പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണവിപണി കീഴടക്കി സർക്കാർ സംവിധാനങ്ങളുടെ കുതിപ്പ്. സപ്ലൈകോയും കാർഷിക ചന്തയും ഹോർട്ടികോർപും വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലുമെല്ലാം ചേർന്ന് 500 കോടിയിലേറെ രൂപയുടെ വിറ്റുവരവാണ് ഓണനാളുകളിൽ മാത്രം നേടിയത്.
ഓണനാളുകളിലെ പൊതുവിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചു നിർത്താൻ സർക്കാരിന്റെ ഇത്തരം സംവിധാനങ്ങൾ സജീവമായതോടെ കഴിഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് നേട്ടമാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ 34 ദിവസത്തിനിടെ 425 കോടിയോളം രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഈ മാസം മാത്രം പ്രതീക്ഷിച്ചതിലും കൂടുതൽ തുക നേടാനായി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നുമുതൽ ഓണനാളായ സെപ്റ്റംബർ നാലുവരെയുള്ള 31 ദിവസം കൊണ്ട് 385 കോടിയുടെ വിറ്റുവരവ് നേടിയെങ്കിൽ ഇത്തവണയത് 425 കോടിയിലെത്തി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് കോടികളുടെ വിറ്റുവരവ് നേടി. ചുരുങ്ങിയ ദിവസം കൊണ്ട് അഭിനന്ദനാർഹമായ നേട്ടമാണ് സപ്ലൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കൃഷി വകുപ്പിനു കീഴിലുള്ള ഹോർട്ടികോർപും ഓണം വിപണിയിലെ പച്ചക്കറി വിൽപനയിലൂടെ 10 കോടിയോളം രൂപയുടെ വിറ്റുവരവ് നേടി. കൂടാതെ കർഷക ചന്തകളും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലും പച്ചക്കറി വിപണിയിൽ സജീവ സാന്നിധ്യമായി. സംസ്ഥാനത്തെ 14,000ത്തോളം കർഷകരിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഓണവിപണിക്കായി ശേഖരിച്ചത്.
Tags : Supplyco Horticorp FarmersMarkets Products Sell Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash