മെസി... നിങ്ങളുടെ സുന്ദരമായ നീക്കങ്ങള്‍ക്കൊടുവില്‍ പന്ത് വലയില്‍ എത്തുന്ന കാഴ്ചയ്ക്കിടെ എങ്ങനെ ഇമചിമ്മും... ഇമചിമ്മുന്നതിനിടെയാണ് ഗോള്‍ പിറക്കുന്നതെങ്കിലോ..? ഇല്ല, ടെക്സസിലെ 70,649 കാണികള്‍ ഇമചിമ്മിയില്ല; നിങ്ങള്‍ ഗോള്‍ നേടുന്ന, പന്തില്‍ ടച്ച് ചെയ്യുന്ന ഓരോ മുഹൂര്‍ത്തത്തിനും ഗാലറിയുടെ അകമ്പടിയുണ്ടായിരുന്നു, ഭൂഗോളത്തിന്റെ വിവിധ കോണുകളിലായി സ്ക്രീനുകള്‍ക്കു മുന്നിലിരിക്കുന്ന ആരാധകരുടേയും... ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ചരിത്രം കുറിച്ച മെസീീീ... നിങ്ങള്‍ക്ക് ആയിരമായിരം ജന്മദിനാശംസകള്... ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതിന് അടിവരയിടുന്നതാണ് ഫിഫ ലോകകപ്പില്‍ നിങ്ങളുടെ ഓരോ മത്സരവും, ഓരോ ഗോളും... മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് തിരുത്തിയ മെസി, ഇനി ഓരോ തവണയും വല ചലിപ്പിക്കുന്നത് റിക്കാര്‍ഡ് ബുക്കിന്റെ പുതിയ താളുകളിലേക്ക്...
► ആധികാരിക പ്രവേശം
ഫിഫ 2026 ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ (38, 90+5 മിനിറ്റുകള്‍) ബലത്തില്‍ അര്‍ജന്റീന ചുവടുവച്ചു. മെസി മാത്രമാണ് അര്‍ജന്റീനയ്ക്കായി ഈ ലോകകപ്പില്‍ ഗോള്‍ നേടിയതെന്നതും മറ്റൊരു വസ്തുത; അള്‍ജീരിയയ്ക്ക് എതിരായ 3-0 ജയത്തില്‍ ഹാട്രിക്കും ഓസ്ട്രിയയ്ക്ക് എതിരായ 2-0 ജയത്തില്‍ ഇരട്ടഗോളും. മെസിക്കായി ഗോള്‍വഴി ഒരുക്കുന്ന സഹതാരങ്ങളെയാണ് ഓസ്ട്രിയയ്ക്ക് എതിരേ കണ്ടത്.
► പെനാല്‍റ്റി കളഞ്ഞെങ്കിലും
ഗ്രൂപ്പ് ജെയില്‍ ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ ലൗതാരൊ മാര്‍ട്ടിനെസിനെ വീഴ്ത്തിയതിനു പിന്നീട് നടത്തിയ വിഎആര്‍ പരിശോധനയിലൂടെയായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍, കിക്കെടുത്ത മെസിക്കു പിഴച്ചു. പന്ത് പുറത്തേക്ക്. ഗാലറി നിശബ്ദം.
എന്നാല്‍, പെനാല്‍റ്റി നഷ്ടപ്പെടുത്തിയും മെസി ചരിത്രം കുറിച്ചെന്നതാണ് വാസ്തവം. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ പെനാല്‍റ്റി എടുത്ത (7) കളിക്കാരനും നഷ്ടപ്പെടുത്തിയ കളിക്കാരനും (3) മെസിയാണ്. നാല് എണ്ണം ഗോളാക്കി മാറ്റിയിട്ടുമുണ്ട്.
► 38-ാം മിനിറ്റ് ഗോള്‍
പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും 38-ാം മിനിറ്റില്‍ മെസി ചരിത്രം കുറിച്ച് ഓസ്ട്രിയന്‍ വല കുലുക്കി. ഓസ്ട്രിയന്‍ പകുതിയില്‍നിന്ന് മെസി തുടങ്ങിയവച്ച നീക്കം. മെസിയില്നിന്നു പന്ത് ലഭിച്ച അല്‍മാഡ മുന്നോട്ട് ഓടിക്കയറി. തുടര്‍ന്ന് ലെഫ്റ്റ് സൈഡിലൂടെ കയറിയ ഫകുന്‍ഡോ മെഡിനയ്ക്കു മറിച്ചു. മെഡിന മുന്നോട്ടു കയറാതെ ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് കട്ട് ചെയ്തു നല്കി. ഫകുന്‍ഡോ പന്തിനെ ലീവ് ചെയ്തു. പന്ത് എത്തിയത് ബോക്സിനുള്ളിലേക്ക് എത്തിയ മെസിയുടെ പാകത്തിന്. ഫസ്റ്റ് ടൈം ഷോട്ടിലൂടെ മെസി പന്ത് വലയിലാക്കി. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ 17-ാം ഗോള്‍. മിറോസ്ലാവ് ക്ലോസെയുടെ 16 ഗോള്‍ എന്ന റിക്കാര്‍ഡ് പിന്തള്ളപ്പെട്ട നിമിഷം.
► 90+5-ാം മിനിറ്റ് ഗോള്‍
ഓസ്ട്രിയന്‍ ബോക്സിനുള്ളിലേക്ക് ജൂലിയന്‍ ആല്‍വരെസിന്റെ കുതിപ്പ്. ആല്വരസിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പറില്‍ തട്ടിത്തെറിച്ചു. പന്ത് എത്തിയത് ലിയാന്‍ഡ്രൊ പരേഡസിനു നേര്‍ക്ക്. ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന മെസിയെ ലക്ഷ്യംവച്ചുള്ള പാസ്. പന്തുമായി മെസി ഡിഫെന്‍ഡര്‍മാരെ കബളിപ്പിക്കാനായി ചുവടുവച്ചു. മെസിക്കൊപ്പം ഓസ്ട്രേലിയന്‍ ഡിഫെന്‍ഡേഴ്സും ഗോള്‍ കീപ്പറും.
മെസിയുടെ ഷോട്ടിനൊപ്പം ഗോളി ഡൈവ് ചെയ്തെങ്കിലും പിഴച്ചു. എന്നാല്‍, പന്ത് ഗോള്‍ലൈനിനു മുന്നില്‍വച്ച് ഓസ്ട്രിയയുടെ നിക്കോളാസ് സീവാഡിന്റെ ശരീരത്തില്‍തട്ടി. തുടര്‍ന്ന് വീണ്ടും മെസിയുടെ പാകത്തിന്. ലഭിച്ച നേരിയ ഇടയിലൂടെ മെസിയുടെ ഷോട്ട്. പന്ത് വലയില്‍. 2-0ന്റെ ജയത്തോടെ അര്‍ജന്റീന നോക്കൗട്ട് ടിക്കറ്റുമായി കളംവിട്ടു. ആരാധകര്‍ക്ക് സന്തോഷവും ആത്മസംതൃപ്തിയും...
പെനാല്‍റ്റി നഷ്ടപ്പെടുത്തിയശേഷം ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി ഒരു കോമ്പറ്റേറ്റീവ് മത്സരത്തില്‍ ഗോള്‍ നേടുന്നതു ചരിത്രത്തില്‍ ആദ്യം.
ഫിഫ ലോകകപ്പിന്റെ മൂന്ന് എഡിഷനില്‍ 4+ ഗോള്‍ നേടുന്ന ചരിത്രത്തിലെ മൂന്നാമനാണ് ലയണല്‍ മെസി. 2014, 2022 എഡിഷനുകളിലും മെസി 4+ ഗോള്‍ നേടി. 2026ല്‍ രണ്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോളാണ് മെസി ഇതുവരെ നേടിയത്. 2014ല്‍ നാലും 2022ല്‍ ഏഴും ഗോള്‍ മെസി സ്വന്തമാക്കിയിരുന്നു.
ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമന് എന്ന നേട്ടവും മെസിക്കു സ്വന്തം. 1958ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്നും 1970ല്‍ ബ്രസീലിന്റെ ജഴ്സീഞ്ഞോയും മാത്രമായിരുന്നു ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
Tags : Messi FIFA World Cup Football