ഡബ്ലിൻ: നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ, വിഷു, ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ നടന്നു. പ്രത്യാശയും ഐശ്വര്യവും സ്നേഹവും വിളിച്ചോതുന്ന ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു.
നീനാ കൈരളി പ്രസിഡന്റ് ജെയ്സൺ ജോസഫ് സ്വാഗതം പറഞ്ഞു. തുടർന്ന് നീനാ സെന്റ് മേരീസ് ചർച്ചിലെ വൈദികൻ ഫാ. റെക്സൻ ചുള്ളിക്കലും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുമയുടെ മനോഹരമായ സന്ദേശം ഫാ. റെക്സൻ ചുള്ളിക്കൽ നൽകി.

ഈസ്റ്ററും വിഷുവും ഈദും ഒരേ വേദിയിൽ ഒരുമിച്ച് ആഘോഷിച്ചപ്പോൾ, മൂന്ന് ആഘോഷങ്ങളെയും പ്രതിനിധീകരിച്ച് മൂന്ന് കുടുംബങ്ങൾ തനതായ വേഷവിധാനങ്ങളോടെ സ്റ്റേജിൽ എത്തിയത് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി.
വിവിധ സംസ്കാരങ്ങൾ ഒന്നായി ചേർന്ന ആ നിമിഷം ഐക്യം വിളിച്ചോതുന്നതായിരുന്നു. തുടർന്നു നിരവധി സ്കിറ്റുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ, നൃത്ത പരിപാടികൾ, സംഗീതാലാപം തുടങ്ങിവ അരങ്ങേറി.

പീഡാനുഭവത്തെ ആസ്പദമാക്കി നിർമിച്ച "മുപ്പത് വെള്ളിക്കാശ്' എന്ന ദൃശ്യവിഷ്കാരവും "അമരം വീണ്ടും' എന്ന സ്കിറ്റും "ശിവപാർവതീ പരിണയം' നടന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടതും ഏറെ ശ്രദ്ധേയമായി.
പിന്നീട് കാണികളെ ആവേശഭരിതരാക്കിയ ഡിജെയ്ക്കൊപ്പം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷപരിപാടികൾക്ക് തിരശീല വീണു.

കമ്മിറ്റി അംഗങ്ങളായ ജെയ്സൺ, ജിബിൻ, പ്രദീപ്, ടെൽസ്, ജെസ്ന, എയ്ഞ്ചൽ, ജിജി, വിനയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

2026-27 വർഷത്തെ കമ്മിറ്റി അംഗങ്ങളായി ജോബി മാനുവൽ, അനീഷ് പോൾ, ജിബിൻ ദേവസി, മാർക്ക് ആന്റണി, പല്ലവി സുബി, നിത്യ മരിയ ജോൺ, ജിഷ മാത്യു, ദീപ്തി ശ്രീരാഗ് എന്നിവരെ തെരഞ്ഞെടുത്തു.
Tags : Easter Vishu Eid Neena Kairali Ireland