Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ബജറ്റിൽ പ്രഖ്യാപിച്ച ശന്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ശിപാർശകൾ നടപ്പാക്കേണ്ടത് അടുത്ത സർക്കാരാകും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്.
ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചാൽ ഹിയറിംഗുകൾ നടത്തി റിപ്പോർട്ട് സമയപരിധിക്കുള്ളിൽ തയാറാക്കിയാൽ പോലും ഈ സർക്കാരിന്റെ കാലത്തു നടപ്പാക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജീവനക്കാരെ പറ്റിക്കാനുള്ള സർക്കാരിന്റെ അടവു തന്ത്രമായാണ് സർവീസ് സംഘടനകൾ ശന്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനത്തെ കാണുന്നത്.
ഒന്നര മാസത്തിനകം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽവരും. ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശകൾ ഈ സമയം സർക്കാരിനു നടപ്പാക്കാനാകില്ല. ഇതാണ് തുടർന്നു വരുന്ന സർക്കാരിന്റെ കാലത്താകും പരിഷ്കരണം നടപ്പാക്കുകയെന്ന് അവർ പറയുന്നത്. അഞ്ചു വർഷം കണക്കാക്കി ശന്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം.
ക്ഷാമബത്ത കുടിശിക ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നൽകുമെന്നും പറയുന്നു. അഞ്ചു ഗഡുക്കളായി 13 ശതമാനം ഡിഎ കുടിശികയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നിലവിലുള്ളത്. ഇതിൽ ആദ്യഗഡു ഫെബ്രുവരിയിൽ നൽകുമെന്നാണ് പ്രഖ്യാപനം. അതായത് മൂന്നു ശതമാനം ഡിഎ മാർച്ചിൽ ലഭിക്കുന്ന ശന്പളത്തിനൊപ്പം വിതരണം ചെയ്യും. ബാക്കി വരുന്ന ഡിഎ മാർച്ചിലെ ശന്പളത്തിനൊപ്പം തെരഞ്ഞെടുപ്പു മാസമായ ഏപ്രിലിൽ നൽകുമെന്നാണ് പ്രഖ്യാപനം.
എന്നാൽ, അഞ്ചു വർഷ കാലാവധി കണക്കാക്കി ശന്പള പരിഷ്കരണം നടത്തുന്പോൾ 2024 ജൂലൈ മുതലാണ് പരിഷ്കരണം നിലവിൽവരേണ്ടത്. അങ്ങനെയെങ്കിൽ 2024 ജൂലൈ മുതലുള്ള ഡിഎ ശന്പള പരിഷ്കരണ കമ്മീഷന്റെ പരിധിയിൽ വരണം. ഇതുകൂടി ഉൾപ്പെടുത്തി ശന്പള പരിഷ്കരണം നടപ്പാക്കുന്പോൾ സംസ്ഥാനത്തിന് അധിക ബാധ്യത വരുമെന്ന തത്വം കൂടി ഉയർന്നുവരുന്നു. എന്നാൽ, ഏതു നിലപാടാണ് സ്വീകരിക്കുകയെന്ന പൂർണ വാദം ധനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. ഇതിനാൽ ജീവനക്കാർക്കിടയിലും ആശങ്കയുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ചതോടെ പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി ഇനി സംസ്ഥാനത്തു മടങ്ങിയെത്തില്ലെന്ന് ഉറപ്പായി.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശിക ഇനി വരുന്ന സർക്കാരിന്റെ കാലത്തു മാത്രമാകും ജീവനക്കാർക്ക് ലഭിക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന രണ്ടു ഗഡുക്കൾ 2027 ഏപ്രിലിനു ശേഷം മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
പതിനൊന്നാം ശന്പള പരിഷ്കരണ കുടിശികയുടെ ഗഡുക്കൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജീവനക്കാരുടെ കൈയിലെത്തില്ലെന്ന് ഇതോടെ വ്യക്തമായി. 2026 ഏപ്രിൽ മുതൽ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കുന്ന ശന്പള പരിഷ്കരണ കുടിശിക തുക 2027 ഏപ്രിൽ മുതൽ മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് വിചിത്ര ഉത്തരവാണെന്ന വാദവും ശക്തമായി.
രണ്ടു സർക്കാരുകൾക്കു മുന്‍പുള്ള കുടിശിക തുക നൽകാൻ അടുത്ത സർക്കാർ തയാറായില്ലെങ്കിൽ ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലാകും. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന ഗഡുക്കൾ നൽകാൻ തീരുമാനിച്ചത്. ശന്പള പരിഷ്കരണ കുടിശിക നാലു ഗഡുക്കളായി നൽകാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിൽ രണ്ടു ഗഡുക്കൾ മാത്രമാണ് വിതരണം ചെയ്തത്.
മൂന്നും നാലും ഗഡുക്കൾ കുടിശികയായിരുന്നു. ഈ രണ്ടു ഗഡുക്കൾ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ സാന്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് കുടിശിക ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നത് അടുത്ത സർക്കാരിന്റെ കാലത്തേക്കു മാറ്റിയത്. പെൻഷനാകാത്ത ജീവനക്കാർക്ക് ഈ തുക 2027നു ശേഷം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കേരളപ്പിറവി ദിനത്തിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ശന്പള പരിഷ്കരണ കുടിശിക രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ ജീവനക്കാർക്കു പിൻവലിക്കാൻ അവസരം നൽകണമെന്നു പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.
ജീവനക്കാരെ ഫൂളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിഎഫിൽ ലയിപ്പിക്കുന്ന കാലം മുതൽ പിൻവലിക്കാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നും സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയും ആവശ്യപ്പെട്ടു.
Kerala
പ്രദീപ് ചാത്തന്നൂര്‍
ചാത്തന്നൂര്‍: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാര്‍ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസഗഡു തുക റിക്കവറി ചെയ്യുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തെ ശമ്പളം മുതല്‍ ഇത് നടപ്പാക്കും.
ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക മാസംതോറും റിക്കവറി ചെയ്യുകയും അത് യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാതെ കെഎസ്ആര്‍ടിസി തിരിമറി നടത്തുകയുമായിരുന്നു പതിവ്. ശമ്പളത്തില്‍നിന്നു റിക്കവറി ചെയ്യുന്നതുക ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കാതെ വര്‍ഷങ്ങള്‍ നീണ്ട കുടിശിക വരുത്തിയതിനാല്‍ പല ജീവനക്കാരും ജപ്തിനടപടികള്‍ വരെ നേരിടേണ്ടി വന്ന ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
ജൂണ്‍ മാസം മുതല്‍ റിക്കവറി നടപടികള്‍ കെഎസ്ആര്‍ടിസി ഒഴിവാക്കും. അതോടെ ജീവനക്കാര്‍ക്ക് മാസഗഡു തുക നേരിട്ട് ഒടുക്കാനുള്ള വഴി തുറന്നു.
ജീവനക്കാരുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്എല്‍ഐ) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സ്കീം (ജിഐഎസ്) ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീം (എല്‍ഐസി) എന്നിവയും ബാങ്കുകള്‍, കെഎസ്എഫ്ഇ, സര്‍വീസ് സഹകരണ ബാങ്കുകള്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തുകകളാണ് മാസംതോറും ശമ്പളത്തില്‍നിന്നു റിക്കവറി നടത്തിക്കൊണ്ടിരുന്നത്.