ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അയർലൻഡിനെ ഒന്പത് വിക്കറ്റുകൾക്ക് തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 15.3 ഓവറിൽ ശ്രീലങ്ക മറികടന്നു. ക്യാപ്റ്റൻ ചമാരി അത്തപത്തുവിന്റെ സെഞ്ചുറിയുടെ മികവിലാണ് ശ്രീലങ്ക അനായാസമായി ലക്ഷ്യം മറികടന്നത്. 61 പന്തിൽ 106 റൺസ് നേടി ചമാരി പുറത്താവാതെ നിന്നു. 17 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ചമാരിയുടെ ഇന്നിംഗ്സ്.
നാല് റൺസെടുത്ത നിലാക്ഷിക സിൽവയും പുറത്താവാതെ നിന്നു. 20 റൺസെടുത്ത ഇമേഷ ദുലാനിയുടെ വിക്കറ്റ് മാത്രമാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. അയർലൻഡിന് വേണ്ടി ഒർള പ്രെൻഡർഗാസ്റ്റാണ് വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 130 റൺസെടുത്തത്. ക്യാപ്റ്റൻ ഗാബി ലെവിസ് 59 റൺസും അലിസ് ടെക്റ്റർ 28 റൺസും ലിയ പോൾ 20 റൺസും സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി മിതാലി അയോധ്യയും സുഗന്ധിക കുമാരിയും ക്യാപ്റ്റൻ ചമാരി അത്തപത്തുവും നിലാക്ഷിക സിൽവയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ നാല് പോയിന്റായ ശ്രീലങ്ക സെമി സാധ്യതകൾ നിലനിർത്തി. ഗ്രൂപ്പ് ബിയിൽ നിലവിൽ നാലാമതാണ് ശ്രീലങ്ക.
Tags : icc women's t20 world cup sri lanka beats ireland