District News
വൈക്കം: വൈക്കം നിയോജക മണ്ഡലം സപ്ലൈകോ ഓണം ഫെയർ 2026 വൈക്കം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾസലാംറാവുത്തർ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആദ്യ വില്പന നടത്തി.
വിലക്കുറവിൽ സപ്ലൈകോ ഓണസദ്യക്കുള്ള സാധനങ്ങൾ നാലുതരം കിറ്റുകളിലായാണ് അവതരിപ്പിക്കുന്നത്. സപ്ലൈകോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങളും ആകർഷകമായ വിലക്കുറവിലും പ്രത്യേക ഓഫറുകളിലും ഓണം ഫെയറിൽ ലഭിക്കും ചന്ത 25ന് സമാപിക്കും.
District News
റാന്നി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 25 വരെ റാന്നി ഇട്ടിയപ്പാറ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടത്തുന്ന ഓണം താലൂക്ക് ഫെയര്‍ പ്രവര്‍ത്തനോദ്ഘാടനം പഴകുളം മധു എംഎല്‍എ നിര്‍വഹിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദ്യവില്പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജ് മേമന, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു, ഡിപ്പോ മാനേജര്‍ കെ. ജെ. ജയശാലിനി, ഡിപ്പോ ജൂണിയര്‍ മാനേജര്‍ കെ. സജികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സജി ഇടിക്കുള, സമദ് മേപ്രത്ത്, രജീവ് താമരപ്പള്ളി, സജി നെല്ലുവേലില്‍ എന്നിവര്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, ഏത്തക്കായ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കും.
മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിക്കുന്ന 2026-ലെ ഓണം ഫെയറിന് തുടക്കമായി. 25 വരെയാണ് ഓണം ഫെയർ നടക്കുന്നത്.
ഓണം ഫെയറിന്റെ ഉദ്ഘാടനം വർഗീസ് മാമൻ എംഎൽഎ നിർവഹിച്ചു. . മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി. ജോർജ് ആദ്യ വില്പന നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, താലൂക്ക് സപ്ലൈ ഓഫീസർ ദിലീപ് കുമാർ. സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജർ ഇ.കെ. സുലേഖ, ജോൺസൺ കുര്യൻ, മധു ചെമ്പുകുഴി, ബാബു പാലയ്ക്കൽ, പ്രകാശ് കുമാർ വടക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ഓണവിപണിയില്‍ മുന്നേറ്റവുമായി സപ്ലൈകോ. ഈമാസം ഒന്നുമുതല്‍ ഇന്നലെ ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഇതില്‍ സബ്സിഡി ഇനത്തില്‍ 72 കോടി രൂപയും നോണ്‍സബ്സിഡി ഇനത്തില്‍ 135 കോടി രൂപയുമാണ് ലഭിച്ചത്. 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദര്‍ശിച്ചു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രത്യേകമായി സംഘടിപ്പിച്ച ഫെയറുകളില്നിന്നു മാത്രം ഏകദേശം രണ്ടു കോടിയുടെ വിറ്റുവരവും ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ഫെയറിലാണ്. ഇവിടെ 32 ലക്ഷത്തിന്റ വിറ്റുവരവാണുണ്ടായത്.
ഈമാസം 13 ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ ആരംഭിച്ച മെഗാ ട്രേഡ് ഫെയറില്‍നിന്ന് ഇതുവരെ 30 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു. എഎവൈ വിഭാഗത്തിനു സൗജന്യമായി നല്കുന്ന ആറു ലക്ഷം കിറ്റുകളില്‍ 4,32,000 എണ്ണം വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ചുകഴിഞ്ഞു. ഇന്ന് മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ ലഭ്യമാകുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണാഘോഷത്തിനായി ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു.
തൊഴിലാളികൾക്ക് 1,000 രൂപ വീതം മൂല്യമുള്ള ‘സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ്’ വിതരണം ചെയ്യാനായി സർക്കാർ 20.87 ലക്ഷം രൂപ അനുവദിച്ചു. ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽനിന്ന് സാധനം വാങ്ങാനാകും.
District News
പത്തനംതിട്ട: സപ്ലൈകോ ജില്ലാ ഓണം ഫെയറിനു തുടക്കമായി. പത്തനംതിട്ട റിംഗ് റോഡരികിൽ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം ആക്സിസ് ബാങ്കിന് സമീപം താഴെതെക്കേതില്‍ ബില്‍ഡിംഗ്സില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ ആര്. രാജീവ്, സപ്ലൈകോ കോട്ടയം അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ ഇ.ജി. മഞ്ജു, ഡിപ്പോ മാനേജര്‍ പ്രിയ സി. ശങ്കര്‍, ജൂണിയര്‍ മാനേജര്‍ എ.പി. ബിന്ദുമോള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സതീഷ് കൊച്ചുപറമ്പില്‍, എ. ഷംസുദീന്‍, സനോജ് മേമന, എന്‍. ബാബു വര്‍ഗീസ്, സമദ് മേപ്രത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി, ഫ്രീസെയില്‍ നിരക്കില്‍ ലഭിക്കും. അഞ്ച് മുതല്‍ 50 ശതമാനംവരെ ഡിസ്കൗണ്ടിനോടൊപ്പം പ്രത്യേക ഓഫറുകളോടെയും ഉത്പന്നങ്ങള്‍ ലഭിക്കും. ഹോര്‍ട്ടികോര്‍പ് പച്ചക്കറി സ്റ്റാള്‍, മില്‍മ, കുടുംബശ്രീ സ്റ്റാള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 25വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കും.
District News
പത്തനംതിട്ട: സപ്ലൈകോ ജില്ലാ ഓണം ഫെയര്‍ 2026 ഇന്നു മുതല്‍ 25 വരെ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം ആക്സിസ് ബാങ്കിന് സമീപം താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ നടത്തും.
ഇന്നു രാവിലെ 11ന് ആന്റോ ആന്റണി എംപി ഓണംഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ആദ്യവില്പന നടത്തും. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, സപ്ലൈകോ കോട്ടയം റീജണല്‍ മാനേജര്‍ എം. ജയപ്രകാശ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്സിഡി, ഫ്രീസെയില്‍ നിരക്കില്‍ ലഭിക്കും. ജനപ്രിയ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനംവരെ ഡിസ്കൗണ്ടിനോടൊപ്പം പൊതുവിപണിയില്‍ ലഭ്യമല്ലാത്ത പ്രത്യേക ഓഫറുകളോടുകൂടിയ ഉത്പന്നങ്ങളും ലഭിക്കും. ഹോര്‍ട്ടികോര്‍പ് പച്ചക്കറി സ്റ്റാളും മില്‍മയുടെയും കുടുംബശ്രീയുടെയും സ്റ്റാളുകളും പ്രവര്‍ത്തിക്കും.
Business
കൊച്ചി: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വില്പന നേടി. ഇതു കഴിഞ്ഞ ആറു മാസത്തെ ശരാശരി പ്രതിമാസവില്പനയെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവാണിത്. വില്പനയ്ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി.
സാധാരണയായി പ്രതിമാസം 33 മുതല്‍ 35 ലക്ഷം വരെ ഉപഭോക്താക്കളാണു സപ്ലൈകോ ഔട്ട്ലറ്റുകള് സന്ദര്‍ശിക്കാറുള്ളത്. കഴിഞ്ഞ മാസം ഇത് 37 ലക്ഷമായി ഉയര്‍ന്നു.
സപ്ലൈകോ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന് അറിയിച്ചു.
ഈ വില്പനവര്ധനയും ഉപഭോക്തൃവിശ്വാസവും ഓണക്കാല വില്പനയ്ക്ക് വലിയ ആത്മവിശ്വാസമാണു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈമാസം 400 കോടി രൂപയുടെ വില്പന കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണു സപ്ലൈകോ.
Kerala
തിരുവനന്തപുരം: സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടല്‍ സ്ഥാപനമാക്കി സപ്ലൈകോയെ മാറ്റുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വിളവെടുപ്പ് കാലത്ത് കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങി ആധുനിക ഗോഡൗണുകളില്‍ സംഭരിച്ചു വിപണിയില്‍ വില ഉയരുന്ന സമയത്ത് കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന മാതൃക സപ്ലൈകോയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
73,024 പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെയും 2000 അന്ത്യോദയ അന്നയോജന (എഎവൈ) റേഷന്‍ കാര്‍ഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ തന്നെ മുന്‍ഗണനാ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതു വിതരണ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഓണക്കാല വിപണി ഇടപെടലുകള്‍ക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്സിഡി സാധനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ. മുരളീധരന് മുഖ്യ പ്രഭാഷണം നടത്തി.
Kerala
തിരുവനന്തപുരം: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതന്പും വിപണിയിൽ എത്തിക്കും.
ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിന് സ്പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതന്പ് 8.70 രൂപയ്ക്കും നൽകും. സെപ്റ്റംബർ മാസത്തെ അരി ഉൾപ്പെടെയുള്ള സബ്സിഡി ഉത്പന്നങ്ങൾ കൂടി വാങ്ങാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് മാസത്തിൽ തന്നെ അതു നൽകും.
30 ഉന്നതികളിൽ കൂടി സഞ്ചരിക്കുന്ന റേഷൻ കടകൾ പുതുതായി ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് ഏഴിന് കാസർഗോഡ് നടക്കും. പുതുതായി ആറ് മാവേലി സൂപ്പർ സ്റ്റോറുകളും രണ്ട് സൂപ്പർ മാർക്കറ്റുകളും ആരംഭിക്കും. ഇതിനു പുറമെ വൈറ്റിലയിൽ കണ്‍വീനിയൻസ് സ്റ്റോറും ആരംഭിക്കും.
ഓണക്കാല വിപണി നിയന്ത്രണവിധേയമായി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കും. പ്രൈസ് മോണിട്ടറിംഗ് സെല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ നിർദേശം നൽകി. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനുമെതിരേ കർശനമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്ക്വാഡുകളുടെ പ്രവർത്തനം അടുത്ത ആഴ്ച മുതൽ ആരംഭിക്കും.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്കു നൽകാനുള്ള പണത്തിൽ ഫെബ്രുവരി മാസം വരെയുള്ളത് നൽകിക്കഴിഞ്ഞു. ബാക്കി തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. അടുത്ത സീസണ് ആരംഭിക്കുന്നതിനു മുൻപ് കർഷകരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഫുഡ് ഗ്രെയിൻ എടിഎം പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. അർഹരായവർക്ക് ബിപിഎൽ കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയിൽ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സംഭവത്തിൽ ട്രോളുമായി സപ്ലൈകോയുടെ പരസ്യവാചകം. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പരസ്യചിത്രത്തിനൊപ്പമുള്ള വാചകമാണ് ഇതോടകം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
"നിലവാരത്തിൽ നീറ്റ്, ലീക്ക് ഇല്ലാത്ത പായ്ക്ക്' എന്നാണ് സപ്ലൈകോയുടെ പരസ്യവാചകം. ഇതോടൊപ്പം, മികച്ച ഗുണനിലവാരത്തിനായി ഒന്നിച്ച് നിൽക്കാം. സപ്ലൈകോ ജനങ്ങൾക്ക് നൽകുന്നത് ഭക്ഷ്യസുരക്ഷയുടെയും വിശ്വാസത്തിന്റെയും ഉറപ്പാണെന്നും കുറിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്കു സർക്കാർ 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചു.
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണു നടപടി.
മുൻ സർക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ, 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാം.
സർക്കാരിന്റെ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യർഥിച്ചിരുന്നു.
Kerala
കണ്ണൂർ: കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സപ്ലൈകോ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ? ബെവ്കോ- സപ്ലൈകോ ലയനം യാഥാർഥ്യമാകുമോ, അത് ഗുണം ചെയ്യുമോ? ആശങ്കകൾ അവസാനിക്കുന്നില്ല.
2026 മാർച്ച് 31 വരെയുള്ള സാന്പത്തിക വർഷത്തെ കണക്കു പ്രകാരം സപ്ലൈകോയുടെ കടബാധ്യത 4,169 കോടി രൂപയാണ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണു ഭീമമായ ബാധ്യത കാണുന്നത്.
ബാങ്കിൽനിന്നു വായ്പയെടുത്ത വകയും വിതരണക്കാർക്ക് നല്‍കാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാർക്ക് കൊടുക്കാനുള്ളത്.
എൽഡിഎഫ് സർക്കാർ 10 വർഷത്തിനിടെ അനുവദിച്ചത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽനിന്ന് ഇതുവരെ സപ്ലൈകോ കരകയറിയില്ല എന്ന് വ്യക്തം. സർക്കാർ നല്കുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടു പോകാൻ കഴിയുന്നില്ല എന്നതാണു സപ്ലൈകോ നേരിടുന്ന പ്രധാന വെല്ലുവിളി.
യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധവളപത്രമാണ് ഇപ്പോൾ മലയാളികൾക്കിടയിൽ പ്രധാന ചർച്ച. സാമ്പത്തിക പ്രതിസന്ധി മറികട ക്കാനായി ധവളപത്രത്തിൽ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദേശം ബെവ്കോ- സപ്ലൈകോ ലയനമാണ്.
ലയനം രക്ഷിക്കുമോ?
രണ്ട് ധ്രുവങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ ലയിപ്പിക്കുകയെന്ന ആവശ്യത്തിൽ പല കോണുകളിൽനിന്നു പലതരം അഭിപ്രായങ്ങളാണ് ഉയരുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിനു മുന്നിൽ ലഭ്യമായ ചുരുക്കം ചില മാർഗങ്ങളിൽ ലയനം ആകർഷകമാണ് എന്ന അഭിപ്രായമാണു ഭൂരിപക്ഷത്തിനും.
ലാഭത്തിൽ റിക്കാർഡുള്ള ബെവ്കോയും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സപ്ലൈകോയും ചേരുമ്പോൾ ഒരു സന്തുലനം സംഭവിക്കാം. ലയനത്തിനുശേഷം ഒരു കുടക്കീഴിൽ മദ്യവിതരണവും സിവിൽ സപ്ലൈസും പ്രത്യേക ഡിവിഷനുകളായി തുടരാം. എന്നാൽ, സപ്ലൈകോയുടെ നഷ്ടം ബെവ്കോയുടെ ലാഭവുമായി തട്ടിക്കിഴിക്കാനാകും.
ഇത് കോർപറേറ്റ് നികുതി ബാധ്യത വലിയ തോതിൽ കുറയ്ക്കും. ഇതുവഴി സപ്ലൈകോയെ നിലനിർത്താൻ സർക്കാർ നല്‍കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയുടെ സബ്സിഡി ബാധ്യത കുറയ്ക്കാനോ ഒഴിവാക്കാനോ സാധിച്ചേക്കുമെന്നു വിദഗ്ധർ പറയുന്നു.
ബെവ്കോ തണലാകുമോ ?
ബെവ്കോ കരുത്തുപകരുന്നതോടെ സപ്ലൈകോയ്ക്ക് സാന്പത്തികബാധ്യത പരിഹരിക്കാൻ കഴിയും. ആത്യന്തികമായി അതിന്റെ നേട്ടം സാധാരണക്കാർക്കു ലഭിക്കും. സബ്സിഡി സാധനങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തും. നഷ്ടം കാരണം പ്രതിസന്ധിയിലായ സപ്ലൈകോ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി ഉറപ്പാക്കാനും ഈ നീക്കം സഹായിച്ചേക്കും. പലർക്കും ജോലി നഷ്ടമാകില്ല.
ഭക്ഷ്യമന്ത്രി പറഞ്ഞത്
സംസ്ഥാന സർക്കാരിന് മുന്നിൽ സപ്ലൈകോയുടെ ബാധ്യത കടുത്ത പ്രതിസന്ധിയാണെന്നു ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് തന്നെ വ്യക്തമാക്കുന്നു. നിലവിൽ ഭക്ഷ്യവകുപ്പിൽ പെട്ടെന്ന് തീർക്കേണ്ട 3000 കോടിയോളം രൂപയുടെ വലിയ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് 2016ൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാന്പത്തിക പ്രതിസന്ധികളെയെല്ലാം മറികടക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണു മന്ത്രിയുടെ ഉറപ്പ്. അടിയന്തരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായവും നല്കിയാൽ സാധനങ്ങൾ ലഭ്യമാക്കാൻ വിതരണക്കാർ സന്നദ്ധമാകും. ഓണക്കാലം വരാനിരിക്കുന്നതിനാൽ സർക്കാർ ഇടപെടലും ആവശ്യമാണ്.
Kerala
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ആവേശം വാനോളമുയരുന്നതിനിടെ, ആരാധകർക്കായി പുത്തൻ ഓഫറുമായി സപ്ലൈകോ. 'സപ്ലൈകോ സോക്കർ ഇലവൻ' എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയിലൂടെ, ഫുട്ബോൾ ടീമുകൾ നേടുന്ന ഓരോ ഗോളിനും സപ്ലൈകോ ശബരി ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും. ജൂൺ 15 മുതൽ ഈ ഓഫർ പ്രാബല്യത്തിൽ വരും.
ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 വ്യത്യസ്ത ശബരി ഉത്പന്നങ്ങളുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവ്, ആ ടീമുമായി ബന്ധപ്പെട്ട ശബരി ഉത്പന്നത്തിന് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ ലഭ്യമാകും. ഉദാഹരണത്തിന്, ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. എന്നാൽ, പെനാൽറ്റി ഷൂട്ടൗട്ടിലൂടെ നേടുന്ന ഗോളുകളെ ഈ ഓഫറിനായി പരിഗണിക്കുന്നതല്ല.
ടീമുകളും അനുബന്ധ ശബരി ഉത്പന്നങ്ങളും
ബ്രസീൽ: ശബരി മഞ്ഞൾപ്പൊടി
അർജന്റീന: ശബരി പായസം മിക്സ്
ജർമനി: ശബരി അപ്പംപൊടി
നെതർലൻഡ്സ്: ശബരി സാമ്പാർപ്പൊടി
സ്പെയിൻ: ശബരി പുട്ടുപൊടി
ബെൽജിയം: ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗൽ: ശബരി മുളകുപൊടി
ക്രൊയേഷ്യ: ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട്: ശബരി ഉപ്പ്
മൊറോക്കോ: ശബരി ഹോട്ടൽ ബ്ലെൻഡ് ടീ
ഫ്രാൻസ്: ശബരി ഗോൾഡ് ടീ
ഈ ടീമുകളിൽ ഏതെങ്കിലും ഒന്ന് ലോകകപ്പ് കിരീടം ചൂടിയാൽ, ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ഉപഭോക്താക്കൾക്കായി അധിക വിലക്കുറവും സപ്ലൈകോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുട്ബോൾ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ പിന്തുണയ്ക്കുന്നതോടൊപ്പം സപ്ലൈകോ വഴി ലാഭകരമായി സാധനങ്ങൾ വാങ്ങാനും ഈ പദ്ധതി അവസരമൊരുക്കുന്നു.
Kerala
കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന് ഷെറിന് ഏബ്രഹാമിന്റെ സ്മരണയിൽ സപ്ലൈകോ ആലിന് ബ്രാന്‍ഡില്‍ ഇറക്കുന്ന നോട്ടുബുക്കുകളുടെ പ്രകാശനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു.
വിപണിയെ കണക്കാക്കി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഒരു പ്രവര്‍ത്തനവുമാണ് ആലിന് ബ്രാന്‍ഡില്‍ നോട്ട്ബുക്ക് ഇറക്കിയതിലൂടെ സപ്ലൈകോ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലിന്റെ മാതാപിതാക്കളായ അരുണ്‍ ഏബ്രഹാം, ഷെറിന് ആന്‍ ജോണ്‍ എന്നിവരെ ആദരിച്ചു. നോട്ടുബുക്കുകളുടെ ലോഗോയും കവര്‍ ഡിസൈനുകളും ചെയ്ത തേവര എസ്എച്ച് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ അനുമോദിച്ചു.
ഹൈബി ഈഡന് എംപി, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്, ആലിന്റെ പിതാവ് അരുണ്‍ ഏബ്രഹാം, ജനറല്‍ മാനേജര്‍ എം.യു. ബിജു, തേവര എസ്എച്ച് കോളജ് ഡയറക്ടര്‍ ബാബു ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. 14.50 മുതല്‍ 37രൂപ വരെയാണ് ആലിന് നോട്ടുബുക്കുകളുടെ വില. ചെറിയ കുട്ടികള്‍ക്കായുള്ള നോട്ടുബുക്ക്, അഞ്ചു ബുക്കുകളുടെ ഒരു സീരീസായാണു പ്രിന്റ് ചെയ്തിരിക്കുന്നത്.
District News
കോട്ടയം: ജില്ലയിലെ പുഞ്ചകൃഷി വിളവെടുപ്പില്‍ സപ്ലൈകോ നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത് 103 കോടി. മാര്‍ച്ച് 25നു ശേഷം ആരുടെയും അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. ജില്ലയില്‍ 16,773 കര്‍ഷകരില്‍ നിന്നും 6,04,84,816 കിലോഗ്രാം നെല്ലാണ് സംഭരിച്ചത്.
പുതിയ സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ തങ്ങളുടെ കാര്യംകൂടി പരിഗണിക്കണമെന്നാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. സര്‍ക്കാര്‍ ഗാരന്റിയില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നല്കിയ പണം സര്‍ക്കാര്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നെല്ല് സംഭരിക്കുമ്പോള്‍ നല്കുന്ന പാഡി രസീതിന് പണം നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കിട്ടാതെ ബാങ്കുകള്‍ക്കുള്ള വായ്പാതുക കൊടുക്കാനാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്.
പുതിയ സര്‍ക്കാര്‍ ബജറ്റ് അതരിപ്പിച്ച് നെല്ല് സംഭരണത്തിനുള്ള പണം ഉള്‍പ്പെടുത്തിയിട്ട് വേണം ബാങ്കുകളുടെ കുടിശിക തീര്‍ക്കാന്‍. സംഭരിച്ച നെല്ല് അരിയാക്കി മാറ്റി റേഷന്‍ കടകളിലൂടെ കാര്‍ഡ് ഉടമകള്‍ക്ക് വിറ്റതിന്റെ കൃത്യമായ കണക്ക് സമര്‍പ്പിച്ചാലേ കേന്ദ്ര ഫണ്ട് ലഭിക്കുകയുള്ളൂ.
സ്വര്‍ണം പണയംവച്ചും വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് ഭൂരിപക്ഷവും. പണം കിട്ടിയിട്ട് വേണം കടം വീട്ടാനും അടുത്ത കൃഷിക്ക് നിലം ഒരുക്കാനും. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നത്. അവിടെ 40 കോടിയേ ഇനി കൊടുക്കാനുള്ളൂ. അവിടെ കൃത്യമായി പണം നല്കാമെങ്കില് അതിലും കുറച്ച് നെല്ല് ഉത്പാദിപ്പിക്കുന്ന കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും എന്തുകൊണ്ട് നടക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ചോദ്യം.
നെല്ലുവില 40 രൂപയാക്കണം
കുമരകം: ഉത്പാദനച്ചെലവ് ഏറെ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ വില 40 രൂപയാക്കണമെന്നും വില കര്‍ഷകനു നല്‍കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് ബജറ്റില്‍ അനുവദിക്കണമെന്നും കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് പാഡി സെല്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വിരിപ്പു കൃഷി ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടിലെ കരിപ്പാടങ്ങള്‍ രണ്ടാമത് നെല്‍കൃഷി ഇറക്കാതെ മത്സ്യകൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പമ്പിംഗ് സബ്സിഡി അനുവദിക്കണമെന്നും പാടശേഖരങ്ങള്‍ക്ക് ചുറ്റും ഫാം റോഡ് നിര്‍മിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ പി.സി. ഇട്ടി പതിനെട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മണക്കുന്നേല്‍, അനില്‍ മലരിക്കല്‍, പാപ്പച്ചന് നേര്യംപറമ്പില്‍, സന്തോഷ് ചാന്നാനിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്‍കര്‍ഷകര്‍ സംഘടിക്കുന്നു സംയുക്ത പാടശേഖരസമിതി യോഗം 27ന്
തിരുവാര്‍പ്പ്: സംയുക്ത പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പാടശേഖരസമിതികളിലെ കര്‍ഷകരെ കൂട്ടിയോജിപ്പിച്ച് 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരം കവലയിലെ മണിയാകേരി പള്ളി ഹാളില്‍ ജില്ലയിലെ നെല്‍കര്‍ഷകര്‍ യോഗം ചേരും.
ഓരോ വര്‍ഷവും കൃഷി കഴിയുമ്പോള്‍ കടക്കെണിയിലേക്ക് മുങ്ങിപ്പോവുന്ന കര്ഷകന് അവനവന് വിതയ്ക്കുന്നതിന്റെ ഫലം, കിഴിവെന്ന പേരില്‍ മറ്റുള്ളവര്‍ കൊയ്തു കൊണ്ടുപോവുന്നത് നോക്കി നിന്ന് നെടുവീര്‍പ്പിടുന്ന അവസ്ഥ മാറണമെന്നാവശ്യപ്പെട്ടാണ് സംഘടിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ട നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് പരാതി സമര്‍പ്പിക്കുന്നതിനും പരിഹാരമായില്ലെങ്കില്‍ കൃഷിതന്നെ ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് പോവുന്നതിനുമാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷക വര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടി എല്ലാ ഭിന്നതകളും മറന്ന് നെല്കര്ഷകന് എന്ന ചിന്തയില്‍ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ക്കായി പോരാടണമെന്നും എല്ലാ കര്‍ഷകരും യോഗത്തില്‍ പങ്കുചേര്‍ന്ന് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കണമെന്നും സംഘാടക സമിതി കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Business
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികൾക്കുള്ള ആദരസൂചകമായി സപ്ലൈകോ നടപ്പാക്കിയ ‘വിമൻസ് 11’ ഓഫറിന് വൻ പ്രതികരണം.
മേയ് 11 മുതൽ 11 ദിവസത്തേക്ക് നൽകിയ ഓഫറിൽ 1,77,476 വനിത ഉപഭോക്താക്കളാണ് സാധനങ്ങൾ വാങ്ങിയത്. രണ്ടര കോടി രൂപയുടെ 11 ശബരി ഉത്പന്നങ്ങളാണ് മേയ് 21 വരെ നടത്തിയ ഈ ഓഫർ മുഖേന ജനങ്ങളിലേക്ക് എത്തിയത്.
ശബരി വെളിച്ചെണ്ണ, അപ്പം പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കുറവിൽ വനിതാ ഉപഭോക്താക്കൾക്ക് നൽകിയത്.
ഇവയിൽ ശബരി വെളിച്ചെണ്ണയ്ക്കാണ് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. 85,000 ലിറ്റർ ശബരി വെളിച്ചെണ്ണയും 35 ടണ്ണോളം ശബരി പുട്ടുപൊടിയും അപ്പം പൊടിയുമാണ് ഈ ഓഫറിൽ ഉപഭോക്താക്കൾ വാങ്ങിയത്.
വനിതാ നേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം, സ്ത്രീകൾ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്കിനെയും ഉയർത്തിക്കാട്ടുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
Business
കൊച്ചി: പെരുന്നാളിനോട് അനുബന്ധിച്ച് സപ്ലൈകോ പത്തിനം സാധനങ്ങള്‍ അടങ്ങിയ ബക്രീദ് സ്പെഷല്‍ കിറ്റ് ഒരുക്കി.
സപ്ലൈകോ വില്പനശാലകളില് 26 വരെ കിറ്റ് ലഭിക്കും. 1101 രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് 850 രൂപയ്ക്കു നല്‍കുന്നത്.
മൂന്നു കിലോ ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പപ്പൊടി, ശബരി ബ്രാന്‍ഡിലുള്ള 250 ഗ്രാം ഗോള്‍ഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കന്‍ മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണു കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉള്‍പ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.
Business
കൊച്ചി: സംസ്ഥാന നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വനിതാ ജനപ്രതിനിധികള്‍ക്കുള്ള ആദരസൂചകമായി ഈ മാസം 11 മുതല്‍ 11 ദിവസത്തേക്ക് 11 തെരഞ്ഞെടുത്ത ശബരി ഉത്പന്നങ്ങള്‍ 11 ശതമാനം വിലക്കുറവില്‍ വനിതാ ഉപഭോക്താക്കള്‍ക്കു സപ്ലൈകോ ലഭ്യമാക്കും.
വനിതാനേതൃത്വത്തെ ആദരിക്കുന്നതോടൊപ്പം സ്ത്രീകള്‍ വീടുകളിലും സമൂഹത്തിലും വഹിക്കുന്ന നിര്‍ണായക പങ്കിനെ ഉയര്‍ത്തിക്കാട്ടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശബരി വെളിച്ചെണ്ണ, അപ്പപ്പൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോള്‍ഡ് ചായപ്പൊടി, ഹോട്ടല്‍ ബ്ലെന്‍ഡ് ചായപ്പൊടി എന്നിവയാണു 11 ശതമാനം വിലക്കുറവില്‍ വനിതാ ഉപഭോക്താക്കള്‍ക്ക് 21 വരെ നല്‍കുക.
Business
കൊച്ചി: റംസാന് പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന് നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്കു നല്‍കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, 20 ഗ്രാം ഏലക്കായ, 50 ഗ്രാം അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 വരെയാണ് ഈ ഓഫര്‍.
Kerala
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
District News
കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പര്‍ മാര്‍ട്ട് ഇന്നു മുതല്‍ സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ടായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു.
ഇന്നു രാവിലെ 10ന് മന്ത്രി ജി.ആര്. അനില്‍ സിഗ്നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ കോര്‍പറേറ്റ് ഹൈപ്പര്‍ മാര്ട്ടുകളോട് കിടപിടിക്കുന്ന രീതിയില്‍ മികച്ച നിലവാരത്തിലാണ് സിഗ്നേച്ചര്‍ മാര്‍ട്ട് ഇനി മുതല്‍ പ്രവര്‍ത്തിക്കുക. അതിവിപുലമായ ഡിസ്പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പാല്, ശീതള പാനീയങ്ങള്‍, മുട്ട അടക്കമുള്ളവയും പുതുതായി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ എല്ലാവിധ സബ്സിഡി ഉത്പന്നങ്ങള്‍ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദര്‍ശകരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാഗ്യശാലികള്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഫെബ്രുവരി 20 വരെ വലന്റൈന്‍സ് ഡേ മുന്‍നിര്‍ത്തി 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും 500 രൂപയ്ക്ക് മുകളില്‍ ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. സ്വകാര്യ കമ്പനികളുടെ സ്പോണ്സര്ഷിപ്പില് നവീകരിച്ച കോട്ടയത്തെ ആദ്യത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് കൂടിയാണിത്.
കണ്ണൂരിലാണ് ആദ്യത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് തുടങ്ങിയത്. എറണാകുളത്തെ സിഗ്നേച്ചര്‍ മാര്‍ട്ട് നിര്‍മാണ ഘട്ടത്തിലുമാണ്.
Kerala
കണ്ണൂർ: സപ്ലൈകോയുടെ സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശേരിയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്.
പുതിയ കാലത്തിനനുസരിച്ച് സപ്ലൈകോ വിൽപ്പനശാലകളും പരിഷ്കരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് സിഗ്നേച്ചർമാർട്ടിൽ വിലക്കുറവും ഉണ്ടായിരിക്കും. ഓരോ ജില്ലയിലും ഒരു സിഗ്നേച്ചർമാർട്ട് വീതം സ്ഥാപിക്കാനാണ് സപ്ലൈകോ പദ്ധതിയിടുന്നത്.
40 ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വിപണി വില അനിയന്ത്രിതമായി ഉയർന്നപ്പോൾ സപ്ലൈകോ വിപണിയിൽ ഇടപെട്ട് വില നിയന്ത്രിച്ചു. നിലവിൽ സപ്ലൈകോ വിൽപ്പനശാലകളിൽ സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 309 രൂപ നിരക്കിലാണ് നൽകുന്നത്.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 20 കിലോ അരി 25 രൂപ നിരക്കിലും സപ്ലൈകോ നൽകിവരുന്നു. ഇങ്ങനെ സാധാരണക്കാർക്ക് വലിയതോതിൽ താങ്ങാവുകയാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങൾ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ഗൾഫ് രാജ്യങ്ങളിലും വിൽക്കുന്നതിനുള്ള നടപടികളെടുത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശേരിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. തലശേരിയിലെ ഹൈപ്പർമാർക്കറ്റാണ് സിഗ്നേച്ചർ മാർട്ടായി ഉയർത്തുന്നത്.
ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലാണ് സിഗ്നേച്ചർ മാർട്ടിന്റെ രൂപകൽപന. കോർപറേറ്റ് റീട്ടെയിൽ വിൽപനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ, സിഗ്നേച്ചർമാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുണ്ടായിരിക്കും.
ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് എന്ന ഏജൻസി ഡിസൈൻ ചെയ്ത സിഗ്നേച്ചർ മാർട്ട് സപ്ലൈകോ യാഥാർഥ്യമാക്കിയത് ടീം തായിയുടെ സഹകരണത്തോടെയാണ്.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
Kerala
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല.
വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല.
തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരുമ വേണം
വരമ്പത്ത് വേതനം എന്ന സാഹചര്യം പ്രായോഗികമായി നടപ്പാകണമെങ്കില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പണവും നെല്ല് സംഭരണത്തിന് സംവിധാനവും സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഒരുമയും ആവശ്യമാണ്. മാത്രവുമല്ല സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് വേണ്ടത്ര ഫണ്ട് മുന്‍കൂര്‍ നല്‍കുകയും വേണം. നിലവില്‍ സപ്ലൈകോവഴി സ്വകാര്യ മില്ലുകാര്‍ നെല്ല് കൊണ്ടുപോകുമ്പോള്‍ നേരിടുന്ന ചൂഷണം അവസാനിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് ഇലക്ഷന് മുന്നില്‍ കണ്ടുള്ള അപ്രായോഗിക നീക്കമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ സംവിധാനത്തില്‍ കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയത് സഹകരണ ബാങ്കുകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു. എന്നാല്‍ കേരള ബാങ്ക് നെല്ല് സംഭരണത്തിനുള്ള തുക ലോണായി അനുവദിച്ചാല്‍ അത് കേരളബാങ്കിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും.
എവിടെ സൂക്ഷിക്കും?
കേരള ബാങ്കു വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെങ്കിലും സംഭരിക്കുന്ന നെല്ല് എവിടെ സൂക്ഷിക്കുമെന്നതില്‍ വ്യക്തത വന്നിട്ടല്ല. അരിക്കമ്പനികള്‍ വഴി സംഭരണം നടത്താനാണ് തീരുമാനമെങ്കില്‍ അവര്‍ പദ്ധതിയോട് സഹകരിക്കാനിടയില്ല. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി മറിച്ചു വിറ്റു കിട്ടുന്ന ലാഭത്തിനു പുറമെ പൊടിയരി, ഉമി, തവിട് തുടങ്ങിയവയും മില്ലുകാരുടെ വരുമാനമായിരുന്നു.
നോഡല്‍ സംഘം
ജില്ലാ, താലൂക്ക് തലങ്ങളില്‍ സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കര്‍ഷകരുടെയും ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘം രൂപീകരിക്കാനാണ് നീക്കം. നോഡല്‍ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ വാടകയ്ക്കെടുക്കുന്ന മില്ലുകളിലോ സ്വകാര്യ മില്ലുകള്‍ വഴിയോ നെല്ല് സംസ്കരണം നടത്തുമെന്ന് പറയുന്നു. നെല്ല് സംഭരണം, തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്. അടുത്ത കൊയ്ത്ത് തുടങ്ങാന്‍ രണ്ടര മാസം മാത്രം ശേഷിക്കേ ഇത്രയും സംവിധാനമൊരുക്കുക എളുപ്പമല്ല.
District News
മാനന്തവാടി: വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ട അലോട്ട്മെന്റ് നടപടികൾ കൃഷിവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാരണമെന്ന് കർഷകർ പറഞ്ഞു.
മാനന്തവാടി താന്നിക്കൽ വേമം പാടശേഖരത്തിലെ കർഷകരാണ് നെല്ല് സംഭരണം വൈകുന്നതിൽ ആശങ്കയിലായിരിക്കുന്നത്. 180 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാനപ്പെട്ട നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കൽ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.
പലയിടങ്ങളിലും നെൽകൃഷി നഷ്ടത്തിലാകുന്പോൾ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ കൊയ്ത്ത് നടന്നയുടൻ തന്നെ സംഭരണം നടന്നിരുന്നു. എന്നാൽ ഇത്തവണ കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സംഭരണം നടന്നിട്ടില്ല.
കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളിൽ ചാക്കുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയിലാണ്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇത്തവണ നെല്ല് സംഭരിക്കുകയെന്നാണ് സപ്ലൈക്കോ അറിയിച്ചിരിക്കുന്നത്. എന്നാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം വൈകുന്നതിനാൽ കുറഞ്ഞവിലയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് നല്കി നെല്ല് ഒഴിവാക്കാള്ള ആലോചനയിലാണ് ചില കർഷകർ.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അലോട്ട്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ഏതൊക്കെ മില്ലുകളിലേക്കാണ് നെല്ല് സംഭരണം നടത്താനാകുക എന്ന് തീരുമാനത്തിലെത്താനാകൂ. നെല്ല് സംഭരിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാണ് കർഷകരുടെ ആവശ്യം.
Business
കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നുവരെയുള്ള പത്തു ദിവസത്തെ കണക്കാണിത്.
36.06 കോടി രൂപയാണു സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും ആറു ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സപ്ലൈകോ സംഘടിപ്പിച്ചത്. പ്രത്യേക ഫെയറുകളില്നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇതില്‍ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.
ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.
സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടന്നു.
സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവിൽ 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാകുന്നത് പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് രണ്ടു ലിറ്ററായി വർധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.
ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/ പുഴുക്കലരി നൽകിവന്നിരുന്നത് തുടർന്നും സ്ഥിരമായി നൽകാൻ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.
ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ചു രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25 ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടയ് ക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും.
ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉത്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകുന്നേരം അഞ്ചിനുമുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ ആറ് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകൾ. 250 കോടി രൂപയുടെ വിൽപ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.
District News
കോട്ടയം: സപ്ലൈകോ ഔട്ട്ലെറ്റുകളും കാലിയായി. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങളില്‍ അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുന്നു. ഈ സാധനങ്ങളുടെ വില പൊതുവിപണിയിലെതിനെക്കാള് 35 ശതമാനം കുറവായതിനാല്‍ ഏറെപ്പേരാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. ഉഴുന്നും പരിപ്പും പയറും കടലയും മിക്ക് ഔട്ട്ലെറ്റുകളിലുമില്ല. കോട്ടയത്ത് കുറെ സാധനങ്ങളുടെ സ്റ്റോക്ക് എത്തിയെങ്കിലും പാക്കിംഗ് നടക്കാത്താത്തതിനാല് വിതരണമില്ല.
നിലവില്‍ വെളിച്ചെണ്ണ മാത്രമാണ് സ്റ്റോക്കുള്ളത്. എട്ടു കിലോ കുത്തരിയും രണ്ടു കിലോ പച്ചരിയും സബ്സിഡി നിരക്കില്‍ ഓരോ കാര്‍ഡിനും ലഭിക്കേണ്ടതാണ്. മല്ലിയും മുളകും അരക്കിലോയും മറ്റ് സാധനങ്ങള്‍ ഒരു കിലോയുമാണു വാങ്ങാനാകുക. ഓണത്തിന് സാധനങ്ങള്‍ വാങ്ങിയ കരാറുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക പെരുകിയതോടെയാണ് സപ്ലൈകോ കാലിയായത്.
Kerala
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലിനായി 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.
Kerala
കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്റെ കാലമാണെന്നും അതിനാൽ മാർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.
ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.
District News
വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.