ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി അയർലൻഡിലെ സീറോമലബാർ സഭയുടെ നേതൃത്വത്തിൽ വിവിധ കുർബാന സെന്ററുകളിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ നോമ്പുകാല ധ്യാനം ഗ്ലാസ്നവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ ഈ മാസം 20, 21, 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 20ന് വൈകുന്നേരം നാല് മുതൽ ഒമ്പത് വരെയും ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രാത്രി ഒമ്പത് വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 4.30 വരെയുമാണു ധ്യാനം.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജിൻസ് ചീങ്കല്ലേൽ എച്ച്ജിഎൻ ധ്യാനം നയിക്കും. ആത്മീയ - മാനസിക നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന ഈ ധ്യാനദിവസങ്ങളിൽ വി. കുർബാനയോടും വചന പ്രഘോഷണത്തോടും ആരാധനയോടുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകരക്ഷകനായ ദൈവപുത്രന്റെ കുരിശുമരണത്തിലും ഉയിർപ്പിലും ആത്മീയമായി പങ്കുചേരാൻ വിശ്വാസികളെ ഒരുക്കുന്ന ഈ നോമ്പുകാല ധ്യാനത്തിൽ പങ്കെടുത്ത് കുടുംബ വിശുദ്ധീകരണം കൈവരിക്കണമെന്ന് അയർലൻഡ് സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അഭ്യർഥിച്ചു.
Tags : Lenten Retreat Ireland Dublin NRI News