കോട്ടയം: കൃഷിക്കും മനുഷ്യജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതില്‍ ഷൂട്ടര്‍മാര്‍ക്കും തോക്കിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ മരവിപ്പിച്ചെങ്കിലും കൊന്നു മറവുചെയ്യുന്നതിനുള്ള പ്രതിഫലത്തിന് വര്‍ധനവില്ല.
തോക്കും ലൈസന്‍സുമുള്ള ഷൂട്ടറുടെ ഓണറേറിയം 1500 രൂപ. യാത്രച്ചെലവിനുപോലും ഈ തുക മതിയാവില്ല. ചില ജില്ലകളില്‍ ഷൂട്ടര്‍മാരുടെ ടീം വേട്ടനായ്ക്കള്ക്കൊപ്പമാണ് ഓപ്പറേഷനെത്തുക. മണ്ണെണ്ണ ഒഴിച്ച് പന്നിയെ ആഴത്തില്‍ മറവു ചെയ്യാന്‍ അനുവദിക്കുന്നതാവട്ടെ രണ്ടായിരം രൂപ.
നാട്ടില്‍ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അധികാരം നല്കിയതിനുശേഷം സംസ്ഥാനത്ത് അയ്യായിരത്തോളം പന്നികളെ കൊന്നിട്ടുണ്ട്. പാലക്കാട്ടാണ് കൂടുതല്‍ കൊന്നത് -1500. രണ്ടാമത് മലപ്പുറം-850, മൂന്നാമത് തിരുവനന്തപുരം -800.
തുടക്കത്തില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള ചെലവ് അതാത് പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കുകയായിരുന്നു. ഇത് ഗ്രാമപഞ്ചായത്തുകള്‍ക്കു അധികബാധ്യതയായതോടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തുകള്‍ക്ക് സമയബന്ധിതമായി ഈ തുക ലഭിക്കുന്നില്ല.
തന്നെയുമല്ല ഷൂട്ടര്‍മാര്‍ക്ക് പലയിടങ്ങളിലും വന്‍തുകയാണ് കുടിശികയുള്ളത്. ഒരേ ഷൂട്ടര്‍ മൂന്നും നാലും പഞ്ചായത്ത് പരിധികളില്‍ വെടിവയക്കേണ്ട സാഹചര്യമാണ്. അക്രമകാരികളായ പന്നികളെ ഒറ്റ വെടിക്ക് വീഴ്ത്തുകയെന്നത് സാഹസികമാണ്.
തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാന്‍ ഒരു തിരയ്ക്ക് 100-120 രൂപ ചെലവു വരും. ചിലപ്പോള്‍ നാലഞ്ച് തിരകള്‍ വരെ വേണ്ടിവരും. അഞ്ച് വെടി വച്ചാല്‍ തിരയ്ക്കു മാത്രം 600 രൂപ. ആക്രമണകാരികളായ പന്നികളെ ജീവന് പണയം വച്ചാണു വെടിവയ്ക്കുക.
നാട്ടിലും നഗരത്തിലും കാട്ടുപന്നികള്‍ പെരുകിയ സാഹചര്യത്തില്‍ വേണ്ടത്ര ഷൂട്ടര്മാരില്ലെന്നതും പരിമിതിയാണ്. എല്ലാ വനം ഡിവിഷനുകള്‍ക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതല്‍ ലൈസന്‍സ്ഡ് ഷൂട്ടര്‍മാരെ ലഭ്യമാക്കുമെന്ന് വനംമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വനമോ വനാതിര്ത്തിയോ ഇല്ലാത്ത പഞ്ചായത്തുകളിലും കാട്ടുപന്നികള്‍ അനിയന്ത്രിതമായി പെരുകുകയാണ്.
Tags : Wild boar shooter's salary