ഡബ്ലിൻ: സ്വന്തം നാട്ടിൽ നിന്നും അകന്ന് എത്ര ദൂരദേശത്തായാലും വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സീറോമലബാർ സഭ അംഗങ്ങളുടെ പങ്ക് ശ്ലാഘനീയമാണെന്ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്.
അയർലൻഡിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന അയർലൻഡ് സീറോമലബാർ സഭയുടെ ദേശീയ നോക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു കർദിനാൾ.
"നോക്ക് തീർഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ നോക്കിലെ പ്രത്യക്ഷീകരണത്തിന്റെ ചരിത്രപശ്ചാത്തലവും ദൈവശാസ്ത്രപരമായ പ്രസക്തിയും കർദിനാൾ വിശദീകരിച്ചു.
ഒരു വ്യക്തിയുടെ പ്രത്യക്ഷീകരണത്തേക്കാലുപരി നമ്മുടെ അമ്മയായ തിരുസഭയുടെ ത്രിതല യാതാർഥ്യങ്ങളുടെ ഐക്വത്തെപ്പറ്റിയുള്ള ഉജ്വലമായ സാക്ഷ്യമായിരുന്നു നോക്ക് പ്രത്യക്ഷീകരണം. സകലസൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനിൽക്കുന്ന തിരുസഭയുടെ സ്വർഗീയ ആരാധനയിലേയ്ക്ക് പ്രത്യാശയോടെ നീങ്ങാൻ ഈ നമ്മെ സഹായിക്കുന്ന ദൈവീക ആഹ്വാനമാണു ഈ വെളിപാടെന്ന് കർദിനാൾ ഉദ്ദ്ബോദിപ്പിച്ചു.
അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഏഴായിരത്തോളം വിശ്വാസികൾ പങ്കെടുത്ത തീർഥാടനം അത്യന്തം ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് നടന്നത്.
വിശ്വാസികളാൽ നിറഞ്ഞുനിന്ന നോക്ക് ബസിലിക്കയിൽ അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികനായിരുന്നു.
.jpg1778649903.jpg)
യൂറോപ്പിലെ സീറോമലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, റീജിയണൽ കോഓർഡിനേറ്റർമാരായ ഫാ. ആന്റണി പരതേപ്പതിക്കൽ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരോടൊപ്പം അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുപ്പതോളം വൈദികർ സഹകാർമികരായി.
സഭായോഗം സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറയായിരുന്നു തീർഥാടനത്തിന്റെ മാസ്റ്റർ ഓഫ് സെറിമണി. സീറോമലബാർ സമൂഹം ഐറീഷ് സമൂഹത്തിനും ആരോഗ്യപരിപാലന മേഖലയിലും ക്രൈസ്തവ വിശ്വാസജീവിതത്തിലും നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി, നോക്ക് അന്താരാഷ്ട്ര തീർഥാടനകേന്ദ്രത്തിന്റെ റെക്ടർ വെരി. റവ.ഫാ. റിച്ചാർഡ് ഗിബൺസ് വിശ്വാസികളെ സ്വാഗതം ചെയ്തു.
ഈ വർഷം അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്ന് ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾക്ക് കർദിനാൾ വിശുദ്ധ കുർബാന നൽകി. വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താര ബാലന്മാരും ശുശ്രൂഷയിൽ സജീവമായി പങ്കെടുത്തു.

വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി, ആറു മക്കളുള്ള ബെൽഫാസ്റ്റിലെ ജോബിൻ ജോസഫ് - അനു ആന്റണി ദമ്പതികളേയും അഞ്ച് മക്കളുള്ള ഇഞ്ചിക്കോർ സ്വദേശികളായ ആനീഷ് ജെയിംസ് - ലൂതിൻ മാത്യു ദമ്പതികളേയും ലിന്റോ ജോസഫ് - ലിജി ജോസ് ദമ്പതികളെയും ദ്രോഗഡ സ്വദേശികളായ ജിൻസൺ ജോസഫ് - സ്നോബിയ മരിയ മാത്യു ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ വർഷം അയർലൻഡിലെ ലീവിംഗ് സർട്ട് പരീക്ഷകളിലും നോർത്തേൺ അയർലൻഡിലെ എ-ലെവൽ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ലീവിംഗ് സർട്ടിൽ ഐറിൻ തെരേസ സോണി (കിൽക്കെനി), ക്രിസ് തോമസ് (കോർക്ക്), മെൽവിൻ ദേവസ്യ സാവിയോ (താല) എന്നിവരും, എ-ലെവലിൽ സ്വീറ്റി സിന്നി (ബെൽഫാസ്റ്റ്)യും പുരസ്കാരങ്ങൾക്ക് അർഹരായി.
ദേശീയതല ബൈബിൾ ക്വിസ് വിജയികളായ ജോഷ് വർഗീസ് (ബ്രേ), ഇവ എൽസ സുമോദ് (നാസ്), ജോയൽ വർഗീസ് (ബ്രേ), ആരൻ ജോബിൻ (ലൂക്കൻ), സ്മിത ഷാന്റോ (സോർഡ്സ്) എന്നിവരും നാഷണൽ ഗ്രാൻഡ് ഫിനാലെയിൽ വിജയികളായ സോർഡ്സ്, ഫിബ്സ്ബറോ, താലാ കുർബാന സെന്റർ ടീമുകളും കർദിനാളിൽനിന്ന് ട്രോഫികൾ ഏറ്റുവാങ്ങി.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന വിശ്വാസ പ്രദക്ഷിണം തീർഥാടനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ അനുഭവങ്ങളിലൊന്നായി മാറി. നൂറുകണക്കിന് മുത്തുകുടകളും പൊൻ-വെള്ളി കുരിശുകളും കൊടികളുമേന്തി ആയിരക്കണക്കിന് വിശ്വാസികൾ അയർലൻഡിന്റെ മണ്ണിൽ മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസപാരമ്പര്യം അഭിമാനപൂർവം സാക്ഷ്യപ്പെടുത്തി.

ചെറുപുഷ്പം മിഷൻ ലീഗിന്റെ പതാകകളുമായി കുഞ്ഞു മിഷനറിമാർ, സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ യുവജനങ്ങൾ, മരിയൻ പതാകകളുമായി മാതൃവേദി അംഗങ്ങൾ, മുത്തുകുടകളേന്തിയ പിതൃവേദി പ്രവർത്തകർ, വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താര ശുശ്രൂഷകർ, ആദ്യകുർബാന വേഷത്തിൽ കുട്ടികൾ എന്നിവർ പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷങ്ങളിൽ എത്തിയ കുട്ടികൾ പ്രത്യേക ശ്രദ്ധനേടി. കേരളസഭയിലെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളോടൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ജപമാല പ്രാർഥനയോടെ ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു. ഡബ്ലിൻ റീജിയൺ കൗൺസിൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
ദിവ്യകാരുണ്യ ആരാധന, ജപമാല, ആഘോഷമായ തിരുനാൾ ദിവ്യബലി, ആത്മീയ സന്ദേശങ്ങൾ, അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സാന്നിധ്യം, ആരാധനാസ്തുതിഗാനങ്ങളാൽ സമൃദ്ധമായ കേരളീയ ഭക്തിപാരമ്പര്യം നിറഞ്ഞ പ്രദക്ഷിണം എന്നിവ തീർഥാടകർക്കു വേറിട്ട ആത്മീയാനുഭവമായി.
അടുത്ത വർഷത്തെ അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ നോക്ക് തീർഥാടനം 2027 മെയ് എട്ടിന് നടക്കും. കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നോക്ക് ദേവാലയത്തിൽ സീറോമലബാർ വിശുദ്ധ കുർബാനയും അനുബന്ധ തിരുകർമങ്ങളും പതിവുപോലെ നടക്കുന്നതായും സംഘാടകർ അറിയിച്ചു.
Tags : Mar George Jacob Koovakad Dublin Ireland