കോട്ടയം: ജില്ലയിലെ പുഞ്ചകൃഷി വിളവെടുപ്പില്‍ സപ്ലൈകോ നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത് 103 കോടി. മാര്‍ച്ച് 25നു ശേഷം ആരുടെയും അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. ജില്ലയില്‍ 16,773 കര്‍ഷകരില്‍ നിന്നും 6,04,84,816 കിലോഗ്രാം നെല്ലാണ് സംഭരിച്ചത്.
പുതിയ സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ തങ്ങളുടെ കാര്യംകൂടി പരിഗണിക്കണമെന്നാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്. സര്‍ക്കാര്‍ ഗാരന്റിയില്‍ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നല്കിയ പണം സര്‍ക്കാര്‍ തിരിച്ചടയ്ക്കാത്തതിനാല്‍ നെല്ല് സംഭരിക്കുമ്പോള്‍ നല്കുന്ന പാഡി രസീതിന് പണം നല്കാന് ബാങ്കുകള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കിട്ടാതെ ബാങ്കുകള്‍ക്കുള്ള വായ്പാതുക കൊടുക്കാനാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കൈമലര്‍ത്തുകയാണ്.
പുതിയ സര്‍ക്കാര്‍ ബജറ്റ് അതരിപ്പിച്ച് നെല്ല് സംഭരണത്തിനുള്ള പണം ഉള്‍പ്പെടുത്തിയിട്ട് വേണം ബാങ്കുകളുടെ കുടിശിക തീര്‍ക്കാന്‍. സംഭരിച്ച നെല്ല് അരിയാക്കി മാറ്റി റേഷന്‍ കടകളിലൂടെ കാര്‍ഡ് ഉടമകള്‍ക്ക് വിറ്റതിന്റെ കൃത്യമായ കണക്ക് സമര്‍പ്പിച്ചാലേ കേന്ദ്ര ഫണ്ട് ലഭിക്കുകയുള്ളൂ.
സ്വര്‍ണം പണയംവച്ചും വായ്പയെടുത്തും കൃഷിയിറക്കിയ കര്‍ഷകരാണ് ഭൂരിപക്ഷവും. പണം കിട്ടിയിട്ട് വേണം കടം വീട്ടാനും അടുത്ത കൃഷിക്ക് നിലം ഒരുക്കാനും. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നത്. അവിടെ 40 കോടിയേ ഇനി കൊടുക്കാനുള്ളൂ. അവിടെ കൃത്യമായി പണം നല്കാമെങ്കില് അതിലും കുറച്ച് നെല്ല് ഉത്പാദിപ്പിക്കുന്ന കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും എന്തുകൊണ്ട് നടക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ചോദ്യം.
നെല്ലുവില 40 രൂപയാക്കണം
കുമരകം: ഉത്പാദനച്ചെലവ് ഏറെ വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ വില 40 രൂപയാക്കണമെന്നും വില കര്‍ഷകനു നല്‍കുന്നതിനായി റിവോള്‍വിംഗ് ഫണ്ട് ബജറ്റില്‍ അനുവദിക്കണമെന്നും കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് പാഡി സെല്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
വിരിപ്പു കൃഷി ചെയ്യുന്ന അപ്പര്‍ കുട്ടനാട്ടിലെ കരിപ്പാടങ്ങള്‍ രണ്ടാമത് നെല്‍കൃഷി ഇറക്കാതെ മത്സ്യകൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പമ്പിംഗ് സബ്സിഡി അനുവദിക്കണമെന്നും പാടശേഖരങ്ങള്‍ക്ക് ചുറ്റും ഫാം റോഡ് നിര്‍മിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ പി.സി. ഇട്ടി പതിനെട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസുകുട്ടി മണക്കുന്നേല്‍, അനില്‍ മലരിക്കല്‍, പാപ്പച്ചന് നേര്യംപറമ്പില്‍, സന്തോഷ് ചാന്നാനിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
നെല്‍കര്‍ഷകര്‍ സംഘടിക്കുന്നു സംയുക്ത പാടശേഖരസമിതി യോഗം 27ന്
തിരുവാര്‍പ്പ്: സംയുക്ത പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പാടശേഖരസമിതികളിലെ കര്‍ഷകരെ കൂട്ടിയോജിപ്പിച്ച് 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരം കവലയിലെ മണിയാകേരി പള്ളി ഹാളില്‍ ജില്ലയിലെ നെല്‍കര്‍ഷകര്‍ യോഗം ചേരും.
ഓരോ വര്‍ഷവും കൃഷി കഴിയുമ്പോള്‍ കടക്കെണിയിലേക്ക് മുങ്ങിപ്പോവുന്ന കര്ഷകന് അവനവന് വിതയ്ക്കുന്നതിന്റെ ഫലം, കിഴിവെന്ന പേരില്‍ മറ്റുള്ളവര്‍ കൊയ്തു കൊണ്ടുപോവുന്നത് നോക്കി നിന്ന് നെടുവീര്‍പ്പിടുന്ന അവസ്ഥ മാറണമെന്നാവശ്യപ്പെട്ടാണ് സംഘടിക്കുന്നത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ട നടപടികള്‍ക്കായി സര്‍ക്കാരിലേക്ക് പരാതി സമര്‍പ്പിക്കുന്നതിനും പരിഹാരമായില്ലെങ്കില്‍ കൃഷിതന്നെ ഉപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് പോവുന്നതിനുമാണ് കര്‍ഷകരുടെ തീരുമാനം.
കര്‍ഷക വര്‍ഗത്തിന്റെ നിലനില്‍പ്പിനുവേണ്ടി എല്ലാ ഭിന്നതകളും മറന്ന് നെല്കര്ഷകന് എന്ന ചിന്തയില്‍ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ക്കായി പോരാടണമെന്നും എല്ലാ കര്‍ഷകരും യോഗത്തില്‍ പങ്കുചേര്‍ന്ന് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കണമെന്നും സംഘാടക സമിതി കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : nattu vishesham Supplyco Rs 103 crore