ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ശനിയാഴ്ച താലായിൽ നടക്കും. ഡബ്ലിൻ റീജിയൺ ആതിഥേയത്വം വഹിക്കുന്ന ഈ മഹത്തായ വിശ്വാസ കലാമാമാങ്കം താലായിലെ സെന്റ് മാർക്ക് സ്കൂളിൽ അരങ്ങേറും. രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും.
അയർലൻഡിലെ നാല് റീജിയണുകളിൽ മാർച്ച് മാസത്തിൽ സംഘടിപ്പിച്ച പ്രാഥമിക മത്സരങ്ങളിൽ വിജയിച്ച് ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഈ കലാമേളയിൽ ഏറ്റുമുട്ടും. വിവിധ പ്രായക്കാർക്കുള്ള ഏഴ് വിഭാഗങ്ങളിൽ 17 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശ്വാസവും ബൈബിൾ അറിവും കലാപരമായ കഴിവുകളുമായി സംയോജിപ്പിച്ച്, മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഈ കലോത്സവം.
ബൈബിൾ അധിഷ്ഠിതമായ മൂല്യങ്ങൾ ജീവിതത്തിൽ കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം, സമൂഹത്തിൽ ആത്മീയ ഐക്യം വളർത്തുന്നതിനും ഈ കലോത്സവം നിർണായകമായ പങ്ക് വഹിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ പാസ്റ്ററൽ കൗൺസിൽ, കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, ഡബ്ലിൻ റീജിയണൽ കൗൺസിൽ, താല കുർബാന സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഏവരേയും കലോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.
Tags : Bible Kalotsavam National Ireland