രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പുറപ്പെടുവിച്ച ജാതി സെൻസസ് ചോദ്യവലി പൂർണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയപാർട്ടികളുമായും വിദഗ്ധരുമായും പൊതുജനങ്ങളുമായും ചർച്ച ചെയ്ത് പുതിയത് രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിലവിലെ ചോദ്യാവലിയോട് എതിർപ്പ്
സെൻസസിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ‘ഓപ്പൺ-എൻഡഡ്’ചോദ്യരീതി അശാസ്ത്രീയമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയനുസരിച്ച് ഓരോ വ്യക്തിയും തങ്ങളുടെ ജാതിയായി ഏതു പേര് പറയുന്നോ അത് അതേപടി രേഖപ്പെടുത്തുകയാണ് ചെയ്യുക.
ഇന്ത്യയിൽ ഒരേ ജാതിതന്നെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്ത പേരുകളിലും ഉപജാതികളായും ഭാഷകളിലുമാണ് അറിയപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ ജാതിയിൽപ്പെട്ട ആളുകൾ സെൻസസിൽ വ്യത്യസ്ത പേരുകളിൽ രേഖപ്പെടുത്തിയാൽ ഒരു ജാതി ആയിരക്കണക്കിന് പേരുകളിലേക്ക് വിഭജിക്കപ്പെടും.
ഇതുവഴി രാജ്യത്ത് ലക്ഷക്കണക്കിന് ജാതി പ്പേരുകൾ ഉയർന്നുവരികയും ജാതി സെൻസസിലൂടെ ലഭിക്കുന്ന മുഴുവൻ വിവരങ്ങളും ഉപയോഗശൂന്യമാകുകയും ചെയ്യും-ഖാർഗെയും രാഹുലും ചൂണ്ടിക്കാട്ടി.
സമുദായങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാതെവരുന്നത് അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളെ തെറ്റിക്കും. കൂടാതെ, സെൻസസിൽ ‘പിന്നാക്ക വിഭാഗം’എന്ന വാക്കുപോലും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ രാജ്യത്തെ ഒബിസി ജനസംഖ്യ എത്രയെന്നു വ്യക്തമാകില്ലെന്നും കത്തിൽ ആരോപിക്കുന്നു.
ബിഹാർ, തെലുങ്കാന മാതൃകകൾ നടപ്പാക്കണം
ബിഹാർ, തെലുങ്കാന സംസ്ഥാനങ്ങളിൽ നടത്തിയ ജാതി സർവേകളുടെ മാതൃകയിൽ കൃത്യമായ ജാതിപ്പട്ടിക ഉൾപ്പെടുത്തി സെൻസസ് നടപടികൾ പുനഃക്രമീകരിക്കണമെന്ന് നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സർവേകളുടെ മാതൃകയും കത്തിനൊപ്പം പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
നിലവിലെ സെൻസസ് രീതി വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും പ്രതികരിച്ചു.
Tags : Congress Census Unscientific Kharge Rahul Prime Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash