ലണ്ടൻ: ലോകം ചുറ്റിയുള്ള മോട്ടോർ സൈക്കിൾ യാത്രയ്ക്കിടെ ചാരക്കുറ്റം ചുമത്തി ഇറാൻ ഭരണകൂടം തടവിലാക്കിയ ബ്രിട്ടീഷ് ദമ്പതികൾ ജയിലിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി കുടുംബാംഗങ്ങൾ.
ഈസ്റ്റ് സസെക്സ് സ്വദേശികളായ ക്രെയ്ഗ് ഫോർമാൻ, ലിൻഡ്സെ ഫോർമാൻ (53) എന്നിവരാണ് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അടിയന്തിര മോചനം ആവശ്യപ്പെട്ടും ടെഹ്റാനിലെ അതീവ സുരക്ഷാ ജയിലായ എവിന്റെ ഉള്ളിൽ ജീവൻമരണ പോരാട്ടം നടത്തുന്നത്.
ഇരുവരുടെയും തടങ്കൽ 500 ദിവസം പിന്നിടുന്ന പശ്ചാത്തലത്തിൽ യുകെയിൽ ഇവർക്കായി അന്താരാഷ്ട്ര തലത്തിൽ വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് പ്രവാസി മലയാളി സമൂഹമുൾപ്പെടെയുള്ള പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുന്നത്.
ലോകസഞ്ചാരത്തിനിടെ അപ്രതീക്ഷിത അറസ്റ്റ്; പത്ത് വർഷം തടവ്
സാഹസിക ബൈക്ക് യാത്രക്കാരായ ക്രെയ്ഗ് ഫോർമാനും ലിൻഡ്സെ ഫോർമാനും തങ്ങളുടെ ആഗോള മോട്ടോർ സൈക്കിൾ പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇറാനിൽ പ്രവേശിച്ചത്.
എന്നാൽ അതിർത്തി കടന്ന് യാത്ര തുടരുന്നതിനിടെ ഇറാൻ സുരക്ഷാ സേന ഇവരെ തടഞ്ഞുവയ്ക്കുകയും ചാരപ്രവർത്തനം നടത്തി എന്ന ഗുരുതരമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ കോടതി ഇരുവർക്കും പത്ത് വർഷം വീതം കഠിനതടവ് വിധിച്ചു.
തങ്ങൾ കേവലം വിനോദസഞ്ചാരികൾ മാത്രമാണെന്നും യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും ദമ്പതികൾ ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും ഇറാൻ ഭരണകൂടം ഇത് ചെവിക്കൊണ്ടിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങളുമായി രാഷ്ട്രീയ ചർച്ചകൾ നടത്തുമ്പോൾ സമ്മർദ്ദതന്ത്രമായി ഉപയോഗിക്കാൻ വിദേശ പൗരന്മാരെ ബന്ദികളാക്കുന്ന ഇറാന്റെ പതിവ് ശൈലിയുടെ ഇരകളാണ് ഇവരെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
ഫോൺ ബന്ധം വിച്ഛേദിച്ചു; ജയിലിനുള്ളിൽ നിരാഹാരം
മേയ് ആദ്യവാരത്തോടെ ജയിലിനുള്ളിൽ നിന്ന് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ദമ്പതികളുടെ ഫോൺ സൗകര്യം ഇറാൻ അധികൃതർ പൂർണ്ണമായി വിച്ഛേദിച്ചതോടെയാണ് പ്രതിഷേധ സൂചകമായി ഇവർ നിരാഹാരം ആരംഭിച്ചത്. ക്രെയ്ഗ് ഫോർമാൻ നിലവിൽ നിരാഹാര സമരം തുടങ്ങി 12 ദിവസങ്ങൾ പിന്നിട്ടതായാണ് വിവരം.
കുടുംബവുമായി ബന്ധപ്പെടാൻ അനുവദിക്കാമെന്ന ജയിൽ അധികൃതരുടെ ഉറപ്പിന്മേൽ ലിൻഡ്സെ ഫോർമാൻ കുറച്ചുദിവസം നിരാഹാരം നിർത്തിവെച്ചിരുന്നുവെങ്കിലും, വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ ഇവർ വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു.
ഇരുവരുടെയും ആരോഗ്യനില അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊരു വലിയ 'മെഡിക്കൽ എമർജൻസി'യിലേക്ക് നീങ്ങുകയാണെന്നും ലിൻഡ്സെയുടെ മകൻ ജോ ബെന്നറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
"ഞങ്ങൾ ഇവിടെ വലിയൊരു കാലഘട്ടം ജീവിച്ചുതീർക്കേണ്ടി വരുമെന്ന് തോന്നുന്നു. ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായ മനുഷ്യരാണ് ഞങ്ങൾ. ഇവിടെ കിടന്ന് ഞങ്ങളുടെ ജീവിതം പാഴാക്കി കളയുകയാണ്, ഞങ്ങൾ ജയിലിനുള്ളിൽ കിടന്ന് ജീർണ്ണിച്ചു തീരുകയാണ്.' ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് മുൻപ് മാധ്യമപ്രതിനിധികളോട് ജയിലിനുള്ളിൽ നിന്ന് ക്രെയ്ഗ് പറഞ്ഞു.
ബൈക്ക് റാലി
ദമ്പതികളുടെ തടങ്കൽ 500 ദിവസം പൂർത്തിയാകുന്ന ബുധനാഴ്ച യുകെയിലെ സാഹസിക മോട്ടോർ സൈക്കിൾ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കെൻസിംഗ്ടൺ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് പാർലമെന്റ് സ്ക്വയർ വരെ നീണ്ട റാലിയിൽ നൂറുകണക്കിന് ബൈക്ക് യാത്രികരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു.
ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും പ്രമുഖ പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും ദമ്പതികളുടെ ബന്ധുക്കളും ചേർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെത്തി അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് ഒപ്പുശേഖരിച്ച നിവേദനം സമർപ്പിച്ചു.
"ബ്രിട്ടീഷ് രാഷ്ട്രീയം സ്വന്തം പ്രതിസന്ധി തീർക്കട്ടെ, എന്റെ അമ്മയ്ക്ക് കാത്തിരിക്കാനാകില്ലെന്ന്' യുകെയിലെ ആഭ്യന്തര രാഷ്ട്രീയ നീക്കങ്ങളിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ട് ലിൻഡ്സെയുടെ മകൻ ജോ ബെന്നറ്റ് വിദേശകാര്യ മന്ത്രാലയത്തിനെതിരെ രംഗത്തെത്തി.
ബ്രിട്ടീഷ് രാഷ്ട്രീയം അതിന്റെ അസാധാരണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് എനിക്കറിയാം. പക്ഷേ വെസ്റ്റ്മിൻസ്റ്ററിലെ നേതാക്കൾ അവരുടെ ആഭ്യന്തര പ്രതിസന്ധികൾ പരിഹരിക്കുന്നത് വരെ കാത്തുനിൽക്കാൻ എന്റെ അമ്മയ്ക്കും ക്രെയ്ഗിനും കഴിയില്ല.
വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പർ വ്യക്തിപരമായി തന്നെ ഈ വിഷയത്തിൽ ഉടനടി ഇടപെടണം. ഇതിൽ കാലതാമസം വരുത്തരുത്. രണ്ട് മനുഷ്യജീവനുകളാണ് അവിടെ പണയപ്പെട്ടിരിക്കുന്നത്, ജോ ബെന്നറ്റ് പറഞ്ഞു.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്
നേരത്തെ ഏപ്രിൽ മാസത്തിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വിദേശകാര്യ മന്ത്രാലയ മന്ത്രി ഹാമിഷ് ഫാൽക്കണർ, ക്രെയ്ഗിനെയും ലിൻഡ്സെയെയും "നിരപരാധികളായ വിനോദസഞ്ചാരികൾ' എന്ന് വിശേഷിപ്പിക്കുകയും അവർക്കെതിരെയുള്ള ഇറാന്റെ നടപടി തികഞ്ഞ അനീതിയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ ഈ തടങ്കൽ നടപടി അങ്ങേയറ്റം ക്രൂരവും നീതീകരിക്കാനാവാത്തതുമാണെന്ന് വ്യക്തമാക്കിയ ബ്രിട്ടീഷ് ഫോറിൻ ഓഫീസ്, ദമ്പതികളെ സുരക്ഷിതമായി യുകെയിൽ തിരിച്ചെത്തിക്കുന്നതിനായി നയതന്ത്രതലത്തിലുള്ള സമ്മർദങ്ങൾ ശക്തമായി തുടരുമെന്ന് വ്യക്തമാക്കി.
Tags : British couple Iran Prison London