NRI
ഡബ്ലിൻ: മലയാളിയായ മഞ്ജു ദേവിയെ അയർലൻഡിൽ ഭരണകക്ഷിയായ ഫിനഫോയിൽ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. അയർലൻഡിന്റെ ചരിത്രത്തിലാദ്യമായാണ് ഭരണകക്ഷിയുടെ സുപ്രധാന ദേശീയ എക്സിക്യൂട്ടീവിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഒരാളെ തെരഞ്ഞെടുക്കുന്നത്.
ദേശീയ തലത്തിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് കോട്ടയം പാലാക്കാരിയായ മഞ്ജു ദേവിയെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ പാർലമെന്റിലേക്കുള്ള മത്സരത്തിൽ പാർട്ടി ടിക്കറ്റിൽ മഞ്ജു ദേവി മത്സരിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ആദ്യമായാണ് പാർലമെന്റിലേക്ക് മത്സരിക്കാൻ പാർട്ടി അവസരം നൽകിയത്. ഡബ്ലിൻ മാറ്റർ ഹോസ്പിറ്റലിൽ നഴ്സായി ജോലി നോക്കി വരുന്ന മഞ്ജു ദേവിയെ പാർട്ടിയുടെ 15 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുത്തത്.
നിലവിൽ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആണ് പാർട്ടിയുടെ പ്രസിഡന്റ്. പാർട്ടി നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമിതിയിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
പാലാ വിളക്കുമാടം മണിമന്ദിരത്തിൽ കരസേനാംഗമായിരുന്ന മേജർ കെ.എം.ബി. ആചാരിയുടെയും രാധാമണിയുടെയും മകളാണ്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ശ്യാം മോഹനാണ് ഭർത്താവ്. മക്കൾ: ദിയ, ശ്രേയ.
NRI
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ നടന്നു.
വിശ്വാസത്തിന്റെ ആത്മാവിനെ വിവിധ കലാരൂപങ്ങളിലൂടെ അവതരിച്ച ഈ മഹോത്സവം നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും കുട്ടികളുടെ പ്രതിനിധികളും ചേർന്ന് തിരിതെളിച്ച് കലോത്സവത്തിന് തുടക്കം കുറിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ കാറ്റിക്കിസം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ, ബൈബിൾ ഫെസ്റ്റ് ഡയറക്ടർ ഫാ. ജെയിൻ മന്നത്തുകാരൻ, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ്, സെക്രട്ടറി ലിജി ലിജോ, കാറ്റിക്കിസം സെക്രട്ടറി ജോസ് ചാക്കോ, കലോത്സവം കോഓർഡിനേറ്റർ ബാബു ജോസഫ്, ജിൻസി ജിജി, പിആർഒ ബിജു നടയ്ക്കൽ, വിവിധ റീജിയണൽ കാറ്റിക്കിസം സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ സെക്രട്ടറി ജിമ്മി ആന്റണി, ട്രസ്റ്റി ബെന്നി ജോൺ, നാഷണൽ, റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മത്സരാർഥികൾക്കും സംഘാടകർക്കും പ്രോത്സാഹനമായി യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കലോത്സവത്തിൽ സാന്നിധ്യം വഹിച്ചു.
അയർലൻഡിലെ നാല് റീജിയണുകളിൽ നടന്ന കലോത്സവങ്ങളിൽ വിജയികളായ മത്സരാർഥികളാണ് നാഷണൽ തല മത്സരങ്ങളിൽ പങ്കെടുത്തത്. അയർലൻഡും നോർത്ത് അയർലൻഡും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം കലോത്സവത്തെ മലയാളി സമൂഹത്തിന്റെ പ്രധാന കലാസംഗമങ്ങളിലൊന്നാക്കി ഉയർത്തി.
ബൈബിൾ ആശയങ്ങളെ ആസ്പദമാക്കിയ കലാപ്രകടനങ്ങൾ മത്സരാത്മകതയും കലാസൗന്ദര്യവും സമന്വയിപ്പിച്ചു. നൃത്തം, ഗാനാലാപനം, ചിത്രരചന, ഏകാഭിനയം, സ്കിറ്റ് തുടങ്ങി വിവിധ മത്സരവിഭാഗങ്ങളിൽ കുട്ടികളും മുതിർന്നവരും തുല്യോത്സാഹത്തോടെ പങ്കെടുത്തു.
കലാസമ്പന്നമായ അവതരണങ്ങളും മനോഹരമായ വേഷഭൂഷകളും നൃത്തവേദിയെ മിഴിവാർന്നതാക്കി.
NRI
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോമലബാർ സഭയുടെ അഭിമാനവുമായ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഹൃദ്യമായ സ്വീകരണം നൽകി. കർദിനാൾ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ അയർലൻഡ് സന്ദർശനത്തിനായാണ് കർദിനാൾ എത്തിച്ചേർന്നത്.
ഡബ്ലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സീറോമലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യ ഓലിയക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും കർദിനാളിനൊപ്പമുണ്ടായിരുന്നു.
ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു കണ്ണമ്പള്ളി, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഡബ്ലിൻ റീജിയണൽ കൗൺസിൽ ഭാരവാഹികൾ എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ശനിയാഴ്ച പരിശുദ്ധ അമ്മയുടെ അനുഗ്രഹസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടനകേന്ദ്രത്തിലേക്ക് സംഘടിപ്പിക്കുന്ന അയർലൻഡ് സീറോമലബാർ സഭയുടെ ദേശീയ മരിയൻ തീർഥാടനത്തിന് മാർ ജോർജ് ജേക്കബ് കൂവക്കാട്ട് നേതൃത്വം നൽകും.
രാവിലെ 9.45ന് നോക്ക് ബസലിക്കയിൽ ജപമാലയോടെ തീർഥാടനാചരണങ്ങൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷപൂർവമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. മാർ ജോർജ് ജേക്കബ് കൂവക്കാട്ട് മുഖ്യകാർമികനായിരിക്കും.
ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്, അയർലൻഡിലുടനീളമുള്ള സീറോമലബാർ വൈദികർ എന്നിവർ തീർഥാടനത്തിൽ സഹകാർമികരായിരിക്കും. രാവിലെ 10ന് നോക്ക് ദേവാലയത്തിൽ കർദിനാളിന് അയർലൻഡ് സീറോമലബാർ സഭയുടെ ഔദ്യോഗിക സ്വീകരണവും നൽകും.
NRI
ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ നടന്നു. പ്രത്യാശയും ഐശ്വര്യവും സ്നേഹവും വിളിച്ചോതുന്ന ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു.
നീനാ കൈരളി പ്രസിഡന്റ് ജെയ്സൺ ജോസഫ് സ്വാഗതം പറഞ്ഞു. തുടർന്ന് നീനാ സെന്റ് മേരീസ് ചർച്ചിലെ വൈദികൻ ഫാ. റെക്സൻ ചുള്ളിക്കലും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുമയുടെ മനോഹരമായ സന്ദേശം ഫാ. റെക്സൻ ചുള്ളിക്കൽ നൽകി.
NRI
വാട്ടർഫോർഡ്: അയർലൻഡ് സന്ദർശിക്കുന്ന ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് വാട്ടർഫോർഡ് - ലിസ്മോർ രൂപതയുടെ ആസ്ഥാനമായ ജോൺസ് ഹില്ലിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ആർച്ച്ബിഷപിനെ വാട്ടർഫോർഡ് രൂപതാധ്യക്ഷൻ ബിഷപ് അൽഫോൺസസ് കള്ളിനാൻ സ്വീകരിച്ചു. ലോകത്തിന്റെ ഇരുവശങ്ങളിലുള്ള രണ്ട് പുരാതന ക്രിസ്തീയ സംസ്കാരങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ വിളംബരമായി കൂടിക്കാഴ്ച മാറി.
NRI
ഡബ്ലിൻ: ബ്ലാക്ക്റോക്കിൽ ഇടവക മാധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ മേയ് ഒന്നിന് ആരംഭിക്കും. ബ്ലാക്ക്റോക്ക് സെന്റ് ജോസഫ്സ് മാസ് സെന്ററിൽ ആഘോഷിക്കുന്ന തിരുന്നാൾ മേയ് നാലുവരെ നീണ്ടുനിൽക്കും.
ഗാർഡിയൻ എയ്ഞ്ചൽ ദേവാലയത്തിലെ സീറോമലബാർ ശുശ്രൂഷകളുടെ പത്താം വാർഷികം, ഇടവക ദിനം, മതബോധന ദിനം തുടങ്ങിയവ ഇതോടൊപ്പം നടക്കും. മേയ് ഒന്നിന് രാത്രി ഏഴിന് വികാരി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ കൊടിയേറ്റം നടത്തുന്നതോടെ തിരുനാളിന് തുടക്കമാവും.
തുടർന്ന് നൊവേന വിശുദ്ധ കുർബാന എന്നിവ നടക്കും. മേയ് രണ്ടിന് വൈകുന്നേരം ആറിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
മേയ് മൂന്നിന് തിരുനാൾ റാസ നൊവേന തുടങ്ങിയവ നടക്കും. ഫാ. വിനു പുളിഞ്ചുവള്ളിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ബൈജു കണ്ണമ്പള്ളി, ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ സഹകാർമികരായിരിക്കും
സമാപന ദിനമായ മേയ് നാലിന് ഉച്ചയ്ക്ക് 12.30ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഫാ. രാജേഷ് മേച്ചിറകത്ത് മുഖ്യകാർമികത്വം വഹിക്കും. ഫാ. ഷിന്റോ തോമസ്, ഫാ. ജിൻസ് തോമസ് വാളിപ്ലാക്കൽ എന്നിവർ സഹകാർമികരായിരിക്കും.
അന്നെ ദിവസം വചന സന്ദേശം, പ്രദക്ഷിണം, ലദീഞ്ഞ് വിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്, പൊതുസമ്മേളനം, കലാപരിപാടികൾ തുടങ്ങിയവ നടക്കും.
NRI
ഡബ്ലിന്‍: അയര്‍ലൻഡിലെ സീറോമലബാര്‍ സഭയുടെ ദേശീയ നോക്ക് മരിയന്‍ തീര്‍ഥാടനം മേയ് ഒമ്പതിന് നടക്കും. കൗണ്ടി മേയോയിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ - മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ അയര്‍ലൻഡിലെ മുഴുവൻ വിശ്വാസികളും ഒന്നിച്ചുചേരും.
സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന സെന്ററിൽ നിന്നുള്ളവർ തീർഥാടനത്തിൽ പങ്കെടുക്കും. മേയ് ഒമ്പതിന് രാവിലെ 9.45നു നോക്ക് ബസിലിക്കയില്‍ ജപമാല ആരംഭിക്കും. തുടര്‍ന്ന് ആഘോഷപൂര്‍വമായ സീറോമലബാര്‍ വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാട് മുഖ്യ കാർമികത്വം വഹിക്കും. സീറോമലബാര്‍ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും അയര്‍ലൻഡ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും അയര്‍ലൻഡിലെ മുഴുവന്‍ സീറോമലബാര്‍ സഭ വൈദികരും തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളെ പ്രത്യേകമായി ആദരിക്കും. കാറ്റിക്കിസം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളെയും ബൈബിള്‍ ക്വിസ് മത്സരങ്ങളില്‍ ദേശീയതലത്തില്‍ വിജയം കൈവരിച്ചവരേയും 2025-ലെ ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളേയും ആദരിക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ശനിയാഴ്ച താലായിൽ നടക്കും. ഡബ്ലിൻ റീജിയൺ ആതിഥേയത്വം വഹിക്കുന്ന ഈ മഹത്തായ വിശ്വാസ കലാമാമാങ്കം താലായിലെ സെന്റ് മാർക്ക് സ്കൂളിൽ അരങ്ങേറും. രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും.
അയർലൻഡിലെ നാല് റീജിയണുകളിൽ മാർച്ച് മാസത്തിൽ സംഘടിപ്പിച്ച പ്രാഥമിക മത്സരങ്ങളിൽ വിജയിച്ച് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഈ കലാമേളയിൽ ഏറ്റുമുട്ടും. വിവിധ പ്രായക്കാർക്കുള്ള ഏഴ് വിഭാഗങ്ങളിൽ 17 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശ്വാസവും ബൈബിൾ അറിവും കലാപരമായ കഴിവുകളുമായി സംയോജിപ്പിച്ച്, മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഈ കലോത്സവം.
ബൈബിൾ അധിഷ്ഠിതമായ മൂല്യങ്ങൾ ജീവിതത്തിൽ കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം, സമൂഹത്തിൽ ആത്മീയ ഐക്യം വളർത്തുന്നതിനും ഈ കലോത്സവം നിർണായകമായ പങ്ക് വഹിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ പാസ്റ്ററൽ കൗൺസിൽ, കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, ഡബ്ലിൻ റീജിയണൽ കൗൺസിൽ, താല കുർബാന സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഏവരേയും കലോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026ലെ വടംവലി മാമാങ്കത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ ആറിന് കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (Eir Code: V42 N611) വച്ചാണ് മത്സരം.
ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (NICA) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പോരാട്ടത്തിൽ അയർലണ്ടിലെ പ്രഗത്ഭരായ നിരവധി ടീമുകളാണ് പോരാടുന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വടംവലി മത്സരത്തിലെ വിജയികൾക്കായി ഒന്നാം സമ്മാനമായി 1000 യൂറോയും രണ്ടാം സമ്മാനമായി 750 യൂറോയും മൂന്നാം സമ്മാനമായി 500 യൂറോയും നാലാം സമ്മാനമായി 250 യൂറോയും നൽകും.
ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ന്യൂകാസ്റ്റിൽ വെസ്റ്റ് സമ്മർ ഫെസ്റ്റിനോടനുബന്ധിച്ച് ആകർഷകമായ സിനിമാറ്റിക് ഡാൻസ് മത്സരവും അരങ്ങേറും. സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 150, 100, 50 യൂറോ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 100 യൂറോ രജിസ്ട്രേഷൻ ഫീസും സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 50 യൂറോ രജിസ്ട്രേഷൻ ഫീസും ഉണ്ടായിരിക്കുന്നതാണ്.
ഇവ കൂടാതെ കാണികൾക്കായി ഗാനമേള, വൈവിധ്യമാർന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കായി ബൗൺസിംഗ് കാസിൽ തുടങ്ങി നിരവധി വിനോദ പരിപാടികളും സമ്മർ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാത്രി ഒമ്പത് വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഗ്രൗണ്ടിൽ ലഭ്യമായിരിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: സിബി ജോണി - 087 141 8392, ടിനു ജോയ് - 089 488 2360.
NRI
ഡബ്ലിൻ:അയർലൻഡ് സീറോമലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മേയ് 23, 24, 25 തീയതികളിൽ നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ത്രിദിന കോഴ്സ് ഡബ്ലിനിലാണ് നടത്തപ്പെടുന്നത്.
ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ആറിന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോമലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
ഡബ്ലിൻ സീറോമലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക, രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഈ വർഷം ജൂൺ 26, 27, 28, നവംബർ 6, 7, 8 തീയതികളിലും കോഴ്സുകൾ ഉണ്ടായിർക്കും.
ഈ കോഴ്സുകളിലേക്കും ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സീറ്റുകൾ പരിമിതമായതിനാൽ മുൻകൂർ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണമെണമെന്നും സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിശദവിവരങ്ങൾ അയർലൻഡ് സീറോമലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. സിജോ വെങ്കിട്ടയ്ക്കൽ - +353 894 884 733, ആൽഫി ബിനു - +353 87 767 8365, ലിജി ലിജോ - +353 86 303 4930.
NRI
ഡബ്ലിൻ: അയർലൻഡിൽ ഐറീഷ് നേഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളികളായ വർഗീസ് ജോയിയും ത്രേസ്യ ദേവസിയും വിജയിച്ചു.
മൈഗ്രൻഡ് നഴ്സസ് അയർലൻഡിന്റെ പിന്തുണയോടെ മാനേജ്മെന്റ് കാറ്റഗറിയിലേക്കാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വർഗീസ് ജോയിയും ത്രേസ്യ ദേവസ്യയും അയർലൻഡിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു വരുന്നു.
വർഗീസ് ജോയ് മൈഗ്രൻഡ് നഴ്സസ് അയർലൻഡ് ദേശീയ കൺവീനറും ത്രേസ്യാ ദേവസി ഡബ്ലിൻ നോർത്ത് കമ്മിറ്റി അംഗവുമാണ്. മൈഗ്രൻഡ് നേഴ്സസ് അയർലൻഡ് രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ ആറു വർഷമായി ഇവർ അയർലൻഡിൽ ഉടനീളമുള്ള കുടിയേറ്റ നഴ്സുമാർക്കൊപ്പം നിന്ന് പ്രവർത്തിച്ചുവരുന്നു
മലയാളികൾ ഉൾപ്പെടുന്ന നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വിജയികളായ വർഗീസ് ജോയിയും ത്രേസ്യാ ദേവസ്യയും ദീപികയോട് പറഞ്ഞു.
നഴ്സിംഗ് മേഖലയിൽ നിലവിൽ അരലക്ഷത്തിലേറെ അംഗങ്ങളുള്ള അയർലൻഡിലെ ഏറ്റവും വലിയ സംഘടനയാണ് ഐഎൻഎംഒ. അയർലൻഡിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ വർഗീസ് ജോയ്,ഡബ്ലിൻ ചെറി ഓർച്ചാർഡ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ ഡയറക്ടറാണ്.
തൃശൂർ ചേലക്കര സ്വദേശിയാണ്. ഭാര്യ സൗമ്യ പോൾ. മക്കൾ ജോർജ്, മെറിയം, അർജുൻ. ഡബ്ലിൻ മേറ്റർ മിസറികോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ആണ് ത്രേസ്യ ദേവസി. ചാലക്കുടി കൊരട്ടി സ്വദേശിയാണ്. ഭർത്താവ് ആന്റണി ഡിസൂസ, മക്കൾ ആഷ്ടൻ, അശ്വിനി.
International
ഡബ്ലിൻ: മലയാളിയായ തോമസ് ജോസഫിനെ അയർലൻഡിൽ ഓത്ത്സ് കമ്മീഷണറായി നിയമിച്ചു.
ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിൽ എത്തുന്നത്. തലസ്ഥാന നഗരമായ ഡബ്ലിൻ ഏരിയയിലാണ് നിയമനം.
ഐറിഷ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് തോമസ് ജോസഫിന് നിയമനം നൽകിയത്. നിലവിൽ പീസ് കമ്മീഷണറായ ഇദ്ദേഹം ഡല്ലേരി കൗണ്ടിയിൽ കൗൺസിലർ കൂടിയാണ്. ലേബർ പാർട്ടി പ്രതിനിധിയാണ്. ഇദ്ദേഹം ഡബ്ലിനിൽ ഐടി സ്പെഷലിസ്റ്റാണ്. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നു.
ഓത്ത്സ് കമ്മീഷണർ പദവിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗജന്യമായി നിറവേറ്റുമെന്ന് തോമസ് ജോസഫ് ദീപികയോട് പറഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി അയർലൻഡിലെ പൊതുപ്രവർത്തനരംഗത്തുള്ള തോമസ് ജോസഫ് ഇടുക്കി ഉപ്പുതോട് വേഴപ്പശേരിൽ പരേതരായ ജോസഫ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ മഞ്ജുഷ് മാത്യു (ട്യൂട്ടർ, നിയോനേറ്റൽ, എച്ച്എസ്ഇ, ഡബ്ലിൻ) മക്കൾ ആൻസെൽ, ആൽഫി, ആന്റോൺ.
NRI
ഡബ്ലിൻ: മലയാളിയായ തോമസ് ജോസഫിനെ അയർലൻഡിൽ ഓത്ത്സ് കമ്മീഷണറായി നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിൽ എത്തുന്നത്. തലസ്ഥാന നഗരമായ ഡബ്ലിൻ ഏരിയയിലാണ് നിയമനം.
ഐറീഷ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് തോമസ് ജോസഫിന് നിയമനം നൽകിയത്. നിലവിൽ പീസ് കമ്മീഷണറായ ഇദ്ദേഹം ഡല്ലേരി കൗണ്ടിയിൽ കൗൺസിലർ കൂടിയാണ്. ലേബർ പാർട്ടി പ്രതിനിധിയാണ്. ഇദ്ദേഹം ഡബ്ലിനിൽ ഐ ടി സ്പെഷ്യലിസ്റ്റ് ആയി ജോലി നോക്കി വരുന്നു.
ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നു. ഓത്ത്സ് കമ്മീഷണർ പദവിയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് തോമസ് ജോസഫ് ദീപികയോട് പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേറെയായി അയർലൻഡിലെ പൊതുപ്രവർത്തനരംഗത്തുള്ള തോമസ് ജോസഫ് ഇടുക്കി ഉപ്പുതോട് വേഴന്പശ്ശേരിൽ പരേതരായ ജോസഫ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ മഞ്ജുഷ് മാത്യു (ട്യൂട്ടർ, നിയോനേറ്റൽ, എച്ച്എസ്ഇ, ഡബ്ലിൻ). മക്കൾ: ആൻസെൽ, ആൽഫി, ആൻന്റോൺ.
സയൻസിൽ ബിരുദവും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള തോമസ് ജോസഫ് ഐടി ആർക്കിടെക്റ്റാണ്. ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിസിനസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ട്രിനിറ്റി കോളജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളജ് കോർക്ക് എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.
ഇടുക്കി മുരിക്കാശേരി പാവനാത്മ കോളജിൽ നിന്നും ബിരുദവും തുടർന്ന് മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയ ശേഷമാണ് തോമസ് ജോസഫ് അയർലൻഡിൽ എത്തിയത്.
സ്റ്റാറ്റ്യൂട്ടറി ഡിക്കളറേഷനുകൾ, ഡോക്യുമെന്റ്, അഫഡവിറ്റ്, തുടങ്ങിയവ സാക്ഷ്യപ്പെടുത്തുന്നതിനുള്ള വിപുലമായ അധികാരമാണ് ഓത്ത്സ് കമ്മീഷണർക്കുള്ളത്.
തോമസ് ജോസഫ് എച്ച്എസ്ഇ സൗത്ത് ഈസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, ഡബ്ലിൻ സെന്റർ വിദ്യാഭ്യാസ വകുപ്പ് കൺസൾട്ടന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു.
NRI
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ലിമെറിക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 14,15,16 തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക് പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും.
ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്ററായ അതിരമ്പുഴ കാരിസ്ഭവന്റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal.
ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016ൽ ആജീവനാന്ത കരുണയുടെ മിഷണറിയായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചിരുന്നു.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2026 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർഥം ബ്രേക്ഫാസ്റ്റും സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
വേദി: Limerick Race Course,Green mount park Patrickswell, V94K858
കൂടുതൽ വിവരങ്ങൾക്ക്: മോനച്ചൻ നരകത്തറ - 0877553271, ജോഷൻ കെ. ആന്റണി - 0899753535.
NRI
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ യുഡിഎഫ് അനുകൂല സംഘടനകളുമായി ചേർന്ന് ശനിയാഴ്ച തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നു.
വൈകുന്നേരം നാലിന് ലിഫി വാലിയിലെ ഷീല പാലസിലാണ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.
എല്ലാ ജനാധിപത്യ വിശ്വസികളയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്ത്തിയശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ പരമ്പര ബിസിസിഐ പ്രഖ്യാപിച്ചു.
ജൂണില്‍ അയര്‍ലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ, രണ്ട് ട്വന്റി-20 കളിക്കും. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി ജൂണില്‍ ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ എത്തും. ജൂലൈ ഒന്ന് മുതല്‍ 19വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇന്ത്യഅയര്ലന്ഡില് കളിക്കും.
ഇന്ത്യക്ക് എതിരായ പരമ്പരയില്‍ അയര്‍ലന്‍ഡ് പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഇറങ്ങും. ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പോള്‍ സ്റ്റിര്‍ലിംഗ് ഇന്നലെ പടിയിറങ്ങി.
NRI
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി അയർലൻഡിലെ സീറോമലബാർ സഭയുടെ നേതൃത്വത്തിൽ വിവിധ കുർബാന സെന്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ വെള്ളി, ശനി, ഞായർ (മാർച്ച് 20, 21, 22) ദിവസങ്ങളിൽ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരേയും ശനിയാഴ്ച ഉച്ചക്ക് 12.30 മുതൽ രാത്രി ഒമ്പത് വരേയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ധ്യാനം നയിക്കും.
ആത്മീയ-മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാന ദിവസങ്ങളിൽ വി. കുർബാനയോടും വചന പ്രഘോഷണത്തോടും ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
NRI
ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിൽ നടന്ന സെന്റ് പാട്രിക് ദിനാഘോഷ പരിപാടി വർണാഭമായി. തലസ്ഥാന നഗരമായ ഡബ്ലിനിൽ നടന്ന പരേഡ് വീക്ഷിക്കാൻ അഞ്ച് ലക്ഷത്തിലേറെ പേരെത്തി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയായിരത്തോളം പേർ പരേഡിൽ അണിനിരന്നു. ഏറെ പ്രസന്നമായ കാലാവസ്ഥായിലായിരുന്നു പരേഡ്. ഡബ്ലിൻ കണ്ടതിൽ വച്ചേറ്റവും വലിയ ജനസാന്നിധ്യമായിരുന്നു ഇത്തവണത്തേത്.
ഡബ്ലിൻ പാർനൽ സ്ട്രീറ്റ് നോർത്തിൽ നിന്നും ആരംഭിച്ച പരേഡ് കെവിൻ സ്ട്രീറ്റ് ലോവറിൽ സമാപിച്ചു. അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എ ഡി 461 മാർച്ച് 17നാണ് മരണമടഞ്ഞത്.
എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
NRI
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തുടർച്ച ഉറപ്പാക്കുന്നതിനായി രൂപീകരിച്ച എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പിന്റെ പ്രവർത്തനോദ്ഘാനം നടന്നു.
ശനിയാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇടതുപക്ഷ അനുഭാവികൾ പങ്കെടുത്തു. മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നവകേരള നിർമിതിയിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ചും ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ പ്രവാസികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വികസന രേഖയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. യൂത്ത് ഫ്രണ്ട് എം പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് കൺവീനർ രാജേഷ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തവർക്ക് എഐസി ബ്രിട്ടൻ ആൻഡ് അയർലൻഡ് സെക്രട്ടറി സി.എൻ. ജനേഷ് സ്വാഗതം ആശംസിച്ചു.
എ.കെ. ഷിനിത്ത് (ക്രാന്തി അയർലൻഡ് ആൻഡ് ജോയിന്റ് കൺവീനർ, എൽഡിഎഫ് യുകെ - അയർലൻഡ്), ഗിരികൃഷ്ണൻ (സംസ്കാര ജർമനി), നവീൻ (കൈരളി യുകെ), അരുൺ ബെന്നി (യുവധാര മാൾട്ട - സെക്രട്ടറി), മിഥുൻ (പോളണ്ട് - ലോക കേരള സഭ അംഗം), സണ്ണി ജോസഫ് (കെഎഫ്പിഎസ് സ്വിറ്റ്സർലൻഡ്) തുടങ്ങിയവർ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ചു.
ജർമനിയിൽ നിന്നുള്ള ശിവഹരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കേരളത്തിലെ വികസന തുടർച്ചയ്ക്കായി യൂറോപ്പിലെമ്പാടുമുള്ള പ്രവാസി മലയാളികളെ അണിനിരത്തിക്കൊണ്ട് വിപുലമായ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡ് മലയാളി ബിനു ജോസഫ് ലൂക്ക് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഹ്രസ്വചിത്രം "അടയാളം' വെള്ളിയാഴ്ച റിലീസിന് ചെയ്യും. സൈന മൂവീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് റിലീസ്.
ജോസ്കോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ ഉണ്ണികൃഷ്ണനാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബിനു, ലെന്ന പോൾ, എസ്.വി. ശിവപ്രസാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലുള്ളത്.
സച്ചിനും ജിതിനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ. ജയശങ്കറാണ് സംഗീതം നിർവഹിച്ചത്. അഖിൽ കൃഷ്ണ, സച്ചു സുരേന്ദ്രൻ, പ്രതീഷ്, സച്ചിൻ, ഷെയിൻ റെയ്നോൾഡ്, അഖിൽ പാമ്പാടി, സന്ദീപ്, ജോസ് വിൻ, വിഷ്ണു, സമീർ, ജാദേർ തുടങ്ങിയവരാണ് പ്രധാന അണിയറ പ്രവർത്തകർ.
പ്രധാന വേഷത്തിലെത്തുന്ന ബിനു ജോസഫ് അയർലൻഡിൽ സൈക്യാട്രി നഴ്സായി ജോലി നോക്കി വരുന്നു.തിരുവല്ല സ്വദേശിയാണ്. അയർലൻഡിൽ ഡബ്ലിൻ സാൻഡിഫോർഡ് സ്റ്റെപ്പ്എസൈഡിലാണ് താമസിക്കുന്നത്.
ഭാര്യ അനു. മക്കൾ അലീന, ആരോൺ, അഞ്ജലീന. നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിനു ജോസഫ്, സല്യൂട്ട്, പ്രതി പൂവൻ കോഴി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
NRI
ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരമായ ഡബ്ലിനിൽ മാർച്ച് 17നു ചൊവ്വാഴ്ച സെന്റ് പാട്രിക് പരേഡ് നടക്കും.
പരിപാടി വീക്ഷിക്കാൻ അഞ്ചു ലക്ഷം പേരെത്തും. ഉച്ചയ്ക്ക് 12ന് ഡബ്ലിൻ നോർത്ത് സിറ്റിയിൽ നിന്നും ആരംഭിക്കുന്ന പരേഡ് കെവിൻ സ്ട്രീറ്റ് ജംഗ്ഷനിൽ സമാപിക്കും.
ആഘോഷ പരിപാടികൾ മാർച്ച് 18 വരെ നീണ്ടു നിൽക്കും. ഇതിന്റെ ഭാഗമായി അയർലൻഡിൽ ഉടനീളം ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
അയർലൻഡിന്റെ മധ്യസ്ഥനായ സെന്റ് പാട്രിക് എഡി 461 മാർച്ച് 17നാണ് മരണമടഞ്ഞത്. എല്ലാ വർഷവും അന്നേ ദിവസമാണ് അയർലൻഡിലും ലോകത്തിന്റെ മറ്റിടങ്ങളിലും സെന്റ് പാട്രിക് പരേഡുകൾ നടന്നു വരുന്നത്.
ഡബ്ലിനിൽ നടക്കുന്ന പരിപാടികളിൽ അയായിരത്തിലേറെ കലാകാരൻമാർ പങ്കെടുക്കും. പരേഡിന് പുറമെ കാർണിവലുകൾ, സംഗീത നിശ, നൃത്തം, നാടകം തുടങ്ങിയവ നടക്കും.
സ്കോട്ലൻഡിൽ ജനിച്ച സെന്റ് പാട്രിക് പതിനാറാം വയസിൽ അടിമവേലക്കായാണ് അയർലൻഡിലെത്തിയത്. ആട്ടിടയനായ ഇദ്ദേഹം നിരന്തര പ്രാർഥനകളിൽ മുഴുകി.
പിന്നീട് സ്വപ്നത്തിൽ ദൈവസന്ദേശം ലഭിച്ചതനുസരിച്ചു ബ്രിട്ടനിലേക്ക് പോയി അവിടെ വൈദികപഠനം പൂർത്തിയാക്കി.
NRI
ലണ്ടൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് ജനാധിപത്യ മുന്നണിയുടെ ഭരണതുടർച്ച ഉറപ്പാക്കുന്നതിനായി പ്രവാസലോകത്തുനിന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കും.
മന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ റോഷി അഗസ്റ്റിൻ, മുൻ മന്ത്രിയും സിപിഎം നേതാവുമായ ടി.എം. തോമസ് ഐസക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും എൽഡിഎഫ് യുകെ - അയർലൻഡ് കമ്മിറ്റി അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു.
ഭാരവാഹികൾ - കൺവീനർ: രാജേഷ് കൃഷ്ണ, ജോയിന്റ് കൺവീനർമാർ: ജിജോ അരയത്ത്, എ.കെ. ഷിനിത്ത്, ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, നവീൻ ഹരി തുടങ്ങിയ നേതാക്കൾ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിൻ രാജു, ബിനോജ് ജോൺ, മാന്വൽ മാത്യു, ബിജു ഗോപിനാഥ്, ടോമിച്ചൻ കൊഴുവനാൽ എന്നിവർ വിവിധ സബ് കമ്മിറ്റികളെയും ഏകോപിപ്പിക്കും.
സിപിഎം സാർവദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സ്, പ്രവാസി കേരള കോൺഗ്രസ്, കൈരളി യുകെ, ക്രാന്തി അയർലൻഡ്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, സംസ്കാര ജർമനി, യുവധാര മാൾട്ട, കെപിഎഫ്എസ് സ്വിസർലൻഡ്, രക്തപുഷ്പങ്ങൾ ഇറ്റലി തുടങ്ങിയ സംഘടനകൾ ഒത്തുചേർന്നാണ് എൽഡിഎഫ് യുകെ ആൻഡ് യൂറോപ്പ് രൂപീകരിച്ചത്.
ഇടതുസർക്കാരിന്റെ നേട്ടങ്ങൾ പ്രവാസികൾക്കിടയിലും നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കാൻ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളിൽ കലാ-സാംസ്കാരിക പരിപാടികളിലൂടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ നീക്കം.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്നേഹിക്കുന്ന മുഴുവൻ പ്രവാസികളും ഈ പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു
സൂം മീറ്റിംഗ് - Date: 14 March 2026. Time: UK&Ireland - 15:00, Europe - 16:00, Dubai - 19:00, India - 20:30.
Zoom Meeting ID: 810 0469 8031. Passcode: 239307.
NRI
ലിവർപൂൾ: ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയണിന്റെ 19-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 10 മുതൽ 12 വരെ ലിവർപൂളിൽ നടക്കും. ഐപിസി ഷാലോം ലിവർപൂൾ സഭയുടെ ആതിഥേയത്വത്തിലാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്.
ലിവർപൂളിലെ സെന്റ് ജോൺ ബോസ്കോ ആർട്സ് കോളജിൽ (St. John Bosco Arts College, 61 Storrington Avenue, Liverpool, L11 9DQ) മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സംഗമത്തിൽ വിവിധ ആത്മീയ യോഗങ്ങൾ, ആരാധന, സന്ദേശങ്ങൾ എന്നിവ നടക്കും.
റീജിയൺ പ്രസിഡന്റായ പാസ്റ്റർ ജേക്കബ് ജോർജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് മുഖ്യ സന്ദേശം നൽകും. കേരള പിവൈപിഎ പ്രസിഡന്റായ പാസ്റ്റർ ഷിബിൻ ജി. സാമുവൽ യുവജനങ്ങൾക്ക് പ്രത്യേക സന്ദേശം നൽകും.
റീജിയൺ വൈസ് പ്രസിഡന്റായ പാസ്റ്റർ വിൽസൺ ബേബി കൺവൻഷൻ കൺവീനറായി പ്രവർത്തിക്കുന്നു. കൺവൻഷനിൽ റീജിയൺ ക്വയർ ആരാധന നയിക്കുന്നതായിരിക്കും. യുകെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികൾ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.
യുകെയിലും അയർലൻഡിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലുമുള്ള പെന്തെക്കോസ്തു സഭകളുടെ ആത്മീയ ഐക്യത്തിനും നവോഥാനത്തിനും ഈ കൺവൻഷൻ വലിയ പ്രചോദനമാകുമെന്നു സംഘാടകർ അറിയിച്ചു.
റീജിയൺ ഭാരവാഹികളായ പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ പി.സി സേവ്യർ (അഡ്മിനിസ് ട്രെറ്റർ), ബ്രദർ തോമസ് മാത്യു (നോർത്ത് അയർലൻഡ് കോഓർഡിനേറ്റർ) എന്നിവരും മറ്റ് കൗൺസിൽ അംഗങ്ങളും കൺവൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. യോഗങ്ങൾ ആമേൻ ടിവി വഴി തത്സമയം സംപ്രേഷണം ചെയ്യും.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
കൂടുതൽ ഭാരവാഹികളെയും യൂണിറ്റ് കമ്മിറ്റികളെയും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി സാൻജോ മുളവരിക്കലിനെയും ചെയർമാനായി ജോർജ്കുട്ടി പുന്നമടയേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുവാക്കളും മുൻകാല കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
വൈസ് പ്രസിഡന്റുമാർ: ജോമോൻ കോയിക്കര, ഷിജോ ജേക്കബ്, സിനു പാറായികിലുക്കൻ മത്തായി. ജനറൽ സെക്രട്ടറി: വിനു കളത്തിൽ.
സെക്രട്ടറിമാർ: ചാൾസൺ ചാക്കോ, അനു ലോനച്ചൻ, ജോസഫ് തുറലയിൽ, സന്തോഷ് കുര്യൻ, ഫ്രാൻസിസ് ജേക്കബ്, ബാബുരാജ്, ലിയോ റോയ്, സെബിൻ ജോസ്, ഷെൽസി ജിൻസൺ.
ജോയിന്റ് സെക്രട്ടറിമാർ: സോബിൻ മാത്യൂസ്, ലിജു ജേക്കബ്, സിജോ ഡേവിഡ്, ഡെൻസൺ കുരുവിള, നെൽസൺ വർഗീസ്, അഖിൽ കുര്യൻ, നിതിൻ ജോസഫ്, സിറിൽ റോയ് താഴത്തുപറമ്പിൽ, ജിജോ ജോസഫ്, തേജസ് ഈശോ തോമസ്, മാർട്ടിൻ കാച്ചപ്പള്ളി ജോസഫ്, കെ.പി. വിശാഖ്, വി.എൻ. ഹരികൃഷ്ണൻ, ഷിബു രാജേന്ദ്രൻ, നവാസ് അലി. ട്രഷറർ: സുബിൻ ഫിലിപ്പ്.
NRI
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി അയർലൻഡിലെ സീറോമലബാർ സഭയുടെ നേതൃത്വത്തിൽ വിവിധ കുർബാന സെന്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ ഈ മാസം 20, 21, 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 20ന് വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി ഒമ്പത് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയുമാണു ധ്യാനം.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ധ്യാനം നയിക്കും. ആത്മീയ - മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാനദിവസങ്ങളിൽ വി. കുർബാനയോടും വചന പ്രഘോഷണത്തോടും ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉയിർപ്പിലും ആത്മീയമായി പങ്കുചേരാൻ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അഭ്യർഥിച്ചു.
NRI
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിന്റെ നാഷണൽ ഗ്രാൻഡ് ഫിനാലെ - ബിബ്ലിയ ‘26 കോർക്കിലെ റിവർസ്റ്റിക് കമ്യൂണിറ്റി സെൻറിൽ നടന്നു.
അയർലൻഡിലെ നാലു റീജിയണിലെ 12 കുർബാന സെന്ററുകളിൽ നിന്നുള്ള ടീമുകൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിൽ ഡബ്ലിൻ റീജിയണിലെ കുർബാന സെന്ററുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സമ്പൂർണ ആധിപത്യം പുലർത്തി.
ഒന്നാം സ്ഥാനക്കാർക്കുള്ളട്രോഫിയും Le Devano നൽകുന്ന 600 യൂറോയുടെ കാഷ് അവാർഡും സോർഡ് ടീം കരസ്ഥമാക്കി. ഡബ്ലിൻ റീജിയണിലെ ഫിബ്സ്ബറോ കുർബാന സെന്റർ രണ്ടാം സ്ഥാനം നേടി, ട്രോഫിയോടൊപ്പം Indian Spice Kitchen, Cork & Limerick നൽകുന്ന 400 യൂറോയും സ്വന്തമാക്കി.
ഡബ്ലിൻ റീജിയണിൽ ഒന്നാം സ്ഥാനം ഫിസ്ബറോ കുർബാന സെന്ററിനായിരുന്നു. മൂന്നാം സ്ഥാനത്തിനുള്ള ട്രോഫിക്കൊപ്പം Saffron House, Cork നൽകുന്ന 200 യൂറോയുടെ സമ്മാനം താലാ കുർബാന സെന്റർ നേടി.
ഒന്നാം സ്ഥാനം നേടിയ സോർഡ്സ് കുർബാന സെന്ററിന്റെ ടീം അംഗങ്ങൾ - ക്ലെയർ ആൻ ഷിന്റോ, ഇവാഞ്ചലിയ നൈജു, കെവിൻ ഡയസ്, ജെസ്ന ജെയ്ജു, സ്മിത ഷിന്റോ, കാർമൽ ടെസ ജെസ്റ്റിൻ, സാറാ മേരി സിജോ, നമിത ആൻ ബിനോയി, നേഹാ റോസ് ബിനോയി, നിഷ ജോസഫ് എന്നിവരായിരുന്നു രണ്ടാം സ്ഥാനം നേടിയ ഫിബ്സ്ബറോ ടീം.
മൂന്നാം സ്ഥാനക്കാരായ താല ടീം - ബീന ജെയ്മോൻ, അനറ്റ് ബൈജു, അനയ മാത്യു, ആരവ് അനിഷ്, അന്ന പ്രിൻസ് എന്നിവരായിരുന്നു. ബിബ്ലിയ ഗ്രാൻഡ് ഫിനാലെ സീറോമലബാർ സഭയുടെ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
NRI
ഡബ്ലിൻ: മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിക്ലോ ബ്രെയിൽ താമസിച്ചു വന്ന അനീഷ് സോജനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്.
മഹാരാഷ്ട്രയിൽ ഉള്ള മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ഗാർഡ (പോലീസ്) തുടർനടപടികൾ ആരംഭിച്ചു.
NRI
ഡബ്ലിൻ: ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷൻ ഡബ്ലിനിൽ ശനിയാഴ്ച നടത്തപ്പെടുന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്കും എപ്പിസ്കോപ്പൽ സന്ദർശനത്തിനായി മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അയർലൻഡിലെത്തി.
ഇടവകയിലെ 19 കുട്ടികൾ സ്ഥിരീകരണ ശുശ്രൂഷയോടെ വിശുദ്ധ സംസർഗത്തിനായി യോഗ്യരാവുകയും സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുകയുമാണ്. ശനിയാഴ്ച രാവിലെ 10ന് സ്ഥിരീകരണ ആരാധന ആരംഭിക്കുന്നതാണ്.
ഇടവകയുയുടെ 15-ാമത് വാർഷിക (ക്രിസ്റ്റൽ ജൂബിലി) സമാപന യോഗം അതേ ദിവസം ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. ജെനു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിഷപ് സാബു കോശി ചെറിയാൻ മുഖ്യാതിഥി ആയിരിക്കും.
NRI
കൗണ്ടി വാട്ടർഫോർഡ്: അയർലൻഡിലെ ഡൺഗാർവനിൽ (കൗണ്ടി വാട്ടർഫോർഡ്) മലയാളിയായ കെ. കെ. ഇന്ദുചൂഡൻ (55) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ വച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു.
അയർലൻഡിൽ എഎംഇ (Aircraft Maintenance Engineer ) ആയി ജോലി നോക്കിയിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലൻഡിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്. ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ (നഴ്സ്- ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ). മകൻ ആദിത്യ ഇന്ദുചൂഡൻ. ഏറ്റുമാനൂർ കുടപ്പനകുന്നേൽ കുടുംബംഗമാണ്.
ഡൺഗാർവനിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. (Address: James Kiely and Sons Funeral Directors, Wolfe Tone Road, Dungarvan, Co. Waterford).
ബുധനാഴ്ച വെെകുന്നേരം ആറിന് കോർക്കിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0894640033, 0876176040.
NRI
ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിൽ നഴ്സായിരുന്ന മലയാളി യുവതി നിമ്മി ജോയി (33) അന്തരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ പൊതുദർശനവും മറ്റു തിരുക്കർമങ്ങളും നടക്കും.
തുടർന്ന് മീനങ്ങാടി കുമ്പളേരി സെമിത്തേരിയിലാണ് സംസ്കാരം. നിമ്മി വയനാട് കണിയാമ്പറ്റ സ്വദേശിയാണ്. സാമൂഹ്യ പ്രവർത്തകനായ ജോയിയുടെയും തങ്കമ്മയുടെയും മകളാണ്. ഭർത്താവ് പുനലൂർ വള്ളപ്പുരക്കൽ വിപിൻ കോശി (മെക്കാനിക്കൽ എൻജിനിയർ, അയർലൻഡ്). സഹോദരി: ജോയ്സി ജോയി.
സെക്കന്ദരാബാദ് യശോദ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നിമ്മി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
അയർലൻഡിൽ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അഞ്ചുവർഷത്തോളം കാത്തിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താത്തതിനാൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.
ജീവൻദാൻ വഴി അയൽ സംസ്ഥാനത്തു നിന്നും ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു ഇരട്ട ശ്വാസകോശ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
NRI
ഡബ്ലിൻ: മലയാളിയായ വർഗീസ് അട്ടാശേരിൽ(തങ്കച്ചൻ, 60) ഡൗൺപാട്രിക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അയർലൻഡിൽ.
വടക്കൻ അയർലൻഡിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശിയാണ്. ഏറെക്കാലം സൗദിയിൽ ജോലി നോക്കി വന്ന വർഗീസ് അവിടെ നിന്നുമാണ് വടക്കൻ അയർലൻഡിലെ ബെല്‍ഫാസ്റ്റിലേക്ക് കുടിയേറിയത്.
ഭാര്യ റീന. മക്കൾ: ആഷ്ലിൻ, ഐറിൻ, ഡയാന.
NRI
ഡബ്ലിൻ: മലയാളിയായ സാൻജോ സുനിലിനെ(30) അയർലൻഡിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഇദ്ദേഹം ഡബ്ലിൻ ഫിൻഗ്ലാസ് ചാൾസ് ടൗണിൽ ഭാര്യ ലീഷ്മയ്ക്കൊപ്പം (നഴ്സ്) താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.
അടുത്തിടെയാണ് സാൻജോ അയർലൻഡിൽ എത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾ മംഗലാപുരത്താണുള്ളത്. സംസ്കാരം പിന്നീട്.
NRI
ഡബ്ലിൻ: വടക്കൻ അയർലൻഡിലെ ന്യൂറിയിൽ മലയാളി നഴ്സ് കൃഷ്ണകുമാർ (38) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ന്യൂറി ഡെയ്സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. നഴ്സായ വർഷയാണ് ഭാര്യ. മകൻ റാം കൃഷ്ണകുമാർ.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ സുബിൻ സ്റ്റീഫൻ (47) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഡബ്ലിൻ ലൂക്കനിൽ താമസിച്ചുവന്ന സുബിൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. അയർലൻഡിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയായിരുന്നു.
ഭാര്യ: നാൻസി. ഒരു മകളുണ്ട്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്.
ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്.
ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 67 റൺസിനാണ് ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 115 റൺസിൽ ഓൾഔട്ടായി. 41 റൺസെടുത്ത ജോർജ് ഡോക്കറലും 24 റൺസെടുത്ത ലോർക്കൻ ടക്കറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നതാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം എടുത്തു. മാത്യൂ കുനെമാൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് എടുത്തത്.
മാർകസ് സ്റ്റോയിനിസിന്റെയും ജോഷ് ഇംഗ്ലിസിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മാറ്റ് റെൻഷായുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് ഓസീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
അയർലൻഡിന് വേണ്ടി മാർക് അഡയർ രണ്ട് വിക്കറ്റ് എടുത്തു. മാത്യൂ ഹംഫ്രെയ്സ്, ജോർജ് ഡോക്ക്റൽ. ഹാരി ടെക്ടർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അയർലൻഡ് ഫിൽഡിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസങ്ക, കമിൽ മിഷാര, കുശാൽ മെൻഡിസ്, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, ദുനിത് വെല്ലലഗെ, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരണ.
അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, കർട്ടിസ് കാംഫർ, ബെഞ്ചമിൻ കാലിറ്റ്സ്, ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, മാത്യു ഹംഫ്രീസ്.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.
അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്.
കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ അഡ്വ. സജി സുരേന്ദ്രൻ (52) അന്തരിച്ചു. സംസ്കാരം പിന്നീട്. കൗണ്ടി കാവനിൽ താമസിച്ചു വരികയായിരുന്ന സജി 2008ലാണ് അയർലൻഡിലെത്തിയത്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല സ്വദേശിയാണ്. ഭാര്യയും ഒരു മകളും ഉണ്ട്.
NRI
ഡബ്ലിൻ: ഞായറാഴ്ച ഡബ്ലിനിൽ നടക്കുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിന്‍ 5ലെ സെന്റ ലൂക്ക് ദേവാലയത്തില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ അഞ്ച് വരെയാണ് വചന ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.
അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ ഫാ. സേവ്യർ ഖാൻ വട്ടായിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്കിയ അനോയ്ൻടിംഗ് ഫയർ കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്.
അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിലെ കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പംമേട് വിലങ്ങു പാറയിൽ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി റോഡിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. ജോലിസ്ഥലമായ നഴ്സിംഗ് ഹോമിൽ നിന്നും മടങ്ങുമ്പോൾ ആയിരുന്നു അപകടം.
ഭാര്യയും രണ്ടു മക്കളും ഉണ്ട്.
NRI
ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്താകമാനം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മുതൽ രാത്രി ഒമ്പത് വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച രാത്രി മുതൽ ആറ് കൗണ്ടികളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാർലോ, കില്‍കെന്നി, കോർക്ക്, കെറി,ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
തെരഞ്ഞെടുത്ത ഭാരവാഹികൾ:
ലിജു ജേക്കബ് - പ്രസിഡന്റ്, ജിജി സ്റ്റീഫൻ - വൈസ് പ്രസിഡന്റ്, പോൾസൺ പീടികക്കൽ - സെക്രട്ടറി, ജെബിൻ മേനച്ചേരി - ജോയിന്റ് സെക്രട്ടറി, ഷിബിൻ തങ്കച്ചൻ - ട്രഷറർ.
Sports
ധാക്ക: ബംഗ്ലാദേശ്-അയർലൻഡ് ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിലുള്ള സ്റ്റേഡിയത്തിവാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശുമാണ് വിജയിച്ചത്.
അയർലൻഡ് 39 റൺസിനാണ് ആദ്യ മത്സരത്തിൽ വിജയം നേടിയത്. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളും പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
NRI
ഡബ്ലിൻ: കാസില്‍ബാറില്‍ മലയാളി യുവാവ് തെക്കുംകൂടി ബേസിൽ വർഗീസ് (38) അന്തരിച്ചു. മൂവാറ്റുപുഴ കുറുപ്പംപടി വേങ്ങൂര്‍ വക്കുവള്ളി സ്വദേശിയാണ്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട്. ബേസിൽ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ കുക്കു സജി (സ്റ്റാഫ് നഴ്സ്, മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ).
NRI
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ദേവാലയ മുൻ ട്രസ്റ്റി ബിനു ജോസഫ് ലൂക്കിന്റെ (അയർലൻഡ്) പിതാവ് പത്തനംതിട്ട മല്ലപ്പള്ളി തെള്ളിയൂർ കന്നാലിൽ കെ.എൽ. ജോസഫ് (80 - കുഞ്ഞച്ചൻ) അന്തരിച്ചു. ഇന്ത്യൻ ആർമി മെഡിക്കൽ കോർപ്സ് മുൻ ഉദ്യോഗസ്ഥനായ കെ.എൽ. ജോസഫ് ബംഗളൂരു ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ട്രസ്റ്റിയായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് തിരുവല്ല അതിരൂപത ആർച്ച്ബിഷപ് ഡോ തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ തെള്ളിയൂർ സെന്റ് ഫ്രാൻസിസ് സേവിയർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
ഭാര്യ പരേതയായ തടിയൂർ കാക്കുറുമ്പിൽ ശോശാമ്മ തോമസ്. മക്കൾ ബിനു ജോസഫ് ലുക്ക് (അയർലൻഡ്), അഡ്വ. സജു ടി. ജോസഫ് (ചെയർമാൻ ജോസ്കോ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബംഗളൂരു). മരുമക്കൾ: കാഞ്ഞിരപ്പള്ളി പനക്കൽ അനു ബിനു (അയർലൻഡ്), മണ്ണാർക്കാട് മൈലക്കൽ ജിൻസി (ബംഗളൂരു).
Sports
ധാക്ക: അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 338 എന്ന നിലയിലാണ് ബംഗ്ലാദേശ്. അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 52 റൺസ് മുന്നിലാണ് ബംഗ്ലാദേശ്.
സെഞ്ചുറി നേടിയ മഹ്മുദുൾ ഹസനും അർധ സെഞ്ചുറി നേടിയ മൊമിനുൾ ഹഖും ആണ് ക്രീസിലുള്ളത്. മഹ്മുദുൾ 169 റൺസും മൊമിനുൾ 80 റൺസും എടുത്തിട്ടുണ്ട്. 80 റൺസെടുത്ത ഷഡ്മാൻ ഇസ്ലാമിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. മാത്യൂ ഹംഫ്രെയ്സാണ് അയർലൻഡിന് വേണ്ടി വിക്കറ്റ് എടുത്തത്.
നേരത്തെ അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് 16 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു.
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡും ഹസൻ മഹ്മുദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും നഹീദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് മികച്ച നിലയിൽ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 109 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 58 റൺസെടുത്ത ഷഡ്മാൻ ഇസ്ലാമും 50 റൺസെടുത്ത മഹ്മുദ് ഹസൻ ജോയ്യും ആണ് ക്രിസിലുള്ളത്.
അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് 16 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു.
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡും ഹസൻ മഹ്മുദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും നഹീദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ അയർലൻഡിന് ബാറ്റിംഗ് തകർച്ച. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിലാണ് അയർലൻഡ് .
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യ ദിവസത്തെ അവസാനത്തെ പന്തിൽ വിക്കറ്റ് വീണതിനാൽ 21 റൺസുമായി ബാരി മക്കാർത്തി മാത്രമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡ് രണ്ട് വിക്കറ്റും ഹസൻ മഹ്മുദും നഹീദ് റാണയും തയ്ജുൽ ഇസ്ലാമും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
NRI
ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. ഒക്ടോബറിലെ അവസാന രാത്രിയാണ് ഹാലോവീൻ. കെൽറ്റിക് കാലത്ത് പുരാതന ഐറിഷ് ഉത്സവമായ സാംഹൈനിൽ നിന്നുമാണ് ഹാലോവീൻ ആഘോഷങ്ങൾ ഉടലെടുത്തത്.
ഓൾ ഹാലോവ്സ് ഡേ എന്ന പേരിൽ നവംബർ ഒന്നിനാണ് സകല വിശുദ്ധരുടെയും തിരുനാൾ. ഇതിനു തലേ ദിവസമായ ഒക്ടോബർ 31ന് വൈകുന്നേരം ആരംഭിക്കുന്ന ആഘോഷമായതിനാലാണ് ഇതിനു ഹാലോവീൻ എന്ന പേര് ലഭിച്ചത്. ഓൾ ഹാലോവ്സ് ഈവ് എന്നതിന്റെ ചുരുക്കപ്പേരാണ് ഹാലോവീൻ.
ഹാലോവീൻ പല കാരണങ്ങളാൽ ഹൊറെറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാതാളത്തിലുള്ളവർ ഭൂമിയിലേക്ക് വരുന്നതിനെ അനുസ്മരിക്കുന്ന ആഘോഷമാണിത്. ഇതിന്റെ ഭാഗമായി കുട്ടികളും മുതിർന്നവരും പ്രേതപിശാചുക്കളുടെയും മന്ത്രവാദികളുടെയും മറ്റും വേഷമണിയും.
അന്നേ രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും കുട്ടികൾ ട്രിക്ക് ഓർ ട്രീറ്റിനിറങ്ങുകയും ചെയ്യും. മത്തങ്ങയിൽ മുഖത്തിന്റെ വികൃത രൂപങ്ങളുണ്ടാക്കി ഇതിനുള്ളിൽ തിരി കത്തിച്ചു വയ്ക്കുന്നതും ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്.
NRI
ഡബ്ലിൻ: കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം നോക്കിൽ നടന്നു. ഇതിന്റെ ഭാഗമായി അഖണ്ഡ ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു.
ഫാ. ബ്രിട്ടസ് കടവുങ്കൽ, ഫാ. ഡിക്സി, ഫാ. ജേക്കബ് മെൻഡസ് എന്നിവർ കാർമികരായിരുന്നു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
NRI
ഡബ്ലിൻ: സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവെെഎം) അയർലൻഡിന്റെ നാഷണൽ കോൺഫ്രൻസ് "AWAKE IRELAND 2025' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ (ഡിസിയു) സെന്റ് പാട്രിക്സ് സ്പോർട്സ് ഹാളിൽ നടക്കും.
16 മുതൽ 30 വയസ് വരെയുള്ള സീറോമലബാർ യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ത്രിദിന ആത്മീയ സമ്മേളനം വിശ്വാസപുനരുജ്ജീവനത്തിനും ആത്മീയ ഉണര്‍വിനും നൂതന വഴിത്തിരിവാകുകയാണ്.
റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും 38 കുർബാന സെന്ററുകളിൽ നിന്നുള്ള 350-ത്തിലധികം യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നേതൃപരിശീലന സെഷനുകൾ, ആരാധനാനുഭവങ്ങൾ എന്നിവയിലൂടെ യുവാക്കളെ യഥാർഥ ക്രിസ്തീയ ജീവിതത്തിലേക്ക് ആഴത്തിൽ നയിക്കുന്ന ഉദേശത്തോടെ രൂപകൽപന ചെയ്തിരിക്കുന്ന പരിപാടിക്ക് സീറോമലബാർ അയർലൻഡ് ഡബ്ലിൻ റീജിയൺ ആതിഥ്യം വഹിക്കുന്നു.
സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ യൂറോപ്പ് യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടറും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കൽ, മോട്ടിവേഷൻ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, അമേരിക്കയിലെ ഷിക്കാഗോ സീറോമലബാർ രൂപതയുടെ യൂത്ത് ഡയറക്ടർ ഫാ. മെൽവിൻ പോൾ, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗിൽ എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മൂന്ന് ദിവസങ്ങളിലായി ആത്മീയ സെഷനുകൾ, ഹൃദയസ്പർശിയായ സംഗീതം, വർക്ക്ഷോപ്പുകൾ, ആഴത്തിലുള്ള ദിവ്യകാരുണ്യ ആരാധന എന്നിവ ഒരുക്കിയിട്ടുണ്ട്. സീറോമലബാർ സഭയുടെ സമ്പന്നമായ ലിറ്റർജിക്കൽ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുവിനോട് ആഴത്തിലുള്ള ആത്മബന്ധം കണ്ടെത്താൻ യുവാക്കളെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
‘അവേക്ക് അയർലണ്ട് 2025’ എന്ന ആത്മീയ ഉത്സവം, യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വാതായനമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിന്റെയും എസ്എംവൈഎം നാഷണൽ ഡയറക്ടർ ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയുടേയും നേതൃത്വത്തിൽ നാഷണൽ പാസ്റ്ററൽ കൗൺസിൽ, ഡബ്ലിൻ റീജിയണൽ കമ്മിറ്റി, എസ്എംവൈഎം നാഷണൽ ടീം എന്നിവരുടെ സഹകരണത്തോടെ അവേക്ക് അയർലൻഡ് 2025നുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
NRI
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളിയായ ജോൺസൺ ജോയിയുടെ(33) കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണം ആരംഭിച്ചു. കാവൻ ബ്രയിലിബ്രോയിൽ താമസിച്ചു വന്ന കോട്ടയം പാച്ചിറ വടക്കേ കരുമാങ്കൽ ജോൺസൺ ജോയ് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമായാണ് ധനസമാഹരണം തുടങ്ങിയത്. ഗോ ഫണ്ട് മീ വഴിയാണ് തുക സ്വരൂപിക്കുക.
ഭാര്യ ആൽബി ലൂക്കോസും(പാച്ചിറ കൊച്ചുപറമ്പിൽ കുടുംബാംഗം) മക്കളും നാട്ടിലാണുള്ളത്. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായാണ് ഭാര്യ നാട്ടിലെത്തിയത്.
രണ്ടാമത്തെ കുഞ്ഞിനെ കാണാനായി ജോൺസൺ അടുത്താഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു.
NRI
ഡബ്ലിൻ: കാവനിലെ ബെയിലിബ്രോയിൽ താമസിക്കുന്ന വടക്കേ കരുമാങ്കൽ പാച്ചിറ സ്വദേശി ജോൺസൺ ജോയി(34) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അയർലൻഡിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് ഭാര്യയും കുട്ടികളും നാട്ടിലായിരുന്നു. ഉച്ചവരെ എഴുന്നേറ്റില്ലെന്നതിനാൽ സഹവാസി പരിശോധിച്ചപ്പോഴാണ് മരണം അറിഞ്ഞത്.
ഭാര്യ: ആൽബി ലൂക്കോസ് (പാച്ചിറ ഇടവക കൊച്ചുപറമ്പിൽ). രണ്ട് മക്കളുണ്ട്. സംസ്കാരം പിന്നീട്.
NRI
ഡബ്ലിൻ: അയർലൻഡിലെ ലോംഗ്ഫോർഡിൽ അന്തരിച്ച തൊടുപുഴ സ്വദേശിയായ മലയാളി നഴ്സ് ഷാന്റി പോളിന്റെ(51) സംസ്കാരം തിങ്കളാഴ്ച ലോംഗ്ഫോർഡ് മൊയ്ഡ സെമിത്തേരിയിൽ നടക്കും.
രാവിലെ ഒമ്പതിന് പരേതയുടെ വീട്ടിൽ പ്രാർഥനാ ശുശ്രൂഷകൾ ആരംഭിക്കും. 11ന് മൊയ്ഡ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷകൾ നടക്കും.
ഞായറാഴ്ച ബാലിനാലി റോഡിൽ ഗ്ലിസൺസ് ഫ്യൂണറൽ ഹോമിൽ വൈകുന്നേരം നാലു മുതൽ ഏഴ് വരെ പൊതുദർശനം നടക്കും.
ഷാന്റി ലോംഗ്ഫോർഡിൽ നഴ്സായി ജോലി നോക്കിവരികയായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
തൊടുപുഴ മുതലക്കോടം കിഴക്കേക്കര എഫ്രേം സെബാസ്റ്റ്യന്റെ ഭാര്യയാണ്. പരേത അങ്കമാലി മൂക്കന്നൂർ അട്ടാറമാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, എവിൻ, അലാന.