NRI
വൂസ്റ്റർ: വെസ്റ്റ് മിഡ്ലാൻഡിലെ വൂസ്റ്റർ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കലാപ്രതിഭകളുടെ നൃത്തവും സംഗീതവും സമന്വയിപ്പിച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈസ്റ്റർ - വിഷു ആഘോഷം ഗംഭീരമായി.
വൂസ്റ്റർ പീപ്പിൾട്ടൺ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ലോക കേരളസഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി.എ. ജോസഫ് നിർവഹിച്ചു.
വൂസ്റ്റർ ഫാമിലി ക്ലബ് പ്രസിഡന്റ് ജോബിൾ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ കെ. ജോയ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോബിൻ കരുണാകരൻ നന്ദിയും പറഞ്ഞു.
NRI
മനാമ: ബഹ്റിൻ കേരളീയ സമാജത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചടങ്ങിനോടനുബന്ധിച്ച് ബഹ്റിൻ കേരളീയ സമൂഹത്തിന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളും സംയുക്തമായി സംഘടിപ്പിച്ചു.
വിനോദ പരിപാടികൾ, കലാപ്രകടനങ്ങൾ, ഗെയിംസുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ പരിപാടികൾ ക്രമീകരിച്ചതിലൂടെ പങ്കെടുത്തവരിൽ വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു.
ഏകദേശം 1000ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ മഹാ സംഗമം, ബികെഎസിന്റെ സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ തെളിവായി മാറി.
പരിപാടിയുടെ ഭാഗമായി ഭംഗിയാർന്ന വിരുന്നും (ഗ്രാൻഡ് ഡിന്നർ) ഒരുക്കിയിരുന്നു.
NRI
ലിവർപൂൾ: ലോകമെങ്ങും ജാതി - മത - വർഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമായി.
മേഴ്സിസൈഡിലെ മലയാളികൾ ജാതി - മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.
ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു.
ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
NRI
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ പോർട്ടാഡൗൺ പട്ടണത്തിലെ മലയാളി അസോസിയേഷൻ നേതൃത്വം നൽകിയ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഗംഭീരമായി.
ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച പെരുമ ട്രൈഫെസ്റ്റ് (Peruma Trifest 2K26) മത സൗഹാർദം, സാമൂഹിക ഐക്യം എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന കലയുടെ സമന്വയം മാനസിക ഉല്ലാസത്തിനും ഒരു സ്വാധീന ശക്തി ആണെന്ന് തെളിയിക്കുന്നതായിരുന്നു.
മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന കേരളീയ കലകൾ വേദിയിൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മികച്ച പരിശീലനം ലഭിച്ച കലാകാരന്മാർക്ക് കഴിഞ്ഞു. വിവിധ പരിപാടികൾക്കൊപ്പം ഭക്ഷണവും പങ്കെടുത്തവരുടെ വയറും മനസും നിറച്ചു.
മുഖ്യാതിഥിയായി ഫാ. ജോബ്സൺ (St.Gregorios Church, Belfast) പങ്കെടുത്ത് ആശംസകൾ നേർന്നു. വിഷ്ണു കോരത്ത്, സുനിൽ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
NRI
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തിൽ ഈസ്റ്റർ - വിഷു - ഈദ് ആഘോഷ പരിപാടികൾ ശനിയാഴ്ച (ഏപ്രിൽ 18) വൈകുന്നേരം അഞ്ച് മുതൽ 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.
സിനിമാ - കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത - ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബിഎംഎയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബിഎംഎയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം "റിതം ഓഫ് യൂണിറ്റി' എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ഷിക്കാഗോ നഗരം ഈസ്റ്റർ ആഘോഷിച്ചു. വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു.
ഹോളി നെയിം കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സൗത്ത് സൈഡിലെ ലാ റാബിഡ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈസ്റ്റർ ബണ്ണി എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.
പിൽസണിലെ സെന്റ് പോൾ പാരീഷിൽ കുട്ടികൾക്കായി വിപുലമായ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു. ആയിരക്കണക്കിന് മുട്ടകളാണ് കുട്ടികൾക്കായി അവിടെ ഒളിപ്പിച്ചുവച്ചിരുന്നത്.
കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ ഈസ്റ്റർ ആഘോഷം ഷിക്കാഗോ നിവാസികൾക്ക് ഏറെ അവിസ്മരണീയമായി.
NRI
ടെക്സസ്: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഒരാഴ്ച നീണ്ടുനിന്ന വിശുദ്ധ വാര കർമങ്ങൾ ഈസ്റ്റർ ദിനത്തിൽ സമുചിതമായ ആഘോഷങ്ങളോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടന്ന ശുശ്രൂഷകൾ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല സാക്ഷ്യമായി മാറി.
യേശുക്രിസ്തുവിന്റെ പുനരുഥാനത്തിന്റെ സന്തോഷത്തിൽ ഊന്നിയായിരുന്നു ഈസ്റ്റർ ആഘോഷങ്ങൾ. പ്രത്യാശയുടെയും പുതിയ ജീവന്റെയും മരണത്തിന്മേലുള്ള വിജയത്തിന്റെയും സന്ദേശങ്ങൾ വിശ്വാസികൾക്കിടയിൽ പങ്കുവയ്ക്കപ്പെട്ടു. "മിശിഹാ ഉയിർത്തെഴുന്നേറ്റു! സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു!' എന്ന ആശംസകളോടെ വിശ്വാസികൾ പരസ്പരം സ്നേഹവും ഈസ്റ്റർ മംഗളങ്ങളും കൈമാറി.
ഈസ്റ്റർ സന്ദേശം നൽകിക്കൊണ്ട് ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് സംസാരിച്ചു. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും പുനരുഥാനവും കേവലം ഒരു കെട്ടുകഥയല്ല, മറിച്ച് ചരിത്രപരമായ യാഥാർഥ്യവും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാപത്തെയും മരണത്തെയും ജയിച്ച ക്രിസ്തുവിന്റെ പുനരുഥാനം കൃപയുടെ ഉറവിടമാണെന്നും സഭയുടെ നിലനിൽപ്പും പ്രബോധനങ്ങളും ഈ സത്യത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തുവിന്റെ മരണത്തിലൂടെയും പുനരുഥാനത്തിലൂടെയും മനുഷ്യത്വം ദൈവകൃപയാൽ രൂപാന്തരപ്പെട്ടുവെന്നും നമ്മൾ ദൈവമക്കളായി ഉയർത്തപ്പെട്ടുവെന്നും ബിഷപ് ഓർമിപ്പിച്ചു.
ജീവിതത്തിലെ സാമ്പത്തികമോ, കുടുംബപരമോ, ഔദ്യോഗികമോ ആയ ഏതു പ്രതിസന്ധികളിലും ദൈവകൃപയുടെ സാന്നിധ്യം അനിവാര്യമാണ്.
NRI
സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ(എസ്എംഎ) സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഈ മാസം 11ന് നടക്കും.
സാലിസ്ബറിയിലെ ഡിൻറ്റൺ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ പൊതുയോഗത്തോടെ ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ നടക്കും.
തുടർന്ന് പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ് "ബ്ലൂം ബാഷ്' അരങ്ങേറും.
Kerala
കൊച്ചി: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷം. പള്ളികളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്ന ആഘോഷമാണ് ഈസ്റ്റർ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു.
സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്‍ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്‍ഥതയുടെ മതിലുകള്‍ പണിയാന്‍ മനുഷ്യന് നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്‍ക്ക് കാരണം. എവിടെയാണോ സ്വാര്‍ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്‍ഗരാജ്യമെന്നും മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ . തോമസ് ജെ നെറ്റോ ഈസ്റ്റര്‍ സന്ദേശം നല്കി. യുദ്ധഭീതിയില്‍ നിന്നും അതിവേഗം ലോകം മുക്തി നേടാന്‍ പ്രാര്‍ഥിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള മലയാളി സഹോദരങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.
District News
ഇന്നും ലോകത്തിനു പ്രത്യാശ പകരുന്ന തിരുനാൾ
മരണത്തിനുമേൽ ജീവനും അന്ധകാരത്തിനുമേൽ പ്രകാശവും വിജയം വരിച്ചതിന്റെ ഓർമ വീണ്ടെടുത്ത് നാം ഈസ്റ്റർ ആഘോഷിക്കുകയാണ്.
ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം; അവൻ ഇവിടെയില്ല; താൻ അരുൾചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു (മത്തായി 28: 56) എന്ന മാലാഖയുടെ വാക്കുകൾ രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ലോകത്തിനു പകരുന്നതു പ്രത്യാശയാണ്.
ഇന്നു യുദ്ധങ്ങളുടെയും വംശീയകലാപങ്ങളുടെയും വാർത്തകൾ ദിനംപ്രതി നമ്മെ വേട്ടയാടുന്നു. ഈ ഇരുണ്ട പശ്ചാത്തലത്തിൽ, ഉത്ഥിതനായ ക്രിസ്തുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാണ്. വിദ്വേഷവും കലഹങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ സമാധാനത്തിന്റെ വക്താക്കളാകാനും, അത്യാധുനികകാലത്തിൽ ഡിജിറ്റൽ മിഷനറിമാരായിക്കൊണ്ടും ഈസ്റ്ററിന്റെ യഥാർഥസന്ദേശം ലോകം മുഴുവൻ ജീവിതംകൊണ്ട് കൊടുക്കാനും, ലെയോ മാർപാപ്പ പറഞ്ഞതുപോലെ പ്രത്യാശയുടെ മിഷനറിമാരാകാനും നമുക്കു സാധിക്കുന്പോഴാണ് ഈസ്റ്റർ അർഥപൂർണമാകുക.
ഇന്നത്തെ നമ്മുടെ ചുറ്റുപാടുകളും സമൂഹവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ, സത്യസന്ധതയും നീതിയും ഉയർത്തിപ്പിടിക്കുന്ന നേതൃത്വത്തിനായി പ്രാർഥിക്കാം. രാഷ്ട്രീയമായ ചേരിതിരിവുകൾക്കപ്പുറം നമ്മുടെ നാടിന്റെ ഐക്യവും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കാൻ ജാഗരൂകരാകണം.
കർഷകജനതയുടെ കണ്ണുനീരും തീരദേശ മലയോരമേഖലകളിലെ പ്രശ്നങ്ങളും വിസ്മരിക്കരുത്. അതിജീവനത്തിനായി പോരാടുന്നവരോടൊപ്പം നിൽക്കുക എന്നതു ക്രിസ്തീയദൗത്യമാണ്. വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുടിയേറ്റപ്രശ്നങ്ങളും കേരളീയയുവതയ്ക്കു വെല്ലുവിളിയാകുന്പോൾ, ഉത്ഥിതന്റെ പ്രകാശത്തിൽ പുതിയൊരു ദിശാബോധം കണ്ടെത്താൻ നമുക്കു സാധിക്കണം.
യേശു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും (യോഹന്നാൻ11: 25). തകർച്ചകളിൽനിന്ന് പുതിയൊരു ജീവിതത്തിലേക്ക് ഉയരാൻ ഈ വചനം നമുക്കു കരുത്തു നൽകട്ടെ.
സത്യത്തിന്റെയും നീതിയുടെയും അന്തിമവിജയം
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അദ്ഭുതമാണ് ക്രിസ് തുവിന്റെ പുനരുത്ഥാനം. ഇരുളിന്റെമേല് വെളിച്ചവും മരണത്തി ന്മേല് ജീവനും നേടിയ വിജയമാണിത്. ഈ മഹാസം ഭവത്തില്‍നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്നു ചിന്തകള്‍ പങ്കുവയ്ക്കട്ടെ.
തിന്മയ്ക്കും അസത്യത്തിനും താത്കാലികമായ വിജയങ്ങള്‍ ഉണ്ടായേക്കാം. ക്രിസ്തുവിനെ വിചാരണ ചെയ്തപ്പോഴും ക്രൂശിച്ചപ്പോഴും അനീതി ജയിച്ചു എന്നു ലോകം കരുതി. എന്നാല്‍ മൂന്നാംനാള്‍ ശൂന്യമായ കല്ലറ ലോക ത്തോടു വിളിച്ചുപറഞ്ഞു: സത്യം എന്നും ജയിക്കും. വിശുദ്ധ അഗസ്റ്റിന് പറഞ്ഞതുപോലെ, ദൈവം ഒന്നിനെയും വെറുതെ സംഭവിക്കാന്‍ അനുവദിക്കുന്നില്ല. തിന്മയില്‍നിന്നുപോലും നന്മ ഉളവാക്കാന്‍ അവിടുത്തേക്കു കഴിയുന്നു.
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. സത്യവും സ്നേഹവുമാണ് എപ്പോഴും വിജയിച്ചിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാം. സ്വേച്ഛാധിപതികളും കൊലപാതകികളും, അനീതിയും അഴിമതിയും ചെയ്യുന്നവരും ഒരുകാലത്ത് അജയ്യരായി തോ ന്നിയിരിക്കാം. പക്ഷേ, അവസാനം അവര്‍ തകര്‍ന്നടിയും. ഉത്ഥിതനായ ഈശോ സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനമാണ് നമുക്കു നല്‍കുന്നത്.
യേശു തന്റെ ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെട്ടപ്പോള്‍ കാണിച്ചുകൊടുത്തതു തന്റെ മഹത്വത്തിന്റെ കിരീടമല്ല, മറിച്ച് പീഡാനുഭവത്തിന്റെ മുറിപ്പാടുകളാണ്. ആ മുറിവുകള്‍ വിജയത്തിന്റെ അടയാളങ്ങളായിരുന്നു. കുരിശിലെ വേദനയില്ലാതെ ഉയിര്‍പ്പിന്റെ സന്തോഷമില്ല. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും രോഗങ്ങളും തകര്‍ച്ചകളും വെറുതെയല്ല. അവ ദൈവമഹത്വത്തിലേക്കുള്ള വഴികളാണ്. കുരിശുചുമക്കാന്‍ തയാറുള്ളവര്ക്കുമാത്രമേ ഉയിര്‍പ്പിന്റെ ആനന്ദം അനുഭവിക്കാന്‍ കഴിയൂ.
ഉത്ഥിതനായ ഈശോയെ തിരിച്ചറിഞ്ഞത് അവിടുത്തെ മുറിപ്പാടുകളിലൂടെയാണ്.ഈസ്റ്റര്‍ വെറുമൊരു ആഘോഷമല്ല, മറിച്ച് ഒരു പുതിയ തുടക്കമാണ്. കല്ലറയ്ക്കു പുറത്തുവന്ന ക്രിസ്തുവിനെപ്പോലെ നമ്മുടെ ഭയങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും പുറത്തുവന്ന് പ്രത്യാശയുടെ വെളിച്ചത്തില്‍ നടക്കാന്‍ നമുക്കു സാധിക്കട്ടെ.
സമാനതകളില്ലാത്ത ഇടയന്റെ ഉയിർത്തെഴുന്നേൽപ്പ്
ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു (1 കൊറി. 15:20). പാപത്തെയും സാത്താനെയും അവസാനം മരണത്തെയും തോല്പിച്ച് മരിച്ചവരിൽനിന്ന് ആദ്യഫലമായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ എന്നേക്കുമുള്ള വിജയമാണ് ഉയിർപ്പുതിരുനാളിൽ ആഘോഷിക്കുന്നത്.
ആടുകൾക്കുവേണ്ടി ജീവൻ കൊ ടുത്ത, അവർക്കുമുന്പേനടന്ന, നല്ല മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയ, അവരെ പേരുചൊല്ലി വിളിച്ച, ശത്രുക്കളിൽനിന്നു രക്ഷിച്ച, ലോകത്തിനു സമാധാനം കല് പിച്ച, ഞാനാണ് വഴിയും സത്യവും ജീവനും എന്നു പഠിപ്പിച്ച, നല്ല ഇടയനായ ക്രിസ്തുവിന്റെ മാതൃകയ്ക്കും താൻ കാണിച്ചുതന്ന സ്നേഹവിപ്ലവത്തിന്റെ മാർഗത്തിനും മരണത്തിൻമേലുള്ള ഉയിർത്തെഴുന്നേൽപ്പിനും സമാനതകളില്ല.
അധികാരം പിടിച്ചെടുക്കാനായി കപടവാഗ്ദാനങ്ങൾ നൽകുന്ന, ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടുന്ന, ഭയം ഉപയോഗിച്ച് അധികാരം ഉറപ്പിക്കുന്ന, സത്യം മറച്ചുവച്ച് നുണ വിതറുന്ന, വെറുപ്പ്, വിഭജനം, ഭയം തുടങ്ങി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന, അധികാരാവകാശങ്ങൾ കവർന്നെടുക്കു ന്ന, യുദ്ധങ്ങളും രാഷ്ട്രീയകലഹങ്ങളും നിറഞ്ഞ ഈ ലോകത്തിൽ, ഇന്നത്തെ നേതാക്കളുടെ ഇടയിൽ യേശു വ്യത്യസ്തനാണ്: ആടുകൾക്കുമുന്നിൽ നടക്കുന്നു.
അവർക്കുവേണ്ടി അവൻ ജീവനെ കൊടുക്കുന്നു. അവന്റെ സമാധാനശബ്ദം സ്നേഹത്തിലൂടെ ഐക്യത്തിലേക്കും സത്യത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു. ക്രിസ്തുവിന്റെ രാഷ്ട്രീയമാതൃക പിന്തുടരാൻ ഇന്നത്തെ ലോകനേതാക്കൾക്കു കഴിഞ്ഞിരുന്നെങ്കിൽ ലോകസമാധാനപ്രത്യാശയും, ഇന്നത്തെ മരിച്ച അവസ്ഥകളിൽനിന്നുള്ള ഉയിർത്തെഴുന്നേല്പും അതിവിദൂരമല്ല എന്നാശിക്കുന്നു.
പുതിയ തുടക്കത്തിലേക്കുള്ള ആത്മീയ അനുഭവം
ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങൾ ക്രൈസ്തവവിശ്വാസത്തിന്റ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല, മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.
പ്രത്യാശയാണ് ഈസ്റ്ററിന്റെ പ്രധാന സന്ദേശം. ഇന്നത്തെ ലോകം അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും നിറഞ്ഞു നിരാശയിൽ നിപതിക്കുമ്പോൾ ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നത് ദുഃഖത്തിനും ഇരുട്ടിനും അപ്പുറം ഒരു പുതിയ വെളിച്ചമുണ്ട് എന്നതാണ്. ജീവിതത്തിലെ പരാജയങ്ങളും വേദനകളും നമ്മെ തളർത്തുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മാതൃക നമ്മെ വീണ്ടും ഉയർന്നുനിൽക്കാൻ പ്രചോദിപ്പിക്കുന്നു.
ഇന്നത്തെ മാധ്യമസ്വാധീന സാഹചര്യങ്ങളിൽ ഈസ്റ്ററിനു വളരെ വലിയ പ്രസക്തിയുണ്ട്. വ്യക്തിജീവിതത്തിലെ അകൽച്ചയും, സ്വാർഥതയുടെയും സംഘർഷങ്ങളുടെയും അതിപ്രസരവും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈസ്റ്റർ സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം നൽകുന്നു. മറ്റുള്ളവരെ മനസിലാക്കാനും ക്ഷമിക്കാനും ഒത്തൊരുമയോടെ ജീവിക്കുവാനും ആഹ്വാനം ചെയ്യുന്നു.
ഈസ്റ്റർ നമ്മെ ഒരു ആത്മപരിശോധനയിലേക്കു ക്ഷണിക്കുന്നു. ശരിയും തെറ്റും തിരിച്ചറിഞ്ഞു ശരിയിൽ ഉറച്ചുനിൽക്കാനുള്ള വൈഭവമാണ് ഉയിർത്തെഴുന്നേല്പ് സമ്മാനിക്കുന്നത്. ഈസ്റ്റർ സന്തോഷത്തിന്റെയും പുതുജീവിതത്തിന്റെയും തിരുനാളാണ്. ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ കൂടുതൽ പ്രത്യാശയും ശരിയായ ലക്ഷ്യവും കണ്ടെത്താൻ ഈ ദിനം പ്രചോദനമാകട്ടെ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും നമ്മുടെ ഹൃദയങ്ങളിൽ നിറയട്ടെ.
ഉത്ഥാനത്തിന്റെ മക്കളാകാനുള്ള വിളിയാണ് ഈസ്റ്റർ
മരണത്തോടെ അവന്റെ കഥയവസാനിച്ചെന്നു കരുതിയ ശത്രുക്കൾപോലും ആദ്യ ഈസ്റ്ററിൽ തിരിച്ചറിഞ്ഞു, ക്രിസ്തുവിന്റെ കഥ ആരംഭിച്ചിട്ടേയുള്ളൂ എന്ന്. അത് ആദ്യം പ്രഘോഷിച്ചതാകട്ടെ, ദൈവദൂതനും. അവന്റെ ചേതനയറ്റ മൃതശരീരം അന്വേഷിച്ചുവന്ന സ്ത്രീകളോട് അവൻ പറഞ്ഞു: ""ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപേലെ അവൻ ഉയിർപ്പിക്കപ്പെട്ടു'' (മത്തായി 28:5-6).
മഗ്ദലനായിലെ മറിയത്തിൽ ആരംഭിച്ച് തുടർന്നങ്ങോട്ട് ഉത്ഥിതനെ കണ്ടുമുട്ടിയവരുടെ അനേകം ജീവിതസാക്ഷ്യങ്ങൾ ബൈബിൾ നമ്മോടു പങ്കുവയ്ക്കുന്നു. വിജയപരാജയങ്ങളിലൂടെയും ഉയർച്ചതാഴ്ചകളിലൂടെയും കടന്നുപോയ സഭയുടെ രണ്ടു സഹസ്രാബ്ദങ്ങൾ ഇന്നും ജീവിക്കുന്നവനായ യേശുക്രിസ്തുവിന്റെ ചരിതമാണ് നമ്മെ പഠിപ്പിക്കുന്നത്. യേശുക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന യാഥാർഥ്യത്തിന്റെ പ്രഘോഷണവും ആഘോഷവുമാണ് ഈസ്റ്റർ.
ഉത്ഥാനത്തിന്റെ മക്കളായി ജീവിക്കാനുള്ള വിളിയാണ് ഈ സ്റ്റർ നമുക്കു നൽകുന്നത്. മരണത്തോടെ എല്ലാം അവസാനിച്ചെ ന്നു കരുതുന്നോ? ഭയപ്പെടേണ്ട. മരണത്തിനുമേൽ വിജയം വരിച്ചവൻ, യേശുക്രിസ്തു ഇന്നും ജീവിക്കുന്നു.
നമ്മുടെ ജീവിതത്തിന്റെ സാധാരണകളെ പുതിയ കണ്ണുകൾകൊണ്ട് കാണാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നു. മരണത്തോടെ തീരുന്ന ജീവിതത്തിലെ സുഖദുഃഖങ്ങളും നേട്ട കോട്ടങ്ങളും നിരാശയും നെടുവീർപ്പുകളുമാണ് നമ്മുടെ ജീവിതത്തെ ഇന്നു നിയന്ത്രിക്കുന്നതെങ്കിൽ, നാം വഹിക്കുന്ന ഭാരം മടുപ്പുളവാക്കുന്നതാണ്. എന്നാൽ, മരണത്തെയും അതിജീവിക്കുന്ന ജീവിതലക്ഷ്യങ്ങളിലേക്ക് ഉത്ഥിതൻ നമ്മെ ക്ഷണിക്കുന്നു.
യുദ്ധങ്ങളുടെയും ക്രൂരതകളുടെയും തിന്മകളുടെയും അരക്ഷിതത്വത്തിന്റെയും മധ്യേ ജീവിക്കുന്പോഴും, ആത്യന്തികമായി ദൈവമാണ് എല്ലാം നിയന്ത്രി ക്കുന്നത്. പാപത്തിന്റെയും മരണത്തിന്റെയുംമേൽ വിജയം വരിച്ചവൻ നമ്മുടെ ജീവിതത്തിലുള്ളപ്പോൾ വിജയം സുനിശ്ചിതമാണ്. ആത്മബലം നൽകുന്ന അപ്രതിരോധ്യമായ ഈ പ്രത്യാശയുടെ തിരുനാളാണ് ഈസ്റ്റർ.
ഉയിർപ്പുതിരുനാൾ -സമാധാനത്തിന്റെ ശാന്തിമന്ത്രം
അനീതിയുടെയും അക്രമത്തി ന്റെയും നടുവിൽ സമാധാനത്തിനായി ദാഹിക്കുന്ന ലോകജനതയ്ക്കുള്ള ശാന്തിമന്ത്രമാണ് ഈസ്റ്റർ. ശിഷ്യരിലൊരാൾ ഒറ്റിക്കൊടുത്തിട്ടും അനീതിപരമായി മരണത്തിനു വിധിക്കപ്പെട്ടിട്ടും അതിക്രൂരമായി മർദിക്കപ്പെട്ടിട്ടും അപമാനകരമായി കുരിശിൽ കൊല്ലപ്പെട്ടിട്ടും കല്ലറയ്ക്കു മുദ്രവയ്ക്കപ്പെട്ടിട്ടും പട്ടാളക്കാർ കാവലിരുന്നിട്ടും എന്നും നിലനിൽക്കുന്ന ദൈവത്തിന്റെ സ്നേഹം ഈശോയുടെ ഉത്ഥാനത്തിലൂടെ മനുഷ്യചരിത്രത്തിലേക്കു പൊട്ടിവിടരുകയാണ്.
എത്ര കടുത്ത അനീതിക്കിടയിലും സത്യവും നീതിയും സ്നേഹവും അവസാനം വിജയിക്കുകതന്നെ ചെയ്യും. അതാണ് ഉയിർപ്പിന്റെ പ്രത്യാശ. മരണത്തിനപ്പുറം കടക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം. മരണത്തിന്റെ താഴ്വരയ്ക്കപ്പുറം ഉയർന്നുപൊങ്ങുന്ന പ്രത്യാശയുടെ വെള്ളിനക്ഷത്രമാണ് ഈസ്റ്റർ..!
സത്യവും നീതിയും സ്നേഹവും നിലനിൽക്കുന്പോഴാണ് സമാധാനം സംജാതമാകുക. അസാധ്യമെന്നു തോന്നിക്കാവുന്ന പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നതാണ് ഉയിർപ്പിന്റെ പ്രത്യാശ. ഈശോയുടെ ഉത്ഥാനം പ്രത്യാശയുടെയും സമാധാനത്തിന്റെയും അച്ചാരമായി എന്നും മനുഷ്യചരിത്രത്തിൽ നിലനിൽക്കുന്നു.
ദൂതൻ സ്ത്രീകളോടു പറഞ്ഞു: ""നിങ്ങൾ ഭയപ്പടേണ്ട; ക്രൂശിക്കപ്പെട്ട ഈശോയെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; അരുൾച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു''( മത്തായി 28: 5-6). ഉത്ഥാനംചെയ്ത ഈശോ ശിഷ്യരോടു പറഞ്ഞു: ""ഭയപ്പെടേണ്ട, ഇതു ഞാനാണ്. നിങ്ങൾക്കു സമാധാനം..!'' ( ലൂക്ക 24:36). ഏവർക്കും ഉയിർപ്പുതിരുനാൾ മംഗളങ്ങൾ...
Kerala
കൊച്ചി: യുദ്ധങ്ങളാലും സംഘര്‍ഷങ്ങളാലും ലോകം കലുഷിതമാകുമ്പോഴും നാം വെല്ലുവിളികളും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുമ്പോഴും ഈസ്റ്ററിന്റെ സന്ദേശം ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ട് നയിക്കുന്നുവെന്ന് കെസിബിസി.
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ് ഈസ്റ്റര്‍. ഇരുട്ടിനെ മറികടന്ന് പ്രകാശത്തില്‍ വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് സമ്മാനിക്കുന്നത്.
പരസ്പരസ്നേഹവും സഹാനുഭൂതിയും പങ്കുവച്ച് ഒരു നല്ല സമൂഹം സൃഷ്ടിക്കാന്‍ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ജീവിതത്തില്‍ സമാധാനപൂരിതമായ പുതിയ പ്രഭാതത്തിനായി പ്രത്യാശിക്കാൻ നമുക്കു സാധിക്കണമെന്നും കെസിബിസി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
Leader Page
ലോകമെങ്ങുമുള്ള ക്രൈസ്തവർ മിശിഹായുടെ തിരുവുത്ഥാനത്തിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ ഈ സത്യം അടിവരയിട്ടു പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറിന്തോസ് 15:14). ക്രൂശിന്റെ വേദനയും കല്ലറയുടെ നിശബ്ദതയും പിന്നിട്ട് ഉയിർത്തെഴുന്നേറ്റ ഈശോ നമ്മോട് പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ ജീവിക്കുന്നു.” ഈ വാക്കുകൾ ഇന്നും നമ്മുടെ ജീവിതത്തിന്റെ അന്ധകാരങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിനാൽ, ഈസ്റ്റർ നമുക്ക് വെറുമൊരു ആഘോഷമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത ക്രിസ്തീയ പ്രത്യാശയുടെ വിളംബരമാണ്.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്: ""മിശിഹായുടെ ഉത്ഥാനം ചരിത്രത്തിലെ ഒരു സാധാരണ സംഭവമല്ല, മറിച്ച് മാനവചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം (Quantum Leap) ആണ്. അക്രമംകൊണ്ട് ലോകത്തെ മാറ്റാമെന്ന വ്യാമോഹത്തിനു മുകളിൽ സ്നേഹം നേടിയ വിജയമാണത്'' (2006ലെ ഈസ്റ്റർ വിജിൽ പ്രഭാഷണത്തിൽ നിന്ന്). മിശിഹായുടെ ഉത്ഥാനം എന്നത് പഴയ ജീവിതത്തിലേക്കുള്ള ഒരു മടക്കയാത്രയല്ല മറിച്ച് മരണമില്ലാത്ത ഒരു പുതിയ അവസ്ഥയിലേക്കുള്ള പ്രവേശനമാണ്. ഉത്ഥാനത്തിലൂടെ മരണം എന്നത് ഒരു അവസാനമല്ലെന്നും, മറിച്ച് ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു. ഉത്ഥാനം ചെയ്ത മിശിഹായുടെ ശരീരം മഹത്വീകരിക്കപ്പെട്ടതാണ്. അവിടത്തേക്ക് അടഞ്ഞ വാതിലുകളിലൂടെ കടന്നുപോകാനും അതേസമയം തന്നെ ശിഷ്യന്മാരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. ഇത് കേവലം ഒരു അത്ഭുതമല്ല, മറിച്ച് ഇശോയുടെ മനുഷ്യാസ്തിത്വത്തിൽ സംഭവിച്ച വിപ്ലവകരമായ പരിവർത്തനമാണ്.
« സമകാലിക പ്രസക്തി «
ഉത്ഥാനത്തിരുനാൾ വെറുമൊരു ഗതകാല സംഭവത്തിന്റെ ആവർത്തനമല്ല, മറിച്ച് മനുഷ്യപ്രകൃതിയുടെതന്നെ നവീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലിക പ്രസക്തമായ അനുസ്മരണമാണ്. സഭാപിതാവായ വിശുദ്ധ അത്തനാസിയൂസ് പഠിപ്പിക്കുന്നതുപോലെ, ""നാം ദൈവത്തെപ്പോലെ ആകേണ്ടതിന് ദൈവം മനുഷ്യനായി, മിശിഹായുടെ ഉത്ഥാനത്തിലൂടെ മരണം അതിന്റെ അധികാരം എന്നെന്നേക്കുമായി കൈവെടിഞ്ഞു” (‘De Incarnatione’). വിശുദ്ധ ജോൺ ക്രിസോസ്തം തന്റെ പ്രശസ്തമായ ഈസ്റ്റർ പ്രഭാഷണത്തിൽ ഉദ്ഘോഷിക്കുന്നു: ""മരണമേ, നിന്റെ വിജയം എവിടെ? പാതാളമേ, നിന്റെ ദംശനം എവിടെ? മിശിഹാ ഉയിർത്തെഴുന്നേറ്റു, മരണം പരാജയപ്പെട്ടിരിക്കുന്നു. ആദത്തിലൂടെ മരണം ലോകത്തിലേക്ക് പ്രവേശിച്ചുവെങ്കിൽ, പുതിയ ആദമായ മിശിഹായിലൂടെ നിത്യജീവൻ നമ്മിലേക്ക് സന്നിവേശിച്ചിരിക്കുന്നു (Paschal Homily of St. John Chrysostom).'' മിശിഹായുടെ ഉത്ഥാനം വഴി പാപത്തിന്റെ അടിമത്തത്തിൽനിന്ന് നാം വിമോചിതരാക്കപ്പെടുകയും ദൈവപുത്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ചെയ്തു. ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടന്ന് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഭൗതികമായ ഒരു പരിമിതിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന സാന്നിധ്യത്തിൽനിന്നു കാലാതീതവും സർവവ്യാപിയുമായ ദൈവികതയിലേക്കുള്ള പരിവർത്തനമാണത്. മിശിഹായുടെ ശൂന്യമായ കല്ലറയെ ധ്യാനിക്കുമ്പോൾ അവിടുന്ന് ഏതെങ്കിലും ഒരു പ്രത്യേക ദേശത്തോ കാലത്തോ മാത്രം തളയ്ക്കപ്പെട്ടവനല്ലെന്നും മറിച്ച്, അവിടത്തെ ഉത്ഥാനചൈതന്യം ലോകത്തിന്റെ നാനാകോണുകളിലും പടർന്നിരിക്കുന്നുവെന്നും നാം തിരിച്ചറിയുന്നു. ദുരിതമനുഭവിക്കുന്നവന്റെ വിലാപത്തിലും യുദ്ധക്കളങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവന്റെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കാലഘട്ടം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുദ്ധവാർത്തകളും നിഷ്കളങ്കരായ മനുഷ്യരുടെ നിലവിളികളും നമ്മുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അതിക്രമങ്ങളും അധികാരമോഹങ്ങളും മനുഷ്യജീവന്റെ മഹത്വത്തെ വിസ്മരിക്കുമ്പോൾ, ഈസ്റ്റർ നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്. കുരിശിലെ ബലിയർപ്പണം പരാജയമായിരുന്നില്ല, മറിച്ച് ലോകത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുണയുടെ അടയാളമായിരുന്നു. ""ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹന്നാൻ 16: 33) എന്ന മിശിഹായുടെ വചനം ഇന്നത്തെ യുദ്ധക്കെടുതികളിൽ ഉഴലുന്ന ജനതയ്ക്ക് വലിയൊരു ആശ്വാസമാണ്. അക്രമംകൊണ്ട് ആർക്കും ശാശ്വതമായ വിജയം നേടാനാവില്ലെന്നും സ്നേഹംകൊണ്ടുള്ള കീഴടങ്ങലിലാണ് യഥാർഥ വിജയമെന്നും ഉത്ഥാനരഹസ്യം നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നതുപോലെ; ""മനുഷ്യരാശിയുടെ ഭാവി യുദ്ധങ്ങളിലോ അക്രമങ്ങളിലോ അല്ല, മറിച്ച് ജീവനിലും സമാധാനത്തിലുമാണ്. കുരിശ് പരാജയമായിരുന്നെങ്കിൽ ഉത്ഥാനം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അക്രമത്തിന് നമ്മുടെ ഭാവിയുടെ അവസാന വാക്ക് പറയാനാകില്ല’’ (ലോക സമാധാനദിന സന്ദേശം, 2005).
« സമാധാനം, ഉത്ഥിതന്റെ സമ്മാനം «
ഇന്നു നാം കാണുന്ന യുദ്ധങ്ങളും ക്രൂരതകളും നമ്മുടെ ഹൃദയങ്ങളിലെ പ്രത്യാശയെ കെടുത്തിക്കളയാൻ ശ്രമിക്കുമ്പോൾ, മിശിഹായുടെ കല്ലറ അടച്ചുവച്ചിരുന്ന വലിയ കല്ലുകൾ ദൈവികശക്തിയാൽ ഉരുട്ടിമാറ്റപ്പെട്ടത് നാം ഓർമിക്കണം . അനീതിയുടെയും മരണത്തിന്റെയും കല്ലറകൾക്കുമേൽ അവയെത്ര ബലമുള്ളതെന്നു തോന്നിയാലും പ്രത്യാശയുടെ സൂര്യൻ ഉദിക്കുകതന്നെ ചെയ്യും. ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാർക്ക് നൽകിയ ആദ്യത്തെ സമ്മാനം സമാധാനമായിരുന്നു. ഭയത്തിന്റെയും ആശങ്കയുടെയും നിഴലിൽ കഴിഞ്ഞിരുന്ന ആ മനുഷ്യരിലേക്ക് ""നിങ്ങൾക്ക് സമാധാനം’’ എന്ന് ആശംസിച്ചുകൊണ്ട് കടന്നുവന്ന മിശിഹാ, സമാധാനം എന്നത് കേവലം സങ്കർഷങ്ങളുടെ അഭാവമല്ല മറിച്ച് ദൈവസാന്നിധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. മിശിഹാ നൽകിയ ഈ സമാധാനം ഹൃദയങ്ങളിൽ ആഴത്തിൽ സ്വീകരിച്ചുകൊണ്ട്, സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പുതിയൊരു ലോകം പടുത്തുയർത്താനാണു നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. നമുക്കിടയിലുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കാനും അപരനെ ശത്രുവായി കാണാതെ ദൈവത്തിന്റെ പ്രതിരൂപമായി സ്നേഹിക്കാനും ഈ ഉയിർപ്പുകാലം നമുക്ക് പ്രചോദനമാകട്ടെ. മിശിഹായുടെ സമാധാനം നമ്മിലൂടെ കുടുംബത്തിലേക്കും സമൂഹത്തിലേക്കും പങ്കുവയ്ക്കപ്പെടുമ്പോഴാണ് ഉത്ഥാനത്തിന്റെ യഥാർഥ മനോഹാരിത ലോകം തിരിച്ചറിയുന്നത്.
« പ്രത്യാശിക്കാൻ ധൈര്യം തരുന്ന ഉത്ഥാനം «
മിശിഹായുടെ ഉത്ഥാനം മനുഷ്യരാശിക്ക് പകർന്നുതരുന്ന ഒരു ആത്മീയ ഔഷധമാണ് പ്രത്യാശ. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, ""പ്രത്യാശ നമ്മെ ലജ്ജിപ്പിക്കുന്നില്ല; കാരണം, നമുക്ക് നൽകപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’’ (റോമ 5:5). പ്രത്യാശ എന്നത് വെറുമൊരു ആഗ്രഹമല്ല, മറിച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഉറച്ച വിശ്വാസമാണ്. നിരാശയുടെ അന്ധകാരത്തിൽ കഴിയുന്നവരെ വിശുദ്ധ അഗസ്തിനോസ് ഇങ്ങനെ ഓർമിപ്പിക്കുന്നു; ""വിശ്വാസം എന്നത് നാം കാണാത്ത കാര്യങ്ങൾ വിശ്വസിക്കലാണ്; ആ വിശ്വാസത്തിന്റെ പ്രതിഫലം നാം വിശ്വസിക്കുന്നത് നേരിട്ടു കാണുക എന്നതാണ്.’’ പ്രത്യാശയുള്ള ഹൃദയം പരാജയത്തെ അറിയുന്നില്ല. പ്രത്യാശയാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ നമുക്ക് നൽകപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ആയുധം. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പപ്പാ നമ്മെ ഓർമിപ്പിക്കുന്നു; ""ക്രിസ്തീയ പ്രത്യാശ എന്നത് വെറുമൊരു ദുർബലമായ സ്വപ്നമല്ല, മറിച്ച് ഉത്ഥിതനായ മിശിഹായുടെ ഹൃദയത്തിലേക്ക് എറിയപ്പെട്ട കരുത്തുറ്റ ഒരു നങ്കൂരമാണ്. കഠിനമായ ഇരുളിലും പ്രഭാതത്തിന്റെ വെളിച്ചം കാണാൻ നമ്മെ സഹായിക്കുന്ന ശാന്തമായ കരുത്താണത്. ദൈവത്തോടൊപ്പമാണെങ്കിൽ ഒരു ശൈത്യകാലവും ശാശ്വതമല്ലെന്നും ഒരു പരാജയവും അന്തിമമല്ലെന്നും അത് നമ്മെ ഓർമിപ്പിക്കുന്നു’’ (63-ാമത് ലോക ദൈവവിളി പ്രാർഥനാദിനത്തിൽ നൽകിയ സന്ദേശത്തിൽനിന്ന്).
മിശിഹായുടെ ഉത്ഥാനം നമ്മെ പഠിപ്പിക്കുന്നത് മരണത്തിൽ അവസാനിക്കാത്ത ഒരു ജീവിതമുണ്ടെന്നും, അന്ധകാരത്തിന് പ്രകാശത്തെ കീഴടക്കാൻ കഴിയില്ലെന്നുമാണ്. ""കുരിശില്ലാതെ ഈസ്റ്റർ സാധ്യമല്ല. മരിക്കാൻ തയാറുള്ളവർക്കേ ജീവിക്കാൻ അവകാശമുള്ളൂ. ക്രിസ്തുവിന്റെ ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം ഇതാണ്: സ്നേഹത്തിന് മരണത്തേക്കാൾ ശക്തിയുണ്ട്. അന്ധകാരത്തിന് വെളിച്ചത്തെ കീഴടക്കാൻ കഴിയില്ലെന്ന് ശൂന്യമായ കല്ലറ നമ്മെ പഠിപ്പിക്കുന്നു’’ എന്നു ബിഷപ് ഫുൾട്ടൺ ജെ. ഷീൻ പറഞ്ഞ വാക്കുകൾ (ലൈഫ് ഓഫ് ക്രൈസ്റ്റ്) പുതിയൊരു പ്രകാശത്തിൽ ഉയിർപ്പുതിരുനാൾ ആഘോഷിക്കാൻ നമുക്ക് പ്രചോദനം നൽകുന്നുണ്ട്. ഉത്ഥിതനായ മിശിഹായോടൊപ്പം നമുക്കും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയർത്തെഴുന്നേൽക്കാം. നമുക്ക് പ്രത്യാശയുടെ വിത്തുകൾ വിതയ്ക്കുന്നവരാകാം. കാരണം, കല്ലറ ഒഴിഞ്ഞുകിടക്കുന്നു; മിശിഹാ ഉയിർത്തെഴുന്നേറ്റു, അവിടന്ന് ഇന്നും നമ്മോടൊപ്പമുണ്ട്. ഉയിർപ്പുതിരുനാളിന്റെ ദൈവാനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു.
District News
കോട്ടയം: ഈസ്റ്റര്‍, വിഷു അവധിക്കാലത്ത് ചെന്നൈയില്‍നിന്നു നാട്ടിലേക്കെത്താനും തിരികെ ചെന്നൈയിലേക്കു പോകാനും സ്പെഷല്‍ ട്രെയിനുകളുമായി റെയില്‍വേ. കോട്ടയംവഴി ചെന്നൈ, എസ്എസ്എസ് ഹൂബള്ളി, സന്ത്രഗാച്ചി എന്നിവിടങ്ങളില്‍നിന്നും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ നമ്പര്‍ 06113/06114 ഒഴിച്ചുള്ളവ രണ്ട് മാസവും സര്‍വീസ് നടത്തും.
ട്രെയിന്‍ നമ്പര്‍ 06114 നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്പെഷല്‍ ഇന്നു വൈകുന്നേരം 5.15നു തിരുവനന്തപുരം നോര്‍ത്തില്‍നിന്നു പുറപ്പെട്ട് അടുത്തദിവസം രാവിലെ 11.30നു ചെന്നൈ എഗ്മോറില്‍ എത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ട്രെയിന്‍ നമ്പര്‍ 06081 തിരുവനന്തപുരം നോര്‍ത്ത് - സാന്ത്രഗാച്ചി സ്പെഷല്‍ ജൂണ്‍ അഞ്ചു വരെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.15നു തിരുവനന്തപുരം നോര്‍ത്തില്‍നിന്നു പുറപ്പെട്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45ന് സാന്ത്രാഗച്ചിയിലെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ട്രെയിന്‍ നമ്പര്‍ 06082 സന്ത്രാഗച്ചി-തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ ആറു മുതല്‍ ജൂണ്‍ എട്ടു വരെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15ന് സന്ത്രാഗച്ചിയില്നിന്നു പുറപ്പെട്ട് ബുധനാഴ്ച രാവിലെ 9.55നു തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. പാലക്കാട്, തൃശൂര്‍, കോട്ടയം, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.
NRI
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഈ മാസം 25ന് ഉച്ചകഴിഞ്ഞ് നാല് മുതൽ സാൽബാവു റ്റിറ്റ്യൂസ്ഫോറത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.
Address: SAALBAU Titus Forum , Walter-Möller-Platz 2 , 60439 Frankfurt am Main.
ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങൾ, നൃത്തങ്ങൾ, വൈവിധ്യങ്ങളായ കലാപരിപാടികൾ തുടങ്ങിയവയ്ക്കു പുറമെ ലക്കി ഡ്രോയും ഉണ്ടായിരിക്കും. കൂടാതെ മിതമായ വിലക്ക് കേരളത്തനിമയുള്ള ഭക്ഷണ വില്പനയും ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷപരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിനുവേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹപൂർവം ക്ഷണിക്കുന്നു.
പ്രവേശനം ഓൺലൈൻ ടിക്കറ്റ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് വാങ്ങുവാനായി ഏപ്രിൽ ഒന്നാം തീയതി മുതൽ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://doo.net/event/214997/order
Leader Page
ക്രൈസ്തവ വിശ്വാസത്തിന്റെ അന്തഃസത്ത വെളിവാക്കുന്ന വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിലൊന്നാണ് പെസഹാവ്യാഴം. തന്നെത്തന്നെ പൂർണമായി നൽകുന്ന സ്നേഹത്തിന്റെ ആഘോഷമാണ് ഈ ദിനം. വിനയത്തിന്റെ പാഠമായ പാദക്ഷാളനവും ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ സ്ഥാപനവും വഴി ഈശോമിശിഹാ തന്റെ അനന്തമായ സ്നേഹം ലോകത്തിനു വെളിപ്പെടുത്തി. ഈ ദിനത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ പ്രധാനമായും മൂന്ന് തലങ്ങളിലൂടെ നമുക്കു ദർശിക്കാം.
► കുഞ്ഞാടായി മാറിയ നല്ലിടയൻ
ഈശോയെക്കുറിച്ച് പുതിയ നിയമം നൽകുന്ന ഏറ്റവും മനോഹരമായ രണ്ടു ചിത്രങ്ങളാണ് ‘നല്ലിടയനും’ (യോഹ 10:11,14) ‘ദൈവത്തിന്റെ കുഞ്ഞാടും’ (യോഹ 1:29, 36). സാധാരണ നിലയിൽ ഒരു ഇടയന്റെ ദൗത്യം ആടുകളെ നയിക്കുക എന്നതാണ്. എന്നാൽ ഈശോ എന്ന ഇടയൻ വ്യത്യസ്തനാകുന്നത് തന്റെ ആടുകൾക്കുവേണ്ടി അവൻതന്നെ കുഞ്ഞാടായി ബലിയർപ്പിക്കപ്പെടുന്നു എന്നതിലാണ്.
‘നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു’ (യോഹ 10:11) എന്ന് പറഞ്ഞപ്പോൾ ഈശോ വിരൽ ചൂണ്ടിയത് തന്റെ മരണത്തിലേക്കായിരുന്നു. പഴയ നിയമത്തിൽ ഇസ്രയേൽ ജനതയുടെ വിമോചനത്തിനായി പെസഹാക്കുഞ്ഞാടിന്റെ രക്തം വാതിൽപ്പടികളിൽ അടയാളമായി ഉപയോഗിച്ചിരുന്നു (പുറ 12:2128). എന്നാൽ, പുതിയ നിയമത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന യഥാർഥ കുഞ്ഞാടായി ഈശോ മാറുന്നു. സ്നാപക യോഹന്നാൻ പ്രവചിച്ചതുപോലെ (യോഹ 1:29), അന്ത്യത്താഴ വേളയിൽ ഈശോ തന്റെ ശരീരവും രക്തവും ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് ആ പ്രവചനം പൂർത്തിയാക്കി. വാസ്തവത്തിൽ നല്ലിടയനാകുന്നതിന്റെ ഭാഗമായി തന്നെയാണ് ഈശോ കുഞ്ഞാടായി മാറിയത്. അതുകൊണ്ടാണ് ഞാൻ നല്ലിടയനാകുന്നു എന്നു പറഞ്ഞ ഉടനെ ഞാൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു എന്ന് ഈശോ പറഞ്ഞത് (യോഹ 10:11,14).
ആടുകളോടുള്ള സ്നേഹത്തെപ്രതി സ്വന്തം ജീവൻ അർപ്പിക്കുന്ന ഈശോയെയാണ് നമുക്കിവിടെ കാണാൻ കഴിയുക. പെസഹാക്കുഞ്ഞാടായി മാറിക്കൊണ്ട് ഈശോ തന്റെ ഇടയദൗത്യം സമാനതകളില്ലാത്ത രീതിയിൽ പൂർത്തിയാക്കി. ആടുകൾക്കു ജീവൻ നൽകാനായി സ്വന്തം ജീവൻതന്നെ അർപ്പിക്കുന്ന കുഞ്ഞാടായി മാറിയ ഈശോ സ്നേഹത്തിന്റെ ഉത്തമ മാതൃക കാണിച്ചു. സ്നേഹിതനുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് (യോഹ 15:13) പഠിപ്പിക്കുക മാത്രമല്ല, അത് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കുകയും ചെയ്ത ബലിയർപ്പകനായ ഇടയനാണ് ക്രിസ്തു.
► പാദക്ഷാളനം: സേവനത്തിന്റെ പുതിയ മാതൃക
അന്ത്യത്താഴവേളയിൽ ഈശോ ചെയ്ത ഏറ്റവും വിപ്ലവാത്മകമായ പ്രവൃത്തി ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതായിരുന്നു (യോഹ 13:4-14). യഹൂദ ആചാരപ്രകാരം ഏറ്റവും താഴ്ന്ന ദാസന്മാർ ചെയ്യുന്ന ജോലിയാണത്. ഗുരുവും കർത്താവുമായവൻ ഒരു ദാസന്റെ വേഷമണിഞ്ഞ് ശിഷ്യന്മാരുടെ പാദങ്ങളിൽ തൊട്ടപ്പോൾ, അധികാരം എന്നത് സേവനമാണെന്ന പുതിയ പാഠം ലോകം പഠിച്ചു.
വഴിതെറ്റിപ്പോകുന്ന ആടുകളെ തേടിപ്പോകുന്ന ഇടയൻ, ഇവിടെ തന്റെ ആടുകളുടെ പാദങ്ങൾ കഴുകി അവരെ വിശുദ്ധീകരിക്കുന്നു. “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്” (മത്തായി 20: 28) എന്ന വചനം ഇവിടെ അർഥപൂർണമാകുന്നു. അപരന്റെ മുമ്പിൽ ചെറുതാകാനും അവരെ ആദരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് അവരോടുള്ള ആഴമായ സ്നേഹമാണ്. സ്നേഹമുള്ളിടത്ത് വിനയമുണ്ടാകുമെന്നും വിനയമുള്ളിടത്തു മാത്രമേ യഥാർഥ സേവനം സാധ്യമാകൂ എന്നും പാദക്ഷാളനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നു.
► വിശുദ്ധ കുർബാന: നിത്യമായ ആത്മീയ ഭോജനം
പെസഹാവ്യാഴത്തിന്റെ ഏറ്റവും വലിയ സവിശേഷത വിശുദ്ധ കുർബാനയുടെ സ്ഥാപനമാണ്. ഒരു ഇടയൻ തന്റെ ആടുകളെ പച്ചപ്പുൽപ്പുറങ്ങളിലേക്ക് നയിക്കുന്നതുപോലെ, ഈശോ തന്റെ അനുഗാമികൾക്ക് നിത്യജീവൻ നൽകുന്ന ആത്മീയ ഭക്ഷണം നൽകി. തന്റെ ഭൗതികമായ അസാന്നിധ്യത്തിലും ശിഷ്യന്മാർ ഒറ്റപ്പെട്ടു പോകാതിരിക്കാൻ അവൻ തന്റെ സാന്നിധ്യം അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ അവർക്ക് നൽകി. വിശുദ്ധ കുർബാനയിലാണ് ഈശോയുടെ സ്നേഹം ഏറ്റവും കൂടുതലായി വെളിപ്പെടുന്നത്.
വിശുദ്ധ കുർബാനയിൽ ഈശോ നൽകുന്നത് തന്റെ പക്കലുള്ള എന്തെങ്കിലുമല്ല; മറിച്ച്, തന്നെത്തന്നെയാണ്. ഈശോ പറയുന്നു: “സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51). വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മോട് ഒന്നായിത്തീരുന്നു. ഇത് കേവലം ഒരു പ്രതീകാത്മക ചടങ്ങല്ല, മറിച്ച് ക്രിസ്തുവുമായുള്ള ഗാഢമായ ഐക്യമാണ്. “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹ 6:56) എന്ന വാഗ്ദാനം ഓരോ കുർബാനയിലും നിറവേറുന്നു. മനുഷ്യരോടുള്ള അഗാധമായ സ്നേഹം നിമിത്തം അവരെ തന്നോട് ചേർത്തുനിർത്താൻ ഈശോ കണ്ടെത്തിയ സ്നേഹരഹസ്യമാണ് വിശുദ്ധ കുർബാന.
► സ്നേഹത്തിന്റെ കല്പന
പെസഹാവ്യാഴം നമുക്കു നൽകുന്ന സന്ദേശം സ്നേഹത്തിന്റേതാണ്. നമ്മെ നയിക്കുന്ന ഇടയൻ നമ്മുടെ പാപങ്ങൾക്കായി കുഞ്ഞാടായി മാറി. വിശുദ്ധ കുർബാനയിലൂടെ ഇന്നും ആ ഇടയൻ നമ്മുടെ കൂടെയുണ്ട്, ആ കുഞ്ഞാടിന്റെ ബലി ഇന്നും നമുക്കു രക്ഷയേകുന്നു. പെസഹാവ്യാഴം വെറുമൊരു ചരിത്രസംഭവത്തിന്റെ അനുസ്മരണമല്ല. മറിച്ച്, ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിൽ പകർത്തേണ്ട സ്നേഹത്തിന്റെ കല്പനയാണ്. നമ്മെ നയിക്കുന്ന ഇടയൻ നമുക്കായി കുഞ്ഞാടായി മാറിയതുപോലെ, മറ്റുള്ളവർക്കുവേണ്ടി സ്വയം മുറിച്ചു നൽകാനും വിനയത്തോടെ ശുശ്രൂഷിക്കാനും നമുക്കു സാധിക്കണം. തന്റെ സ്നേഹം ലോകമെങ്ങും പങ്കുവയ്ക്കാൻ ഈശോ നമ്മെ ക്ഷണിക്കുന്നു. അപരന്റെ വേദനകളിൽ പങ്കുചേരുമ്പോഴും, വിനയത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോഴും മാത്രമാണ് നമ്മുടെ പെസഹാ ആചരണങ്ങൾ പൂർണമാകുന്നത്.
International
ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.
പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.
ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.
National
ന്യൂഡൽഹി: ക്രൈസ്തവരുടെ ആഘോഷദിനങ്ങൾ പ്രവൃത്തിദിനമാക്കുന്നത് അപലപനീയമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരുകളായാലും ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ.മാത്യു കോയിക്കൽ പറഞ്ഞു.
ഈസ്റ്ററും ക്രിസ്മസും ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ദിനങ്ങളാണ്. എന്നാൽ ഈ ദിവസങ്ങൾ പ്രവൃത്തിദിനമാക്കാൻ കേന്ദ്രസർക്കാരിനും ചില സംസ്ഥാന സർക്കാരുകൾക്കും എന്തെന്നില്ലാത്ത തീക്ഷ്ണതയാണെന്നും അദ്ദേഹം ആരോപിച്ചു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിനങ്ങളായി ആചരിക്കുന്ന വിശുദ്ധ വാരത്തിൽ കേരളത്തിൽ തെരഞ്ഞെടുപ്പു പരിശീലനവും ഡ്യൂട്ടിയും ക്രമീകരിച്ചിരിക്കുന്നതിനെയും സിബിസിഐ കുറ്റപ്പെടുത്തി.
ഇത്തരം നടപടികൾ വിശ്വാസജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഇതിൽനിന്നു പിന്മാറാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും ഫാ. ഡോ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
NRI
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
നൂറിൽ പരം കേന്ദ്രങ്ങളിൽ തിരുക്കർമങ്ങൾ നടക്കും. പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും.
Kerala
തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെ ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ഇതിനു പുറമെ തിരക്കനുസരിച്ച് അധികമായി 13 ബസും സജ്ജമാക്കും.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
Kerala
കൊച്ചി: പെസഹാ വ്യാഴാഴ്ചയും ഈസ്റ്റര്‍ ഞായറാഴ്ചയും അഖിലേന്ത്യ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വെല്ലുവിളിയാണെന്ന് കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന സമിതി.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിതെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ ഇതു നടക്കില്ലെന്നും സമിതി കുറ്റപ്പെടുത്തി.
ഓശാനദിനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് നടത്താന്‍ തീരുമാനിച്ച പരിശീലന പരിപാടി ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, വൈദിക ഉപദേഷ്ടവ് ഫാ. തോമസ് തറയില്‍, ട്രഷറര്‍ ബിജു കുണ്ടുകുളം എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
ദൈവത്തിന്റെ ഇടം അഥവാ ദൈവത്തിന്റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത് നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.
അതിജീവിക്കേണ്ടവർ
നോമ്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും.
കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്ഷൻ എന്നു പറഞ്ഞത്.
ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം.
പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ്‍ വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ്‍ വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.
സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.
കരുണ എന്ന ഇടം
ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്.
ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്റെ ഇടമാണെന്നു പറയുന്നത്.
നോമ്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുമ്പോൾ കൈമാറുന്നത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ എന്നതു ദൈവത്തിന്റെ ഇടമാണ്. ദൈവത്തിന്റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പുകാലം.
Kerala
ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക.
ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.
ശത്രുതയുടെ മതിലുകൾ
നല്ല സമരിയക്കാരന്റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ.
ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്.
എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.
മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്.
സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''.
ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്റെ രണ്ടാം വരവിന്റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്.
നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.
കടം വീട്ടാൻ വരുന്നവൻ
ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്.
മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.
അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.
NRI
ഹെറിഫോഡ്: ഹെറിഫോഡിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിൽ കെസിഇഎഫ് ഈസ്റ്റർ സംഗമം ഏപ്രിൽ 18ന് വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, ക്രൈസ്തവ കലാ രൂപങ്ങൾ, മെഗാ ക്വയർ, പൊതുസമ്മേളനം, കെസിഇഎഫ് (കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ്) ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കൽ, ഭക്തി ഗാനസുധ തുടങ്ങിയ പരിപാടികൾ നടക്കും.
ഹെറിഫോഡിലെ എപ്പിസ് കോപ്പൽ സഭകൾ ഒരുക്കുന്ന യേശുദേവന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
ഈ പരിപാടികയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ സഭകളിൽ നിന്നുള്ള വ്യക്തികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.