x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുളവുകാട് പോലീസ് കൈപിടിച്ചു; നാലു വര്‍ഷത്തിന് ശേഷം രാഷ്ട്രപാല്‍ ജന്മനാട്ടിലേക്ക്

സീമ മോഹന്‍ലാല്‍
Published: August 18, 2026 10:49 AM IST | Updated: August 18, 2026 10:49 AM IST

രാഷ്ട്രപാല്‍ മുളവുകാട് പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം

കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം എറണാകുളം വൈറ്റില ജംഗ്ഷനില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ബസില്‍ കയറുമ്പോള്‍ രാഷ്ട്രപാല്‍ എന്ന 37കാരന്‍ മുളവുകാട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എക്‌സ്. തോമസിന്‍റെ കാലുകള്‍ തൊട്ടുതൊഴുതു. ബസിനടുത്തേക്ക് നടന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.

'തോമസ് സര്‍ ശുക്രിയ, ആപ്പ് മേരേ ബഡേ ഭായി ഹൊ. മേ അപ്നെ ജീവന്‍ മേ ആപ്പ് കോ കഭി നഹി ഭൂലേങ്കേ..' നിറമിഴികളോടെ കൈകളില്‍ പിടിച്ച് രാഷ്ട്രപാല്‍ പറഞ്ഞു. ആ നന്ദിപറച്ചിലില്‍ എസ്‌ഐ തോമസിന്‍റെയും എഎസ്‌ഐ സജിമോന്‍റെയും എസ് സിപിഒ അനിരുദ്ധന്‍റെയും കണ്ണുകളിലും നനവ് പടര്‍ന്നു. കാരണം കഴിഞ്ഞ ഒരു മാസത്തോളം അനാഥനെന്നു കരുതി തങ്ങള്‍ ഭക്ഷണം നല്‍കി സംരക്ഷിച്ച ഒരാളെ നാലു വര്‍ഷത്തിനു ശേഷം സ്വന്തം കുടുംബത്തിനൊപ്പം പറഞ്ഞുവിടുന്നതിന്‍റെ ചാരിതാര്‍ഥ്യം അവര്‍ക്കെല്ലാമുണ്ടായിരുന്നു.

ചെറിയ മാനസികാസ്വാസ്ഥ്യം മൂലം വര്‍ഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി രാഷ്ട്രപാല്‍ മനോഹര്‍ ചഹാണ്ടെ (37) യാണ് മുളവുകാട് പോലീസിന്‍റെ ഇടപെടലില്‍ തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ രാഷ്ട്രപാല്‍ ജൂലൈ മുതല്‍ മുളവുകാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ഇടയ്‌ക്കൊക്കെ വെള്ളം കുടിക്കാനെത്തിയിരുന്ന രാഷ്ട്രപാലിന് എസ്‌ഐ തോമസും, എഎസ്‌ഐ സജിമോനും, എസ് സിപിഒ അനിരുദ്ധനും ഭക്ഷണം വാങ്ങിനല്‍കിയിരുന്നു. ‌

അവരുമായി പെട്ടെന്ന് ഇണങ്ങിയ ഇയാള്‍ സംസാരത്തിനിടയിലാണ് അഹമ്മദ്‌നഗറിലെ വി.കെ. പാട്ടീല്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എംടെക് നേടിയതും കാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയില്‍ ഉയര്‍ന്ന ജോലി രണ്ടു വര്‍ഷം ചെയ്തതുമൊക്കെ പോലീസുകാരോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് ഇയാള്‍ക്ക് മാനസിക ചികിത്സ നല്‍കി. ഇദ്ദേഹം പറഞ്ഞ വിലാസത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും മുളവുകാട് പോലീസ് ബന്ധപ്പെട്ടു. ഒടുവില്‍ നാഗ്പുരിലുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സഹോദരി പ്രിയങ്ക സിദ്ധാര്‍ഥ് ഭാഷര്‍കര്‍, ഇവരുടെഭര്‍ത്താവ് അമന്‍ സമ്ദ്താരോ രാംതെ, അമ്മയുടെ സഹോദരി രേഖ സിദ്ധാര്‍ഥ് ഭാഷര്‍കര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ മുളവുകാട് പോലീസ് സ്‌റ്റേഷനിലെത്തിയത്.

ബന്ധുക്കള്‍ കുട്ടിക്കാലത്തെ ഫോട്ടോകളും മറ്റും കാണിച്ചതോടെ രാഷ്ട്രപാല്‍ ഇവരെ തിരിച്ചറിഞ്ഞു. മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ ഇദ്ദേഹം ഇവരുടെ വിവാഹ ശേഷവും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് 2019 മുതല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും 2022 മുതല്‍ കാണാതായതും. അന്നു മുതല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ബന്ധുക്കളെ തിരിച്ചറിഞ്ഞ രാഷ്ട്രപാലിനെ പോലീസ് വീണ്ടും മനോരോഗ വിദഗ്ധന്‍റെ അടുത്തെത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ജീപ്പില്‍ വൈറ്റില ജംഗ്ഷനില്‍ എത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ക്കൊപ്പം രാഷ്ട്രപാല്‍ ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ നിന്ന് ഇന്ന് ജന്മനാട്ടിലേക്ക് എത്തും.

Tags : Police Intestate Migrant Maharashtra Kochi

Recent News

Corehub Up