ഡബ്ലിൻ: അയർലൻഡിൽ ഐറീഷ് നേഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളികളായ വർഗീസ് ജോയിയും ത്രേസ്യ ദേവസിയും വിജയിച്ചു.
മൈഗ്രൻഡ് നഴ്സസ് അയർലൻഡിന്റെ പിന്തുണയോടെ മാനേജ്മെന്റ് കാറ്റഗറിയിലേക്കാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വർഗീസ് ജോയിയും ത്രേസ്യ ദേവസ്യയും അയർലൻഡിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു വരുന്നു.
വർഗീസ് ജോയ് മൈഗ്രൻഡ് നഴ്സസ് അയർലൻഡ് ദേശീയ കൺവീനറും ത്രേസ്യാ ദേവസി ഡബ്ലിൻ നോർത്ത് കമ്മിറ്റി അംഗവുമാണ്. മൈഗ്രൻഡ് നേഴ്സസ് അയർലൻഡ് രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ ആറു വർഷമായി ഇവർ അയർലൻഡിൽ ഉടനീളമുള്ള കുടിയേറ്റ നഴ്സുമാർക്കൊപ്പം നിന്ന് പ്രവർത്തിച്ചുവരുന്നു
മലയാളികൾ ഉൾപ്പെടുന്ന നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് വിജയികളായ വർഗീസ് ജോയിയും ത്രേസ്യാ ദേവസ്യയും ദീപികയോട് പറഞ്ഞു.
നഴ്സിംഗ് മേഖലയിൽ നിലവിൽ അരലക്ഷത്തിലേറെ അംഗങ്ങളുള്ള അയർലൻഡിലെ ഏറ്റവും വലിയ സംഘടനയാണ് ഐഎൻഎംഒ. അയർലൻഡിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ വർഗീസ് ജോയ്,ഡബ്ലിൻ ചെറി ഓർച്ചാർഡ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ ഡയറക്ടറാണ്.
തൃശൂർ ചേലക്കര സ്വദേശിയാണ്. ഭാര്യ സൗമ്യ പോൾ. മക്കൾ ജോർജ്, മെറിയം, അർജുൻ. ഡബ്ലിൻ മേറ്റർ മിസറികോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ആണ് ത്രേസ്യ ദേവസി. ചാലക്കുടി കൊരട്ടി സ്വദേശിയാണ്. ഭർത്താവ് ആന്റണി ഡിസൂസ, മക്കൾ ആഷ്ടൻ, അശ്വിനി.
Tags : Varghese Joy Thresya Devasi INMO Executive Council Ireland