കോഴിക്കോട്: അടിസ്ഥാന ശന്പളം 40,000 രൂപ ആക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. സംസ്ഥാനത്തെ 250ഓളം ആശുപത്രികളിലെ നഴ്സുമാർ സമരത്തിലാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎന്‍എ) അറിയിച്ചു.
സമരവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. പണിമുടക്കിനിറങ്ങിയ നഴ്സിംഗ് വിദ്യാര്‍ഥികളും ആശുപത്രി അധികൃതരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഇതിൽ പ്രതിഷേധിച്ച് യുഎന്‍എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നഴ്സുമാര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം കനത്തതോടെ യുഎന്‍എ പ്രതിനിധികളും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ച നടത്തി.
പിന്നീട് നഴ്സുമാര്‍ ആശുപത്രിക്കു മുന്നിലെ സമരം അവസാനിപ്പിച്ചു. ശമ്പളം 40,000 രൂപയായി വര്‍ധിപ്പിക്കാതെ പണിമുടക്ക് സമരം അവസാനിപ്പിക്കില്ലെന്ന് യുഎന്‍എ അറിയിച്ചു. അതിനിടെ നഴ്സുമാരുടെ പണിമുടക്ക് നടക്കുന്ന സ്ഥാപനങ്ങളില്‍ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ചികിത്സകള്‍ മുടങ്ങുന്ന അവസ്ഥയുണ്ട്.