ഡബ്ലിൻ: മലയാളിയായ മഞ്ജു ദേവിയെ അയർലൻഡിൽ ഭരണകക്ഷിയായ ഫിനഫോയിൽ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. അയർലൻഡിന്റെ ചരിത്രത്തിലാദ്യമായാണ് ഭരണകക്ഷിയുടെ സുപ്രധാന ദേശീയ എക്സിക്യൂട്ടീവിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഒരാളെ തെരഞ്ഞെടുക്കുന്നത്.
ദേശീയ തലത്തിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലാണ് കോട്ടയം പാലാക്കാരിയായ മഞ്ജു ദേവിയെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ പാർലമെന്റിലേക്കുള്ള മത്സരത്തിൽ പാർട്ടി ടിക്കറ്റിൽ മഞ്ജു ദേവി മത്സരിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ആദ്യമായാണ് പാർലമെന്റിലേക്ക് മത്സരിക്കാൻ പാർട്ടി അവസരം നൽകിയത്. ഡബ്ലിൻ മാറ്റർ ഹോസ്പിറ്റലിൽ നഴ്സായി ജോലി നോക്കി വരുന്ന മഞ്ജു ദേവിയെ പാർട്ടിയുടെ 15 അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുത്തത്.
നിലവിൽ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആണ് പാർട്ടിയുടെ പ്രസിഡന്റ്. പാർട്ടി നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമിതിയിയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
പാലാ വിളക്കുമാടം മണിമന്ദിരത്തിൽ കരസേനാംഗമായിരുന്ന മേജർ കെ.എം.ബി. ആചാരിയുടെയും രാധാമണിയുടെയും മകളാണ്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ ശ്യാം മോഹനാണ് ഭർത്താവ്. മക്കൾ: ദിയ, ശ്രേയ.
Tags : Ireland Ruling Party National Executive