District News
വായാട്ടുപറമ്പ്: ടി.കെ. ഗോവിന്ദൻ എംഎൽഎയ്ക്ക് വായാട്ടുപറമ്പിൽ സ്വീകരണം നൽകി, കരുണാപുരം, ബാലപുരം വാർഡുകളുടെ ആഭിമുഖ്യത്തിൽ ആണ് സ്വീകരണം ഒരുക്കിയത്. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോസ് വെട്ടുകല്ലാംകുഴി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. സരസ്വതി, വി.എ റഹീം, സിനു തോമസ്, കൂലേരി കൃഷ്ണൻ, ജാഫർ, സജി കിടാരം, സണ്ണി മാനാടിയേൽ എന്നിവർ പ്രസംഗിച്ചു.മുതിർന്ന പൗരൻമാരെ എംൽഎ പൊന്നാട അണിയ്കുകയും, ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു.
District News
ചാലക്കുടി: നിയോജക മണ്ഡലത്തിൽ രണ്ടാംവട്ടവും വിജയിച്ച സനീഷ്കുമാർ ജോസഫ് എംഎൽഎക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണംനൽകി. മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ഡിസിസി ജനറൽ സെകട്ടറി എബി ജോർജ്, യുഡിഎഫ് ചെയർമാൻ അഡ്വ.സി.ജി. ബാലചന്ദ്രൻ, ഡിസിസി സെകട്ടറിമാരായ ജെയിംസ് പോൾ, ഡെൽജിത്ത് ഞറലേലി, കെപിസിസി അംഗം ഷോൺ പല്ലിശേരി എന്നിവർ പ്രസംഗിച്ചു.
District News
കരിമ്പൻ: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എംഎൽഎമാർക്ക് സ്വീകരണവും ജില്ലാ വികസന മാർഗരേഖ സമർപ്പണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കരിമ്പൻ ബിഷപ്സ് ഹൗസിലാണ് പരിപാടി. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, എഫ്. രാജ, സേനാപതി വേണു എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
ഇടുക്കിയുടെ വികസനത്തിന് ശ്രദ്ധിക്കേണ്ട മേഖലകളും പദ്ധതികളും ഉൾപ്പെടുത്തി വികസന മാർഗരേഖ എംഎൽഎമാർക്ക് സമർപ്പിക്കും. മലയോരജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമാണ നിരോധനം, പട്ടയപ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ എംഎൽഎമാർക്ക് മുന്നിൽ വയ്ക്കും.
സമ്മേളനത്തിൽ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിക്കും.
Kerala
കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.
അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.
കോളജിലെ കെഎസ്യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്റെ കോട്ടയിൽനിന്നു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.
Kerala
ചെന്നൈ: അണ്ണാഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി.
തമിഴ്നാട്ടിൽ ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രാജിവയ്ക്കുന്ന അഞ്ചാമത്തെ എംഎൽഎ ആണിത്. പുതുക്കോട്ട ജില്ലയിലെ ശക്തനായ നേതാവാണ് സി വിജയഭാസ്കർ.
ഇത്തവണ വീരാളിമലയിൽ 62,000 വോട്ടിനാണ് വിജയഭാസ്ക്കർ ജയിച്ചത്. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.
കഴിഞ്ഞ ദിവസം നടി ഗൗതമിയും അണ്ണാഡിഎംകെ വിട്ടിരുന്നു. രാഷ്ട്രീയ സൗഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു പ്രതികരണം. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഗൗതമി രാജിവെച്ചിരുന്നു. നേരത്തെ ബിജെപിയില്‍ ആയിരുന്നു ഗൗതമി.
കാല് നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് എടപ്പാളി പളനിസ്വാമിയില് നിന്ന് അവര്‍ എഐഡിഎംകെ അംഗത്വം സ്വീകരിച്ചത്. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പന്‍ എന്നയാളെ ബിജെപി നേതാക്കള്‍ പിന്തുണച്ചു എന്നാരോപിച്ചാണ് അവര്‍ ബിജെപി വിട്ടത്.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ സ്വതന്ത്ര എംഎൽഎ ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എംഎൽഎയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്.
'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും' എന്നായിരുന്നു ഫോൺ വിളിച്ചയാൾ എംഎൽഎയെ ഭീഷണിപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോൺ വിളിച്ചയാൾ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടി.കെ. ഗോവിന്ദൻ മയ്യിൽ പോലീസിൽ പരാതി നൽകി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ബന്ധം ഉപേക്ഷിച്ച ടികെ ഗോവിന്ദൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പാർട്ടിക്കോട്ടയിൽ വിജയിച്ചിരുന്നു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
District News
കൂവപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും ഓരോ വിദ്യാർഥിക്കും സാധിക്കണമെന്നും പ്രഫ. റോണി കെ. ബേബി എംഎൽഎ. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നൽകിയ സ്വീകരണ പരിപാടിയിലും തുടർന്ന് നടന്ന കുട്ടികൾക്കൊപ്പം എംഎൽഎ എന്ന സംവാദ പരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ അഡിക്ഷൻ എന്നിവയിൽനിന്നും കുട്ടികൾ പൂർണമായും മോചനം നേടേണ്ടതുണ്ട്. ഇത്തരം തെറ്റായ ശീലങ്ങളിൽ പെട്ടുപോകാതെ നല്ല ചിന്താഗതി വളർത്തിയെടുക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, വാർഡ് അംഗം ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർഥികളും പങ്കെടുത്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിലെ ആഭ്യന്തര കലഹം വിജയ് നേതൃത്വം നൽകുന്ന ടിവികെയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മുതിർന്ന എഐഎഡിഎംകെ നേതാക്കളും മുൻമന്ത്രിമാരുമായ നാലുപേരും മുൻ എംപിയും ഏതാനും മുൻ എംഎൽഎമാരും ടിവികെയിൽ ചേർന്നു.
മുൻമന്ത്രിമാരായ ഉദുമലൈ കെ രാധാകൃഷ്ണൻ, എം സി സമ്പത്ത്, കടമ്പൂർ സി രാജു, എൻ ആർ ശിവപതി എന്നിവരും മുൻ എംപി എ ഇളവരശനും ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണവിഭാഗം നേതാവ് ആദവ് അർജുന എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരുകയായിരുന്നു. മുൻ എംഎൽഎമാരായ സുന്ദർരാജ്, രാജമുത്തു, മൻരാജ്, രാജവർമ്മൻ പനീർസെൽവം, എം. മുരുകൻ, എൻ ശിവ എന്നിവരും ഇവർക്കൊപ്പമുണ്ട്.
ഡിഎംകെയുടെ രണ്ട് മുൻ എംഎൽഎമാരായ പി കാമരാജ്, എം എസ് ഷൺമുഖം എന്നിവരും ടിവികെ സർക്കാരിനൊപ്പം ചേരുമെന്നു പ്രഖ്യാപിച്ചു. ഇരുകക്ഷികളുടെയും സംസ്ഥാന, ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 2500 ഓളം നേതാക്കളാണ് ദിവസങ്ങൾക്കുള്ളിൽ വിജയ് സർക്കാരിനു പിന്തുണയുമായി എത്തിയത്. വിജയ് അധികാരമേറ്റതിനു പിന്നാലെ 25 അണ്ണാ ഡിഎംകെ എംഎൽഎമാർ കൂറുമാറി സർക്കാരിനെ പിന്തുണച്ചിരുന്നു.
Kerala
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.
എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.
പൊതുവായ വേദികളിൽ രാഷ്ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.
രാഷ്ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.
Kerala
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്റെ പരാമർശം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു.
എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണുകൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്.
ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് വിജയിച്ചത്.
തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന് മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെ വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽനിന്നുള്ള എംഎൽഎമാരെ ആകർഷിക്കുന്നതെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ പ്രതിനിധികൾ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് പരാതി നൽകി. എംഎൽഎമാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡിഎംകെയും ടിവികെയും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സിബിഐ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡിഎംകെ രാജ്യസഭാംഗം എം. ധനപാലും വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തയുമാണ് പരാതി നൽകിയത്.
പാർട്ടി എംഎൽഎമാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തിരുന്നു. ഇതിൽപ്പെട്ട നാലു പേരാണ് പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ചത്.
അണ്ണാ ഡിഎംകെ എംഎൽഎമാരിൽ 90 ശതമാനം പേരും ടിവികെയിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പു നൽകി.
District News
പൊൻകുന്നം: വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസും പൊൻകുന്നം സ്പെഷ്യൽ സബ് ജയിലും സംയുക്തമായി വിമുക്തി മിഷന്റെ ഭാഗമായി ജയിൽ അന്തേവാസികൾക്ക് "പുനർജനി 2026' എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പൊൻകുന്നം സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് അനീഷ് പി.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ (NC) അഭിരാജ് സ്വാഗതം പറഞ്ഞു. കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.കെ. പ്രസാദ് ലഹരി വിരുദ്ധ സന്ദേശം നൽകി.
പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് പി.കെ. ആശംസ അറിയിച്ചു. കോട്ടയം ജില്ലയിലെ വിമുക്തി മെന്റർ ബെന്നി സെബാസ്റ്റ്യൻ "ലഹരിയും ഡി അഡിക്ഷനും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ വിവിധ തലങ്ങളും ലഹരി സമൂഹത്തെ എങ്ങനെ നശിപ്പിക്കുന്നെന്നും ക്ലാസ്സിൽ വ്യക്തമാക്കി.
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അനന്ദു കൃഷ്ണൻ കൃതജ്ഞത അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോജ് റ്റി .ജെ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ ജോമോൻ, കാഞ്ഞിരപ്പള്ളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ശ്രീ ജിബിൻ ഡൊമിനിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രിവന്റീവ് ഓഫീസർ സമീർ റ്റി.എ, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് ബാബു .പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയിലെ മൂന്ന് എംഎൽഎമാർ തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ചു. മരഗതം കുമാരവേൽ, ജയകുമാർ, സത്യബാമ എന്നിവർ നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജിക്കത്ത് സമർപ്പിച്ചു.
രാജിവച്ച മൂന്ന് നേതാക്കളും മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ സംഭവം.
മുതിർന്ന പാർട്ടി നേതാവ് സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം എഐഎ.ഡിഎംകെ എംഎൽഎമാർ വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിന് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ നീക്കം. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടിയിൽ നിന്ന് രാജിവച്ച മൂന്ന് നിയമസഭാംഗങ്ങളും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് എഐഎഡിഎംകെയ്ക്ക് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ.
വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാവുമെന്നും നേമത്തെ ജനങ്ങൾ തന്നെ എംഎൽഎ ആക്കിയത് അവരുടെ ജീവതത്തിൽ വ്യത്യാസം കൊണ്ടുവരാനാണെന്നും നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിലെ എസ്റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ നടന്ന നന്ദി നേമം എന്ന പൗര സ്വീകരണ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു രാജീവ് ചന്ദ്രശേഖർ.
എല്ലാ ആഴ്ചയും രണ്ടു ദിവസം എംഎൽഎ ഓഫീസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫീസിലും ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള സൗകര്യമുണ്ടായിരിക്കുന്നതിന് പുറമെ ഫോണിലൂടെയും ഈമെയിലിലൂടെയും തന്നെ ബന്ധപ്പെടാനാവുമെന്നും രാജീവ് പറഞ്ഞു.
Movies
പാലക്കാട് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് രമേഷ് പിഷാരടി. ഇംഗ്ലിഷിൽ സത്യവാചകം ചൊല്ലിയ രമേഷ് ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര്‍ ജി.സുധാകരന് ഹസ്തദാനം ചെയ്തു.
എംഎൽഎ എന്ന നിലയിൽ പൂർണ സേവനം ജനങ്ങൾക്കു നൽകാനായി ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം.
പൂർണസമയം പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നു പിഷാരടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജില്ലയിൽ നിന്നു രണ്ടു മന്ത്രിമാർ ഉണ്ടെന്നതു വലിയ നേട്ടമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകും. പാലക്കാട് ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കും.
മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. ജില്ലാ ആശുപത്രി നിർമാണപ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും. ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തും.
മികച്ച സ്റ്റാർട്ടപ് ആശയങ്ങളുണ്ടെങ്കിലും പലർക്കും ആവശ്യമായ മൂലധനം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ഇവർക്കു വേണ്ട ഫണ്ടിനു സർക്കാർ മേഖലയിൽ മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും നേടിയെടുക്കാൻ ശ്രമം നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ബൈപാസ് റോഡുകൾക്ക് ഊന്നൽ നൽകും.
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പാലക്കാട് വലിയ തോതിൽ വികസിക്കണം. ഗ്രാമങ്ങളും പട്ടണവും ചേർന്നതാണു പാലക്കാട് മണ്ഡലം. ‘സിറ്റി ഹബ്’ എന്ന രീതിയിൽ നഗരാസൂത്രണം നടത്തും.
എല്ലാ വിഭാഗക്കാർക്കും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരം വികസിക്കുമ്പോഴുള്ള മെച്ചം ഗ്രാമങ്ങൾക്കും തിരിച്ചും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു
Kerala
തിരുവനന്തപുരം: 16ാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്. രാവിലെ ഒൻപതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക.
അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 29ന് ആണ് നയപ്രഖ്യാപന പ്രസംഗം.
Kerala
തിരുവനന്തപുരം: ബിജെപി എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലേക്ക് എത്തുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം. വ്യാഴാഴ്ച രാവിലെ എട്ടിന് ബിജെപി സംസ്ഥാന ഓഫീസായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയമസഭാംഗങ്ങളായ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങും.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് ബിജെപി എംഎൽഎമാർ നിയമസഭയിലേക്കെത്തുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, മറ്റു സംസ്ഥാന നേതാക്കൾ, എൻഡിഎ നേതാക്കളായ ബി.ഗോപകുമാർ ( ട്വന്റി ട്വന്റി ), പദ്മകുമാർ (ബിഡിജെഎസ് ) എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകും.
സത്യപ്രതിജ്ഞാ ചടങ്ങുകൾ സംസ്ഥാനമെങ്ങും ബിജെപി പ്രവർത്തകർ ആഘോഷപൂർവം കൊണ്ടാടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുതിർന്ന ബിജെപി നേതാവും കേരള നിയമസഭയിലെ ആദ്യ ബിജെപി അംഗവുമായ ഒ. രാജഗോപാലിനെ സന്ദർശിച്ച് നിയുക്ത നേമം എം എൽ എ കൂടിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുഗ്രഹം തേടി.
എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തി താലൂക്ക് യൂണിയൻ നേതാക്കളായ സംഗീത് കുമാർ, കാർത്തികേയൻ അടക്കുള്ളവരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.
നേമം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ വിജയത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മുതൽ എസ്റ്റേറ്റ് വാർഡ്, കരുമം വാർഡ്, കാലടി വാർഡ് എന്നിവിടങ്ങളിൽ നന്ദി നേമം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മൻ. തന്റെ ഇടം ജനമനസിലാണ്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹം ആണ് ജനങ്ങൾ തനിക്ക് നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ട്. വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നിൽക്കുന്നതാണ് പ്രധാനം. പാർട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവർ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കിൽ നേരത്തെ സൂചിപ്പിച്ചേനെയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകും. ഒരുപാടുപേർ മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്.
2011 മുതൽ തനിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമായിരുന്നു. പക്ഷേ മത്സരിച്ചിട്ടില്ല. പ്രസ്ഥാനം തീരുമാനിക്കുമ്പോൾ മാത്രമേ ഏത് സ്ഥാനവും ഏറ്റെടുക്കൂ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മണ്ഡലത്തിലും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ധാരാളം സമയം ഉണ്ട്. എ.കെ. ആന്റണി സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ഒപ്പം ഉള്ള കുടുംബാംഗമാണ്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു കൊണ്ടാണ് കഴിഞ്ഞ ദിവസം പോയത്. മണ്ഡലത്തിൽ നിന്ന് ധാരാളം പേർ വന്നിരുന്നു. അവർക്കൊപ്പം സത്യപ്രതിജ്ഞയ്ക്ക് നടന്ന് പോയതിൽ പുതുമ ഒന്നുമില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിൽ ഫുൾ ടേം മന്ത്രിസ്ഥാനം കിട്ടാതെ പോയതിൽ പ്രതികരിച്ച് മാണി സി. കാപ്പൻ. രമേശ് ചെന്നിത്തലയും വി.ഡി.സതീശനും തനിക്ക് മന്ത്രി സ്ഥാനം ഉറപ്പു നൽകിയതാണ്. മുന്നണിയിലെ ഒരു നേതാവ് ഇടപെട്ടാണ് തന്റെ പേര് വെട്ടിയതെന്നും കാപ്പൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടെന്ന് കാപ്പൻ വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് വേണമെന്ന് ബിജെപി എംഎൽഎ. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ എംഎൽഎ ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടിരുന്നു.
ഹിംഗൽഗഞ്ച് എംഎൽഎയായ രേഖ പത്ര ആണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടത്. ശനിയാഴ്ച ആയിരുന്നു സംഭവം. ലെബുഖാലിക്ക് സമീപമായിരുന്നു രേഖ പത്ര വാഹനം തടഞ്ഞത്.
പിന്നാലെ കാലികളെ വാഹനത്തിൽ നിന്ന് ഇറക്കി റോഡരികിലെ മരത്തിൽ കെട്ടിയിട്ട് അവയ്ക്ക് പുല്ലും വെള്ളവും നൽകി. മുഖ്യമന്ത്രി സുവേന്ദു അധികാരി 14 വയസിൽ താഴെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യരുതെന്ന് മാർഗനിർദേശം പുറത്തിറക്കിയതായും രേഖ പത്ര കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് പിന്തുണ നല്‍കിയതില്‍ കോൺഗ്രസ് നിയുക്ത എംഎൽഎയ്ക്കുനേരേ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ. നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെയാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിർപ്പ് അറിയിച്ചത്. അതേസമയം പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.
മുകുൾ വാസിനികിന്റെ ഫോട്ടോയിൽ തന്റെ പേരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ആ എഐ ചിത്രം ശരിയല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും അഭിജിത് പറഞ്ഞു. 15 മിനിട്ടുനേരത്തെ സംസാരത്തിന്റെ 15 സെക്കന്‍ഡ് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും അഭിജിത് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. രാവിലെ 9.30ന് തുടങ്ങിയ സഭാ നടപടികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് പ്രധാന അജണ്ട. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേര് ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.
അതേസമയം, ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. എം.കെ. സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട സാഹചര്യത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. അറുപതു വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പോലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.
ടിവികെ ജനറല്‍ സെക്രട്ടറിമാരായ എന്‍. ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും ടിവികെ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ കെ.എ. സെങ്കോട്ടയ്യന്, ടിവികെ ട്രഷറര്‍ പി. വെങ്കട്ടരമണന്, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ. ടി.കെ. പ്രഭു, ശിവകാശി എംഎല്‍എ എസ്. കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
National
ന്യൂഡൽഹി: എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായും നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിലാണിത്.
ജനവികാരം പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്നും നിരീക്ഷകർ മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അവരുമായി സംസാരിക്കുമെന്ന് ഖർഗെ അറിയിച്ചതായും വിവരമുണ്ട്.
അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: സിനിമകളും സ്റ്റേജ് ഷോകളും നിര്‍ത്തി ഇനിയുള്ള അഞ്ചു വര്‍ഷക്കാലത്തേക്ക് പാലക്കാടിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുമെന്ന രമേഷ് പിഷാരടിയുടെ പ്രസ്താവനയ്ക്കെതിരെ ധര്മജന് ബോള്‍ഗാട്ടി.
അത് തെറ്റായ തീരുമാനമാണെന്നും പ്രസ്താവന തിരുത്തണമെന്നുമാണ് ധര്മജന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പിഷാരടി വിളിച്ചപ്പോള്‍ പറഞ്ഞുവെന്നും ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
അഞ്ചു വര്‍ഷത്തേക്ക് സിനിമ ചെയ്യുന്നില്ല എന്നത് ഒരു തെറ്റായ തീരുമാനമാണ്. സിനിമകള്‍ അധികമില്ലെങ്കിലും ഒരു സ്റ്റേജ് ഷോകള്‍ ഒരുപാടുണ്ട്. മാസത്തില്‍ അഞ്ചു ഷോകള്‍ എങ്കിലും പിഷാരടി ചെയ്യണം. കുടുംബവും സുഹൃത്തുക്കളുമായി അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്നവര്‍ ഒരുപാടുണ്ട്. മിമിക്രിയില്‍ വരണം, നാദര്ഷിക്കയുടെ കാസറ്റില്‍ വരണം, ടിവിയില്‍ വരണം, സിനിമയില്‍ വരണം എന്നൊക്കെ ആഗ്രഹിച്ച ഒരു കാലമുണ്ട്.
പെട്ടെന്ന് ഞാന്‍ ഇനി സിനിമയിലില്ല, സ്റ്റേജ് ഷോയിലില്ല എന്നൊക്കെ പറയുന്നത് തെറ്റായ തീരുമാനമാണ്. കുറച്ച് നേരം മുമ്പ് ഫോണില്‍ സംസാരിച്ചപ്പോള്‍ ആ തീരുമാനം മാറ്റുന്നത് നന്നായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
എന്നെ കുറേ സുഹൃത്തുക്കള്‍ വിളിപ്പോള്‍ ചോദിച്ചു, എന്തിനാ അങ്ങനെയൊരു തീരുമാനം പറഞ്ഞതെന്ന്. ജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അദ്ദേഹത്തിന് അത് പറയാം. അത് അദ്ദേഹത്തിന്റെ കോണ്‍ഫിഡന്‍സ് ആയിരുന്നു.
പക്ഷെ പിഷാരടി അങ്ങനെ പറയേണ്ട ആവശ്യമില്ല. പിഷാരടി വന്നത് കലാകാരന് ആകാനും കലയിലൂടെ ശ്രദ്ധിക്കപ്പെടാനും വേണ്ടിയാണ്. അതിനാല്‍ അതൊരിക്കലും ഉപേക്ഷിക്കാന്‍ പാടില്ല. കുറച്ചു നാള് പാലക്കാട് പോയി നിന്ന് സെറ്റ് ആയി കഴിഞ്ഞാല്‍ ആ തീരുമാനം മാറ്റാന്‍ ഞങ്ങള്‍ എല്ലാവരും നിര്‍ബന്ധിക്കും. ഞാന്‍ മാത്രമല്ല, ഞങ്ങള്‍ മിമിക്രി സമൂഹവും സിനിമയിലുള്ള അവന്റെ അടുത്ത സുഹൃത്തുക്കള്‍ എല്ലാവരും പറയും ആ തീരുമാനം മാറ്റണമെന്ന്.
ഇന്നസെന്റ് ചേട്ടനും മുകേഷ് ചേട്ടനും ഗണേഷ് ചേട്ടനും ഒക്കെ എംപിയും മന്ത്രിയും എംഎല്എയുമായിരുന്നിട്ടും അവര്‍ കലാപ്രസ്ഥാനങ്ങളില്‍ നിന്നും മാറി നിന്നിട്ടില്ലല്ലോ എന്ന് ധര്മജന് പറഞ്ഞു.
അതേസമയം, ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നുമല്ല പിഷാരടിയുടെ വിജയത്തിന് കാരണമായതെന്നും ധര്മജന് പ്രതികരിച്ചു. പിഷാരടിയുടെ വ്യക്തി പ്രഭാവം, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഒക്കെയാണ് വിജയത്തിന് കാരണമായത്.
അല്ലതെ പിഷാരടിയെ സ്ത്രീകള്‍ തടഞ്ഞതോ ശോഭ സുരേന്ദ്രന് പണം കൊടുത്തു വോട്ട് വാങ്ങി എന്ന വിവാദങ്ങളോ അല്ല വിജയത്തിന് കാരണമായത്. യുഡിഎഫിന് അനുകൂല സാധ്യതയുള്ള വിഐപി മണ്ഡലമാണ് പാലക്കാട്. വിവാദങ്ങള്‍ ഒക്കെ സെക്കന്‍ഡറിയാണ്. വിവാദങ്ങള്‍ പിഷാരടിക്ക് കുറച്ചു വോട്ടുകള്‍ കൂടി കിട്ടിയിട്ടുണ്ടാകാം. അത് ഇല്ലായിരുന്നെങ്കിലും പിഷാരടി വിജയിക്കുമായിരുന്നുവെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.
Movies
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പാലക്കാട് മണ്ഡലം നിലനിർത്തി നടൻ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്.
"നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസുകൾക്ക്," എന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പിഷാരടിയുടെ പോസ്റ്റിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ കമന്റാണ്.
പിഷാരടിയുടെ വിജയക്കുറിപ്പിന് താഴെ "പാലക്കാടിന്റെ എംഎൽഎ" എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കമന്റ് ചെയ്തത്.
Kerala
കോട്ടയം: പാലാ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയെ നിയുക്ത എംഎൽഎ എന്നു വിശേഷിപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കടപ്പാട്ടൂരിൽ കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനനായകൻ പാലായുടെ എംഎൽഎ എന്നാണ് ഫ്ലെക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് അറിവില്ലെന്നാണ് കേരള കോൺഗ്രസ് -എം നേതൃത്വം പറയുന്നത്.
സംസ്ഥാനത്തു തന്നെ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി ജോസ് കെ. മാണിയും യുഡിഎഫിനു വേണ്ടി മാണി സി. കാപ്പനും എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജുമാണ് മത്സരിച്ചത്.
മണ്ഡലം ഇളക്കിയുള്ള പ്രചാരണ പരിപാടികളാണ് മൂന്നു സ്ഥാനാർഥികളും നടത്തിയത്. എൻഡിഎ സ്ഥാനാർഥി പതിവിൽ കവിഞ്ഞ പ്രചാരണ പരിപാടികൾ ഇത്തവണ മണ്ഡലത്തിൽ നടത്തിയിരുന്നു. ബിജെപി അട്ടിമറി സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലംകൂടിയാണ് പാലാ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം തിരികെ പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള കോൺഗ്രസ് -എം ചെയർമാൻ കൂടിയായ ജോസ് കെ. മാണി ഇത്തവണ മത്സരത്തിന് ഇറങ്ങിയത്. പാലായ്ക്കു പുതിയ വികസന പ്ദ്ധതികൾ വാഗ്ദാനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. മാധ്യമങ്ങളിൽ വാർത്തയായതോടെ ഫ്ലക്സ് പിന്നീട് നീക്കം ചെയ്തു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വഴിയാത്രക്കാരെ വാഹനത്തിന് ഇടിച്ചിട്ട് ബിജെപി എംഎൽഎയുടെ മകൻ. ശിവപുരിയിലാണ് സംഭവം. പിച്ചോരെയിലെ ബിജെപി എംഎൽഎ പ്രിതം ലോഥിയുടെ മകൻ ദിനേഷ് ലോഥിയാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരെയും കാൽ നടയാത്രക്കാരായ രണ്ട് സ്ത്രീകളെയും ഇടിച്ചുതെറിപ്പിച്ചത്.
രാവിലെ 7.30ഓടെയാണ് സംഭവം. പരിക്കേറ്റവരുമായി അദ്ദേഹം തർക്കിച്ചു. ഹോൺ മുഴക്കിയപ്പോൾ വഴിയിൽ നിന്നും എന്തുകൊണ്ട് മാറിയില്ലെന്ന് ഇയാൾ ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ പകർത്തിയവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
തലയ്ക്കും കൈകാലുകൾക്കും തോളിനും പരിക്കേറ്റ സഞ്ജയ് പരിഹാർ, ആശിഷ് പരിഹാർ, അൻഷുൽ പരിഹാർ, സീത വർമ, പൂജ സോണി എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കരേര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് എംഎൽഎ പ്രീതം ലോധി പറഞ്ഞു. "ഒരു എംഎൽഎയെ സംബന്ധിച്ചിടത്തോളം, കുടുംബത്തിനല്ല, പൊതുജനത്തിനാണ് മുൻഗണന. ഇരകൾക്ക് നീതി ലഭിക്കണം'. അദ്ദേഹം പറഞ്ഞു.
District News
തിരുവല്ല: തിരുവല്ലയുടെ പ്രതിനിധിയെന്ന നിലയിൽ കേരള നിയമസഭയിൽ തുടർച്ചയായ അഞ്ചാം വിജയത്തിനായുള്ള മാത്യു ടി. തോമസിന്റെ ശ്രമങ്ങൾക്ക് ഇത്തവണ കനത്ത വെല്ലുവിളിയാകുന്നത് പുതുമുഖ സ്ഥാനാർഥികളായ വർഗീസ് മാമ്മനും അനൂപ് ആന്റണിയുമാണ്. എൽഡിഎഫ് നിരയിലെ ബേബി എംഎൽഎ എന്ന നിലയിൽ 1987ൽ ആദ്യമായി കേരള നിയമസഭയിൽ എത്തിയ മാത്യു ടി. തോമസ് ഇടവേളയ്ക്കുശേഷം 2006 മുതൽ തിരുവല്ലയുടെ പ്രതിനിധിയാണ്.
തിരുവല്ലയിൽ വിജയിക്കുന്നയാൾക്ക് ഒന്നിലധികം ടേമുകൾ നൽകുന്ന മണ്ഡല പാരന്പര്യത്തിൽ റിക്കാർഡിട്ട് മാത്യു ടി. തോമസ് ഇതിനോടകം തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകൾ വിജയിച്ചു കഴിഞ്ഞു. നാലിലും പ്രധാന എതിരാളികളായി എത്തിയത് കേരള കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ്. ഇത്തവണ കേരള കോൺഗ്രസിലെ വർഗീസ് മാമ്മനോടാണ് പോരാട്ടം.
ബിജെപിയിലെ അനൂപ് ആന്റണിയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. എതിരാളികളിൽ വർഗീസ് മാമ്മൻ മത്സരരംഗത്ത് കന്നിക്കാരനാണെങ്കിലും രാഷ്ട്രീയ നേതൃനിരയിൽ ഉള്ളയാളാണ്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു സ്ഥാനാർഥികൾ എന്നതും മറ്റൊരു പ്രത്യേകത. ഡൽഹി രാഷ്ട്രീയത്തിലൂടെ എത്തിയ അനൂപ് ആന്റണി ജോസഫ് കഴിഞ്ഞ തവണ അന്പലപ്പുഴയിൽ മത്സരിച്ചിരുന്നു.
അപ്പർ കുട്ടനാട് മുതൽ ആനിക്കാട് വരെ നീളുന്ന മണ്ഡലം 2008ലെ പുനർനിർണയത്തോടെ വിസ്തൃതിയേറി. മണ്ഡലത്തിന്റെ അതിർത്തിയിൽ മാറ്റമുണ്ടായ ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മാത്യു ടി. തോമസ് വിജയം നേടി. ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥയും മണ്ഡലത്തിലെ വികസന ചർച്ചകളുമെല്ലാം ഫലത്തെ സ്വാധീനിച്ചേക്കാം. തിരുവല്ലയുടെ സാധ്യതകൾ ഏറെയാണെങ്കിലും ഇവയൊന്നും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപം പ്രചാരണരംഗത്ത് ഉണ്ട്. പ്രവാസികൾ ഏറെയുള്ള മണ്ഡലം സാംസ്കാരികവും ആധ്യാത്മികവുമായി ഏറെ മുന്നിലാണ്.
രാഷ്ട്രീയ ചായ്വ്
നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ തിരുവല്ല മണ്ഡലം യുഡിഎഫിനൊപ്പം നിൽക്കുന്ന പ്രദേശങ്ങളാണ്. ഏറ്റവുമൊടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിൽ വൻവിജയമാണ് യുഡിഎഫിനുണ്ടായത്. ഇടതുഭരണത്തിലായിരുന്ന പല പഞ്ചായത്തുകളും പിടിച്ചെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥിക്കു വ്യക്തമായ ലീഡും മണ്ഡലം നൽകിവരുന്നു.
ഇത്തവണ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാകും മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുക. സാമുദായിക സമവാക്യങ്ങളും തിരുവല്ലയിൽ നിർണായകമാകും. യുഡിഎഫിനും എൽഡിഎഫിനും വോട്ട്ബാങ്കുകളിൽ വിള്ളലുണ്ടാകുമോയെന്ന ആശങ്ക ഉണ്ട്. എൻഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടുകൾ ഇക്കുറി നിലനിർത്താനാകുമോയെന്ന ചർച്ചയും സജീവം. വർഷങ്ങളായി ജനതാ പാർട്ടിയോ, ജനതാദൾ വിഭാഗങ്ങളോ മത്സരിച്ചുവരുന്ന തിരുവല്ലയിൽ വിജയം ഉറപ്പിക്കാൻ സിപിഎം ശക്തമായ നേതൃത്വമാണ് നൽകുന്നത്. മാത്യു ടി. തോമസ് ഇത്തവണ ഐഎസ്ജെഡി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയിലാണ് മത്സരിക്കുന്നത്.
തിരുവല്ലയുമായുള്ള പൊതുപ്രവർത്തന പരിചയവും നേതൃത്വവുമാണ് വർഗീസ് മാമ്മനെ സ്ഥാനാർഥിത്വത്തിലേക്ക് കൊണ്ടുവന്നത്. കേരള കോൺഗ്രസ് നേതാക്കളിൽ പലരെയും മാറിമാറി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ചിരുന്നു. പാർട്ടിയുടെ ജില്ലാ പ്രസിഡന്റു കൂടിയായ വർഗീസ് മാമ്മൻ ഇത്തവണ സീറ്റ് ലക്ഷ്യമിട്ടു നേരത്തേ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു.
കാലേകൂട്ടിയുള്ള പ്രവർത്തനം എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയും നടത്തിയിരുന്നു. രാഷ്ട്രീയമണ്ഡലം കൂടെനിർത്താനുള്ള ശ്രമങ്ങളാണ് മൂവരും നടത്തിവരുന്നത്.
വികസന മുരടിപ്പിനെതിരേ യുഡിഎഫ്
തിരുവല്ല മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് പ്രചാരണം. തിരുവല്ല നഗരമധ്യത്തിലെ പബ്ലിക് സ്റ്റേഡിയം തന്നെയാണ് അവർ പ്രധാനമായും വികസന മുരടിപ്പിന് ഉദാഹരണമായി എടുത്തുകാട്ടുന്നത്.
സമീപ സ്ഥലങ്ങളിലെ സ്റ്റേഡിയങ്ങൾ വികസിപ്പിച്ചപ്പോഴും ഒരുകാലത്ത് കായിക കേരളത്തിന്റെ ഭൂപടത്തിൽ നിലനിന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. സ്തംഭനത്തിലായ ടൂറിസം വികസനം, ആനിക്കാട് ശുദ്ധജല പദ്ധതിയുടെ പൂർത്തീകരണം അടക്കം കുടിവെള്ള പ്രശ്നങ്ങൾ, അപ്പർകുട്ടനാട്ടിലെ കാർഷിക പ്രശ്നങ്ങൾ, മല്ലപ്പള്ളി താലൂക്ക് പ്രദേശങ്ങളോടുള്ള അവഗണന, മല്ലപ്പള്ളിയിൽ ലഭിക്കേണ്ട കോടതി, ഫയർഫോഴ്സ് എന്നിവയ്ക്കുവേണ്ടി ശ്രമമില്ലാത്തത്, പൂർത്തിയാകാത്ത പദ്ധതികൾ, ശോച്യാവസ്ഥയിലായ തിരുവല്ലയിലെ സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവ യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങളിലുണ്ട്.
അപ്പർകുട്ടനാടിനോടുള്ള അവഗണന ആ മേഖലയിൽ സജീവ ചർച്ചയായി യുഡിഎഫ് കൊണ്ടുവന്നിട്ടുണ്ട്. നെല്ല് സംഭരണത്തിലെ അപാകതകൾ, കൃത്യമായി വില ലഭിക്കാത്തത്, മല്ലപ്പള്ളി മേഖലയിലെ കാട്ടുപന്നി ശല്യം തുടങ്ങിയ കാർഷിക പ്രശ്നങ്ങൾ പ്രചാരണ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
കേന്ദ്ര പദ്ധതികളുയർത്തി എൻഡിഎ
കേന്ദ്ര സർക്കാരിലുള്ള സ്വാധീനം പ്രയോജനപ്പെടുത്തി തിരുവല്ലയുടെ മുഖച്ഛായ മാറ്റാമെന്ന വാഗ്ദാനമാണ് എൻഡിഎയുടേത്. തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസനം, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കൽ വിഷയങ്ങളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥി അനൂപ് ആന്റണി നടത്തിയ ഇടപെടലുകൾ ഉൾപ്പെടെ എടുത്തുകാട്ടുന്നുണ്ട്.
കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്ന് മണ്ഡലത്തിന്റെ കാർഷിക വികസനത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികൾ എൻഡിഎയ്ക്ക് വാഗ്ദാനം ചെയ്യാനുണ്ട്. തിരുവല്ല നേരിട്ടിരിക്കുന്ന വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പരിഹാര നിർദേശങ്ങളുമായി എൻഡിഎ പ്രചാരണം. തിരുവല്ല നഗരത്തിന്റെ വികസനത്തിനായി പ്രത്യേകമായ പദ്ധതി വേണമെന്നാവശ്യവും എൻഡിഎ മുന്നോട്ടുവയ്ക്കുന്നു.
വികസനത്തുടർച്ചയ്ക്ക് എൽഡിഎഫ്
മാത്യു ടി. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തിരുവല്ല മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പേരിലാണ് അവരുടെ പ്രചാരണം. റോഡ്, ജലവിതരണം തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനു പ്രാധാന്യം നൽകിയാണ് മാത്യു ടി. തോമസ് പ്രവർത്തിച്ചുവരുന്നത്.
കാർഷിക മേഖലയിലും മലയോരത്തും നിലനിൽക്കുന്ന കാർഷിക പ്രശ്നങ്ങളിലടക്കം ഇടപെടൽ നടത്തിയതുൾപ്പെടെയുള്ള വിഷയങ്ങൾ എൽഡിഎഫ് എടുത്തുകാട്ടുന്നു. ഒപ്പം സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുടെ അടക്കം ആരോഗ്യ സ്ഥാപനങ്ങൾക്കുണ്ടായ മാറ്റം, പുതിയ കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ ഇവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്. സംസ്ഥാന പാതകളുടെ നവീകരണം, അപ്പർ കുട്ടനാട് മേഖലയിലടക്കം പുതിയ റോഡുകളുടെ വികസനം, പുതിയ പാലങ്ങൾ എന്നിവ എൽഡിഎഫിന് എടുത്തുകാട്ടാനുണ്ട്.മണിമലയാറിനു കുറുകെയുള്ള കോമളം പാലം സമയബന്ധിതമായി തുറന്നതാണ് ഇതിൽ പ്രധാനം.
മാത്യു ടി. തോമസ് (ഐഎസ്ജെഡി)
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്, 2006ലെ അച്യുതാനന്ദൻ മന്ത്രിസഭയിലും 2016 പിണറായി വിജയൻ മന്ത്രിസഭയിലും അംഗമായി.
കാലാവധി പൂർത്തീകരിക്കാതെ രാജിവച്ചു. 1987 - 91 കാലയളവിൽ കേരള നിയമസഭയിലെ ബേബി എംഎൽഎ. 2006 മുതൽ വീണ്ടും തിരുവല്ല എംഎൽഎ, അഭിഭാഷകൻ, വിദ്യാർഥി, യുവജനതയുടെയും സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: ഡോ.അച്ചാമ്മ അലക്സ്. മക്കൾ: അച്ചു, അമ്മു.
വർഗീസ് മാമ്മൻ (കേരള കോൺഗ്രസ്)
കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍്, യുഡിഎഫ് ജില്ലാ ചെയർമാൻ കെഎസ് സിയിലൂടെ പൊതുരംഗത്തെത്തി. യൂത്ത്ഫ്രണ്ട്, കേരള കോൺഗ്രസ് വിവിധ ഭാരവാഹിത്വം വഹിച്ചു.
സഭ അല്മായ ട്രസ്റ്റിയായി പ്രവർത്തിച്ചു. അഭിഭാഷകൻ. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗം. സംസ്ഥാന നോട്ടറി. ഭാര്യ: വൈനി വർഗീസ് മാമ്മൻ. മക്കൾ: മാമ്മൻ വർഗീസ്, ഡോ.നൈനാൻ വർഗീസ്.
അനൂപ് ആന്റണി (ബിജെപി)
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, ആലപ്പുഴ സ്വദേശി. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ എൻജിനിയറിംഗ് ബിരുദം, ഭാരതീയ ജനത യുവമോർച്ചയിലൂടെ പൊതുരംഗത്തെത്തി. 2021ൽ അന്പലപ്പുഴ നിയമസഭ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ന്യൂഡൽഹിയിലെ വിവേകാനന്ദ ഇൻർനാഷണൽ ഫൗണ്ടേഷനിൽ ഗവേഷകനായിരുന്നു. ഭാര്യ: ഗരീമ പാണ്ഡേ.
National
അമരാവതി: ആന്ധ്രപ്രദേശിൽ എംഎൽഎ ഓൺലൈൻ തട്ടിപ്പിനിരയായി. പോളവരം മണ്ഡലത്തിൽ നിന്നുള്ള ജനസേന പാർട്ടി എംഎൽഎ ചിരി ബാലരാജുവിനാണ് 12 ലക്ഷം രൂപ നഷ്ടമായത്. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചലാൻ എന്ന വ്യാജേന വന്ന വാട്സാപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പ് നടന്നത്.
എംഎൽഎയുടെ വാട്സാപ്പിലേക്ക് ആർടിഎ ചലാൻ അടയ്ക്കാനുള്ള ലിങ്ക് എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചു. ഇത് വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് ബാലരാജുവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടത്. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വിവിധ ഇടപാടുകളിലൂടെ 12 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. ജീലുകുമില്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താനും പണം വീണ്ടെടുക്കാനുമുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസിൽ സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എന്നാൽ സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുതെന്നും പോയാൽ അനുഭവിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
"ജി. സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചെന്നിത്തല അറിയിച്ചു. ജി. സുധാകരനെ സിപിഎം കറിവേപ്പിലയാക്കി. വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്.'-രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി. മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച് രാജി കത്ത് നൽകി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മുറുകുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകളിൽ തന്നെ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിൽ സീറ്റ് വിഭജനം തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യം വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് പറഞ്ഞ കേരള കോൺഗ്രസ് കടുത്ത നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. തങ്ങളുടെ സീറ്റുകൾ ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം, കുട്ടനാട് സീറ്റിൽ അവകാശമുന്നയിച്ച് കേരള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കുട്ടനാട് കേരള കോൺഗ്രസിന് കുത്തകപാട്ടമല്ലെന്നും സീറ്റ് ഏറ്റെടുക്കണമെന്നും അനിൽ ബോസ് പറഞ്ഞു. നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.
ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട് തുടങ്ങിയ സീറ്റുകൾ ആണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. എന്നാൽ ഇതൊന്നും വിട്ടുനിൽക്കാൻ ആകില്ലെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. ബാബു എംഎൽഎ. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയും പ്രവർത്തകർക്കുപോലും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമെന്നും ബാബു പറഞ്ഞു.
മത്സരിക്കാൻ ഒരാൾക്ക് അനുവാദം കൊടുത്താൽ മറ്റുള്ളവരും അതേ കാര്യം ആവശ്യപ്പെടും. അതിനാൽതന്നെ എംപിമാർ മത്സരിക്കുന്നത് നിലവിൽ അഭികാമ്യമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാർഥിത്വ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഏറ്റവും ദുർബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും ബാബു അഭിപ്രായപ്പെട്ടു. പോരാട്ടം കോൺഗ്രസും സിപിഎമ്മും തമ്മിലായിരിക്കുമെന്നും ബാബു പറഞ്ഞു.
തൃപ്പൂണിത്തുറയിൽ പല പേരുകളും താൻ കേൾക്കുന്നുണ്ട്. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഹൈക്കമാന്റും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കണ്ടെത്തുമെന്നാണ് കരുതുന്നത്. ആരുടെയും പേര് താൻ നിർദേശിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബാബു പറഞ്ഞു.
Kerala
അമ്പലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. മുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല തനിക്കായിരുന്നുവെന്നും അന്ന് ജി.സുധാകരന് താൻ ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുധാകരന്റെ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെന്നും, അദ്ദേഹത്തിന് ഞാൻ കമ്മ്യൂണിസ്റ്റ് അല്ലാതായത് എംഎൽഎ ആയതോടെയാണെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വെക്കാനോ താൻ പോയിട്ടില്ലെന്നും അത് തന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും സലാം വ്യക്തമാക്കി.
മത്സരിക്കാൻ ഇറങ്ങുമ്പോൾ എന്തെങ്കിലും പറയണ്ടേ എന്നത് കൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സലാം പരിഹസിച്ചു. "അർദ്ധരാത്രി സൂര്യൻ ഉദിച്ചാൽ മക്കളുടെ ഗുണമറിയാം" എന്ന വി. സാമ്പശിവന്റെ കഥാപ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് സലാം സുധാകരനെതിരെ ആഞ്ഞടിച്ചത്.
സുധാകരന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും മത്സരത്തിനുമൊന്നും രാഷ്ട്രീയമായ അടിത്തറയില്ലെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം ഒരു അടിത്തറയുണ്ടാക്കാനുള്ള വ്യഗ്രത മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തൃശൂർ: പാർട്ടി പറയുന്നതൊന്നും ശരിയല്ലെന്ന് ജനങ്ങൾക്കറിയാമെന്ന് സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎ. കമ്മ്യൂണിസ്റ്റ് പാർട്ടി ലെറ്റർ പാഡിൽ സത്യങ്ങൾ അല്ലേ എഴുതേണ്ടതെന്നും മുകുന്ദൻ ചോദിച്ചു. തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ അവർക്ക് മാനസികമായ തകരാറുണ്ടെന്നും മുകുന്ദൻ പരിഹസിച്ചു.
ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും എന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടും. ഇവർ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്ന് മുന്നേ തുറന്നു പറഞ്ഞതാണ്, ഇനിയും പറയും. എന്നെ സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ എന്നെ സ്നേഹിക്കാൻ പോകുകയാണ്.
കോൺഗ്രസ് അടക്കം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐക്ക് എന്നെ ഭയമാണ്, ഇപ്പോൾ നിരവധി ഭീഷണികൾ വരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ട്, പക്ഷേ ജനങ്ങൾ സഹായിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തോടും മുകുന്ദൻ പ്രതികരിച്ചു. അപ്പുറത്ത് നിന്നവരുമായി ചർച്ച നടക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണ്. ബിജെപി അടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നെക്കുറിച്ചും ഇപ്പോൾ നിൽക്കുന്ന സ്ഥാനാർഥിയെ കുറിച്ചും ജനങ്ങൾക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കുമെന്നും മുകുന്ദൻ പറഞ്ഞു.
Kerala
പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണെന്നും ഇനിയും പാർട്ടി പറഞ്ഞാൽ മാത്രമെ മത്സരിക്കുവെന്നും രാഹുൽ വ്യക്തമാക്കി.
"പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ഞാൻ എന്തായാലും സ്വതന്ത്രനായി മത്സരിക്കില്ല.'-രാഹുൽ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്.
മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു.
Kerala
കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ. കൂവൽ ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന് ഇരയായ ഒരാള്‍ പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ദുരിതബാധിതരെല്ലാം കൈയടിക്കുകയാണ് ചെയ്തത്. സിപിഎം പ്രവർത്തകരാണ് കൂക്കി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്.
കല്ലിട്ട് പോകുന്നവരെന്ന റവന്യൂ മന്ത്രി കെ. രാജന്റെ മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കൈയടികളുമുണ്ടായി.
തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു.
Kerala
കൊല്ലം: കൊല്ലത്ത് എം. മുകേഷ് എംഎൽഎയ്ക്കു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സീറ്റ് നിഷേധിച്ചു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ജില്ലയിൽ മൂന്നു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരം എം. നൗഷാദ്, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുന്ന എംഎൽഎമാർ. കുണ്ടറയിൽ പുതുമുഖസ്ഥാനാർഥിയായി എസ്.എൽ.സജിമോനെ മത്സരിപ്പിക്കും.
സിനിമയിൽ സജീവമാകാൻ മത്സരരംഗത്തുനിന്നും മാറിനിൽക്കുമെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാർട്ടിയുടെ നിലപാട് കൊണ്ടുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടില്‍ സിപിഎമ്മിലും കോണ്‍ഗ്രസിലുമുള്ള ജനറല്‍ വിഭാഗം നേതാക്കളില്‍ മനം മടുപ്പ്. നിയമസഭയിലോ ലോക്സഭയിലോ എത്തിപ്പെടാന്‍ "അവസരം’ ഇല്ലാത്തത് ഇവരില്‍ രാഷ്ട്രീയ പ്രവര്‍ത്തനോര്‍ജം കുറയ്ക്കുകയാണ്.
മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയില്‍. ഇതില്‍ മാനന്തവാടിയും ബത്തേരിയിലും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്. കല്‍പ്പറ്റയാണ് ഏക ജനറല്‍ മണ്ഡലം. ജില്ലയിലെ നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ജില്ലയില്‍ യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടാന്‍ പുറംനാട്ടുകാര്ക്കാണ് അവസരം ലഭിച്ചത്. രൂപീകരണത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ നറുക്കുവീണത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും സീറ്റ് കൊണ്ടുപോയി.
ഇടതു മുന്നണി സിപിഐയ്ക്ക് നല്‍കിയതാണ് വയനാട് പാര്‍ലമെന്റ് സീറ്റ്. സിപിഐയിലെ സത്യന് മൊകേരി, പി.പി. സുനീര്‍, ആനി രാജ എന്നിവരാണ് മണ്ഡലത്തില്‍ പയറ്റിത്തോറ്റത്. സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുറപ്പിക്കുന്ന ജോലിയാണ് വയനാട് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎം നേതാക്കള്‍ക്കു ചെയ്യാനുണ്ടായിരുന്നത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം സമീപകാലത്തൊന്നും ലഭിക്കുമെന്ന പ്രതീക്ഷ സിപിഎം നേതാക്കള്‍ക്കില്ല.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടാന്‍ യോഗമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍. കല്‍പ്പറ്റയില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ടിക്കറ്റ് കാത്തിരിക്കുന്നതിനിടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോടുനിന്ന് ടി. സിദ്ദിഖ് സ്ഥാനാര്‍ഥിയായി എത്തിയത്. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരിക്കും മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ്, സിപിഎം സംസ്ഥാന നേതൃത്വം ജില്ലയില്‍നിന്നുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ മത്സരിച്ച് നിയമസഭയിലോ ലോക്സഭയിലോ എത്താനും വഴിയൊരുക്കുന്നില്ല. എന്നാല്‍ മുസ്ലിംലീഗ് ജില്ലയിലെ നേതാക്കളെ ഇതര ജില്ലകളിലെ മണ്ഡലങ്ങളില്‍ മത്സരപ്പിച്ച് നിയമസഭയിലെത്തിച്ചിട്ടുണ്ട്. ജില്ലയില്‍നിന്നുള്ള സി. മമ്മൂട്ടിയെ കൊടുവള്ളിയില്‍നിന്നും തിരൂരില്‍നിന്നും ലീഗ് നിയമസഭയിലെത്തിച്ചു.
കെ.എം. ഷാജിക്ക് ഇരവിപുരത്തും പിന്നീട് അഴീക്കോടിലും സീറ്റ് നല്കി. ഇരവിപുരത്ത് വീണ ഷാജി അഴിക്കോടില്‍ ജയിച്ചുകയറി. രാജ്യസഭാ സീറ്റുകളിലും ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ക്ക് പരിഗണന ലഭിക്കാത്ത സ്ഥിതിയാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി.കെ. മുരളി എംഎൽഎയെ ഹിയറിംഗ് നടത്താൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിർദേശം.
മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ. മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.
മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളന കാലത്ത് അന്തിമ നടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തു.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളി.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. വര്‍ഗീയ ധ്രുവീകരണം ലീഗിന്റെ ലക്ഷ്യമല്ലെന്നും സജി ചെറിയാനെ പോലെ ഇത്രയും വലിയ വര്‍ഗീയത ആരും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സജി ചെറിയാൻ ലീഗിനെക്കുറിച്ച് ആദ്യം പഠിക്കണമെന്നും ഒരു ജനവിഭാഗത്തെ ടാര്‍ജറ്റ് ചെയ്യുന്ന പ്രചരണമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേര് നോക്കി കാര്യം പറയുന്ന രീതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
"തെക്കൻ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീംലീഗ് പ്രതിനിധികളാണ് ഇന്ന് കൊല്ലത്ത് യോഗത്തിന് എത്തിയത്. അവരുടെ പേരുകൾ നോക്കിയാൽ മനസിലാകും ഏതൊക്കെ വിഭാഗത്തിൽ നിന്ന് ആളുകൾ ഉണ്ടെന്നത്. എല്ലാ മത വിഭാഗതിൽ പെട്ടവരും ലീഗിൽ നിന്ന് വിജയിച്ചിട്ടുണ്ട്.'-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടത് പക്ഷത്തിന് പ്രയോജനം?. മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും.
2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്.
ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. 2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.
യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്നും അവരില്ലെങ്കിലും യുഡിഎഫിന് ജയിക്കാൻ സാധിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
"രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി.'-മോൻസ് ജോസഫ് പറഞ്ഞു.
"അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി.'-മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം.
എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ. മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്.
കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ജയിലിൽ തുടരും. പോലീസിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് പോലീസ് അപേക്ഷ നൽകിയത്.
പലയിടത്തും രാഹുലുമായി തെളിവെടുപ്പ് നടത്തുകയും ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. തുടർന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ചതോടെയാണ് നിരവധി ആളുകളെ അറസറ്റ് ചെയ്തു നീക്കിയത്.
ഇന്ന് രാവിലെ എട്ട് മുതൽ ടോൾ പിരിക്കാൻ തുടങ്ങുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സമരം ആരംഭിച്ചത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അന്യായമായാണ് ടോൾ പിരിക്കുന്നതെന്ന് എ.കെ.എം. അഷ്റഫ് ആരോപിച്ചു. കേസ് കോടതിയിൽ നനിൽക്കുകയാണ്. നിരന്തര സമരത്തിലൂടെ ടോൾ ഗെയറ്റ് പൂട്ടിക്കും. അറസ്റ്റ് ചെയ്തു നീക്കിയാലും വൈകുന്നേരം വീണ്ടും സമരം നടത്തുമെന്നും അഷ്റഫ് പറഞ്ഞു.
ദേശീയപാത തലപ്പാടി– ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ലാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കുന്നതിന് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിനു നിർദേശം നൽകിയിരുന്നു.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ലാസ പ്രവർത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ സമരം ആരംഭിച്ചത്. ആരിക്കാടി ടോൾ പ്ലാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ലാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണ്. 22 കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും യാത്രക്കാർ രണ്ട് തവണ ടോൾ നൽകേണ്ടി വരും.
ടോൾ പിരിവ് നടത്തുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി ഓഗസ്റ്റിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ ടോൾ പിരിവ് നടത്തില്ലെന്ന് കളക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷൻ കമ്മിറ്റിയും തമ്മിൽ ധാരണയുണ്ടായിരുന്നു.
കേസ് പലപ്പോഴായി നീട്ടി വയ്ക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോൾ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞു. ടോൾ പ്ലാസയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ വാഹനങ്ങൾക്കു യാത്ര സൗജന്യമാക്കും എന്നു നേരത്തെ ചർച്ചകൾക്കിടയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
എന്നാൽ കടലും പുഴയും ആണ് ഇത്ര ചുറ്റളവിൽ പെടുകയെന്നതിനാൽ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാർക്കു ഗുണം ചെയ്യില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും, അതിനൊന്നും യാതൊരു ഉളുപ്പുമില്ല.'-ഗോവിന്ദന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് വരുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ഗര്‍ഭഛിദ്രം , ക്രൂര പീഡനം, മര്‍ദനം എന്നിവ പരാതിയിലുണ്ട്. ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടത്. കൂടുതല്‍ കേസുകള്‍ പുറത്തു വരാനുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ എപ്പോഴാണ് കോണ്‍ഗ്രസ് തയാറായതെന്ന് ജനം ഓര്‍ക്കണം.
Kerala
ആലപ്പുഴ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ് ജയിലിലടച്ചു. 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്.
മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിനെ അറസ്റ്റിലായതും പിന്നീട് റിമാൻഡ് ചെയ്തതും. ജയിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ പറഞ്ഞു.
ശനിയാഴ്ച അർധ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്.
രാഹുൽ നൽകിയ ജാമ്യഹർജി തള്ളിയായിരുന്നു റിമാൻഡ്. തിങ്കളാഴ്ച വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയേക്കുമെന്ന് സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കൂകി വിളികളും മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായിരിക്കുന്നത്.
പൊതുസമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നത്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. കോൺഗ്രസിന്റെ നിലപാടിൽ സംശയമുണ്ടെന്നും അത് ദൂരീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം എംഎൽഎയായ എം. മുകേഷുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുകേഷിന്റേത് സമാനമായ പരാതിയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.
പോലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച എൽഡിഎഫ് കൺവീനർ ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീലപ്പെട്ടി വിവാദത്തിൽ ഉൾപ്പെട്ട അതേ ഹോട്ടലിൽ നിന്ന്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്താണ് നീലപ്പെട്ടി വിവാദമുണ്ടായത്. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് അർദ്ധരാത്രി റെയ്ഡ് നടത്തുകയായിരുന്നു. ഇത് വലിയ ചർച്ചാ വിഷയമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. തുടർന്ന് നീല ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനം നടത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ ട്രോളിയിൽ നിന്ന് പണം കടത്തിയതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ പണം കടത്തിയതിന് തെളിവില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് ജില്ലാ പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടിലും പറഞ്ഞത്.
ശനിയാഴ്ച അർധരാത്രിയോടെ പാലക്കാട്ടെ കെപിഎം റീജിയൻസിന്റെ 2002-ാം മുറിയിൽ നിന്നാണ് അന്വേഷണസംഘം രാഹുലിനെ പിടികൂടിയത്. സഹായിയും ഡ്രൈവറും ഹോട്ടലിൽ നിന്നും മടങ്ങിയതിന് ശേഷമാണ് പോലീസ് നടപടി.
അതേസമയം, പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മാനസിക വൈകൃതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി. സാജന്.
അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നും സജന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഒന്നാണെങ്കില് അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന ഫേസ്ബുക്കില്‍ കുറിച്ചത്.
ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്കാന് ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു.
മിഠായി നൽകി കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാൻ കഴിയാത്ത നാട്ടിൽ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെൺകുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുകയെന്നും സജന ചോദിക്കുന്നു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും കോൺഗ്രസിൽ നിന്നും രാഹുലിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
കോണ്‍ഗ്രസും ഉന്നത നേതാക്കളും രാഹുലുമായുള്ള കൂട്ടുകച്ചവടമാണ്. കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ അയാള്‍ക്ക് രാജിവയ്ക്കാതിരിക്കാനാവില്ലല്ലോ. രാഹുലിന്റെ വ്യക്തിപരമായ കാര്യമെന്ന് പറയാമെങ്കിലും കോണ്‍ഗ്രസിന്റെ മുഖമാണിതെന്ന് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണം.
പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ കൈയിലുള്ള വാച്ചും ഷൂവും ഊരിവാങ്ങി, ആഡംബര ഫ്ളാറ്റ് വാങ്ങിക്കാന്‍ നിര്‍ബന്ധിച്ചു. തീരെ മനുഷ്യത്വരഹിതമായ ചെയ്തിയാണ് അദ്ദേഹത്തിന്റെത്.-മന്ത്രി പറഞ്ഞു.