സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
വെള്ളരിക്കുണ്ട്: ഓണക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണ ശൃംഖല വഴി 1,65,000 മെട്രിക് ടൺ അരി വിതരണം ചെയ്യുമെന്നു ഭക്ഷ്യ- പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. ഓണവിപണി സജീവമാക്കുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ ഉന്നതികളിലേക്കു റേഷൻധാന്യങ്ങൾ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണു ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇതിനകംതന്നെ 73,000 മുൻഗണനാ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് എഎവൈ വിഭാഗക്കാർക്കു സൗജന്യ കിറ്റ് വിതരണം ചെയ്യും. റേഷൻവ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു.
Tags : MobileRationShop Project Launched AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash