ടെഹ്റാൻ: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് ഇറാൻ ദേശീയ ടീം. ലോകകപ്പിലേക്കു സ്വാഗതം, പക്ഷേ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇറാൻ ടീം അമേരിക്കയിലേക്കു വരാതിരിക്കുന്നതാവും നല്ലതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാൻ ടീം.
തങ്ങൾ ലോകകപ്പിനായി യോഗ്യത നേടിയ ആദ്യ ടീമുകളിലൊന്നാണെന്നും, തങ്ങളെ പുറത്താക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആതിഥേയരായതുകൊണ്ട് മാത്രം കളിക്കുന്ന അമേരിക്കയ്ക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയ്ക്ക് എന്തുകൊണ്ട് സാധിക്കില്ലെന്നും ഇറാൻ ചോദിച്ചു.
ട്രംപിന്റെ പ്രസ്താവനയോട് 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചാണ് ഇറാൻ ടീം സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ഫിഫ പ്രസിഡന്റും ഇറാന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു.
യുഎസ്- ഇസ്രയേൽ സൈനിക നടപടിയിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട സാഹചര്യത്തിൽ തങ്ങളുടെ ടീമിനെ അമേരിക്കയിലേക്കു ലോകകപ്പിനു വിടാൻ കഴിയില്ലെന്നു ഇറാൻ കായികമന്ത്രി അഹമ്മദ് ഡോന്യാമലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒൗദ്യോഗികമായ പിന്മാറ്റ പ്രഖ്യാപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ട്രംപിനു മറുപടിയുമായി ഇറാൻ ടീം രംഗത്തുവന്നത്.
ഫിഫ റാങ്കിങ്ങിൽ 20-ാം സ്ഥാനക്കാരായ ഇറാൻ കഴിഞ്ഞ ആറ് ലോകകപ്പുകളിലും മത്സരിച്ചിരുന്നു.
Tags : Trump trolls Iran football team FIFA World Cup