അഞ്ജലി എസ്. ജോയ്, സിവിൻ ജോണി, നോവ സാബു
കൊളോൺ: ജർമനിയിലെ ബോഹും നഗരത്തിലെ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട മൂന്ന് മലയാളി വിദ്യാർഥികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമ സ്ഥാപനമായ നോർക്ക റൂട്ട്സ് വഹിക്കും.
നോർക്ക റൂട്ട്സ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു. മൃതദേഹങ്ങൾ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
ദാരുണാന്ത്യം വിഷപ്പുക ശ്വസിച്ച്; പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് പൊലിസ്
കൊല്ലം പെരിനാട് (ചാമക്കട) സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ (ശാന്തിഗ്രാം) സ്വദേശി നോവ സാബു (25) എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ 4.15-ഓടെയുണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ച് മരണപ്പെട്ടത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തടി കൊണ്ടുള്ള പ്രധാന ഗോവണിപ്പടിക്ക് ആരോ മനഃപൂർവം തീയിട്ടതിനെ തുടർന്ന് തീ അതിവേഗം പടരുകയും കനത്ത വിഷപ്പുക മലയാളികൾ താമസിച്ചിരുന്ന രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലേക്ക് ഇരച്ചുകയറുകയുമായിരുന്നു.
വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലിസ് സ്ഥിരീകരിച്ചു. മൂവരുടെയും മരണകാരണം വ്യക്തമായതിനാൽ ഇനി പോസ്റ്റ്മോർട്ടം നടത്തേണ്ടതില്ലെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പൊലിസ് ലേഖകനോട് വ്യക്തമാക്കി.
നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ
മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ചയോടെ പോലീസ് ഫ്യൂണറൽ ഏജൻസിക്ക് കൈമാറിയിരുന്നു. തുടർന്ന് ബോഹുമിലെ സിവിൽ രജിസ്ട്രേഷൻ ഓഫീസിലെ ഔദ്യോഗിക രേഖാ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഫ്യൂണറൽ ഏജൻസിക്ക് കൈമാറി.
നിലവിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള അന്തിമ അനുമതികൾക്കായി രേഖകൾ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
മരണ സർട്ടിഫിക്കറ്റ്, പൊലിസ് ക്ലിയറൻസ്, എംബാമിംഗ് സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള എല്ലാ നടപടികളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
കോൺസുലേറ്റിന്റെ എൻഒസി ലഭ്യമാകുന്നതോടെ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റുകൾ ക്രമീകരിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെനേതൃത്വത്തിൽ ഏകോപനം
ദുരന്തവാർത്ത പുറത്തുവന്നയുടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തുടർനടപടികൾ ഏകോപിപ്പിച്ചത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജർമനിയിലെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു.
ജർമനിയിലെ പ്രാദേശിക പൊലിസ്, നഗരസഭാ, കോൺസുലേറ്റ് തലങ്ങളിലുള്ള എല്ലാ ഔദ്യോഗിക ഏകോപനങ്ങളും നിർവഹിക്കുന്നത് നോർക്ക ജർമനി കോ-ഓർഡിനേഷൻ കൗൺസിൽ അംഗം ജോസ് കുമ്പിളുവേലിൽ ആണ്.
Tags : NorkaRoots Germany Fire NRINews