Image for representation
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഇതിന്‍റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ഇന്നും ഞായറാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്നും ഞായറാഴ്ചയും കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ഞായറാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ഞായറാഴ്ചയും കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Tags : HeavyRain Weather WeatherUpdate WeatherForecast WeatherAlert ExtremeWeather FlashFlood Flooding