാണാന്‍ കഴിയുന്നുണ്ടെന്ന് അനിൽ മേനോൻ മറുപടി നല്കി.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഊര്‍ജസംവിധാനം മെച്ചപ്പെടുത്തുന്നതിനായി പുതിയ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും സ്പേസ്വാക്ക് നടത്തിയതെന്ന് നാസ അറിയിച്ചു.
2021 മുതല്‍ ഇതുവരെ നടന്ന ബഹിരാകാശ നടത്തങ്ങളിലൂടെ ആറ് ഐറോസ പാനലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിലെത്തിക്കുന്ന ശേഷിക്കുന്ന രണ്ടു പാനലുകള്കൂടിയാണ് ഇനി സ്ഥാപിക്കാനുള്ളത്.
ഈ മാസം 13നു നടക്കുന്ന രണ്ടാമത്തെ ബഹിരാകാശ നടത്തത്തില്‍ രണ്ടു സഞ്ചാരികള്‍ ചേര്‍ന്ന് സ്പേസ്-ടു-ഗ്രൗണ്ട് ആന്റിന മാറ്റിവയ്ക്കും. 25നുള്ള മൂന്നാമത്തെ ബഹിരാകാശ നടത്തത്തില്‍ നിലയത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി പവര്‍ കേബിളുകളും ഡാറ്റാ റിലേ സംവിധാനങ്ങളും ബന്ധിപ്പിക്കും.
Tags : DrAnilMenon Completes Spacewalk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash