പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശമ്പളവിതരണത്തിൽ പുതിയ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഇനി സർക്കാർ ജീവനക്കാരുടെ മാതൃകയിൽ സ്പാർക്ക് വഴി ശമ്പളം ലഭിക്കുക. സ്പീക്കർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരും പുതിയ സംവിധാനത്തിന്റെ ഭാഗമാകും.
2027 ജനുവരി മുതൽ പരിഷ്കാരം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ശമ്പളവിതരണ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഭരണനേതൃത്വം മുതൽ നിയമസഭയിലെ ജനപ്രതിനിധികൾ വരെയുള്ളവരുടെ ശമ്പളവിതരണവും ഒരേ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാകും.
നിലവിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി കണക്കാക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് സ്പാർക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്ന ഈ സംവിധാനത്തിലേക്കാണ് ഇനി ജനപ്രതിനിധികളെയും ഉൾപ്പെടുത്തുന്നത്.
Tags : Salary GovernmentEmployees Spark Spark System Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash